ക്ഷോഭമല്ല, വ്യക്തമായ ഉത്തരമാണ് മുഖ്യമന്ത്രി നൽകേണ്ടതെന്ന് ചെന്നിത്തല

ramesh-chennithala-new-1200
SHARE

തിരുവനന്തപുരം∙ സ്വർണക്കടത്തു മുതൽ ലൈഫ് മിഷൻ തട്ടിപ്പു വരെയുള്ള വീഴ്ചകളിലും അഴിമതികളിലും ക്ഷോഭമല്ല വ്യക്തമായ മറുപടിയാണു മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇത്രയേറെ ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട മറ്റൊരു സർക്കാരുമില്ല. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചാൽ ലോകം മുഴവൻ ഇരുളാവുകയില്ല. കെട്ടുകഥകളെന്നു പറയുമ്പോൾ ഏതാണു കെട്ടുകഥയെന്നു വ്യക്തമാക്കണം. സ്വപ്ന സുരേഷിനും സംഘത്തിനും എല്ലാ സഹായവും ചെയ്തു കൊടുത്തതു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണെന്നു തെളിഞ്ഞു.

കേന്ദ്ര ഏജൻസികൾ മാറിമാറി ശിവശങ്കറെ ചോദ്യം ചെയ്തു. ഇതൊന്നും കെട്ടുകഥയല്ലല്ലോ. പ്രോട്ടോക്കോൾ ലംഘിച്ചു നയതന്ത്ര ചാനൽ വഴി മന്ത്രി കെ.ടി.ജലീൽ പാക്കറ്റുകൾ ഇറക്കുമതി ചെയ്തതിന്റെ തെളിവുകൾ പിന്നാലെ പുറത്തു വരികയും മന്ത്രിയെ ഇഡി ചോദ്യം ചെയ്യുകയുമുണ്ടായി. ഇതും കെട്ടുകഥയല്ലല്ലോ. 

നയതന്ത്ര ബാഗേജ് വഴിയുള്ള ഇറക്കുമതിയുടെ വിവരം കേന്ദ്ര ഏജൻസികൾ ആരാഞ്ഞതിനു തൊട്ടുപിന്നാലെ സുപ്രധാന ഫയലുകൾ സൂക്ഷിച്ചിരുന്ന ഓഫിസിൽ മാത്രം തീ പിടിച്ചതും കെട്ടിച്ചമച്ച കഥയാണോ.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനു ലഹരി മരുന്നു സംഘവുമായി ബന്ധമുണ്ടെന്ന ആക്ഷേപം പുറത്തുവന്നതും ചോദ്യം ചെയ്തതും സാങ്കൽപിക കഥയാണോ. സ്വർണ്ണക്കടത്തു സംഘവുമായും ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ ഇതിനിടെ പുറത്തു വന്നു. 

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ടു മന്ത്രി തോമസ് ഐസക് അടക്കം സ്ഥിരീകരിച്ച കമ്മിഷൻ ഇടപാടു ഭാവനയിൽ മെനഞ്ഞതാണോ. അന്തരീക്ഷം കൂടുതൽ മലിനപ്പെടുന്നതിനു മുൻപു രാജി വച്ച് ഒഴിയുകയാണ് അഭികാമ്യം–ചെന്നിത്തല പറഞ്ഞു.

അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് ആശങ്ക : കെ.സുരേന്ദ്രൻ

തിരുവനന്തപുരം∙ അന്വേഷണ ഏജൻസികൾ എപ്പോഴാണു തന്നിലേക്ക് എത്തുന്നതെന്ന ആശങ്കയിലാണു പിണറായി വിജയനെന്നും ആരുടെ സമനിലയാണു തെറ്റിയതെന്നു മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനം കണ്ടാൽ മനസ്സിലാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

ലൈഫ് ഭവന പദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട കമ്മിഷന്റെ ഒരു പങ്ക് മുഖ്യമന്ത്രിക്കുള്ളതായിരുന്നെന്ന ആരോപണം ആവർത്തിച്ച സുരേന്ദ്രൻ അതു തെളിയുക തന്നെ ചെയ്യുമെന്നും പറഞ്ഞു.ബിജെപി സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒ.രാജഗോപാൽ എംഎൽഎ, മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവരും പ്രസംഗിച്ചു.  മുഖ്യമന്ത്രിയുടെയും മന്ത്രി കെ.ടി.ജലീലിന്റെയും രാജി ആവശ്യപ്പെട്ടുള്ള മാർ‌ച്ചിൽ വനിതകൾ ഉൾപ്പെടെ നൂറുകണക്കിനു പേർ പങ്കെടുത്തു.

മുഖ്യമന്ത്രി കണ്ണുരുട്ടി പേടിപ്പിക്കേണ്ട: എം.ടി.രമേശ്

കോഴിക്കോട്∙ ബിജെപി സംസ്ഥാന പ്രസിഡന്റ് ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണുരുട്ടിയും പേടിപ്പിച്ചും ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.

വാർത്താസമ്മേളനത്തിലൂടെയല്ല മറുപടി പറയുകയെന്ന് പിണറായി പറഞ്ഞു.  . ഇങ്ങനെ പലർക്കും മുൻപ് മറുപടി കൊടുത്തതിന്റെ ചരിത്രം പിണറായിക്കുണ്ട്. അങ്ങനെ മറുപടി കൊടുക്കാമെന്ന വെല്ലുവിളിയാണെങ്കിൽ ഏറ്റെടുക്കാൻ ബിജെപി തയാറാണ് – രമേശ് പറഞ്ഞു. 

മുഖ്യമന്ത്രിയുടെ കുടുംബത്തിന് സ്വപ്നയുമായി ബന്ധം: സന്ദീപ് വാരിയർ

മലപ്പുറം ∙ മുഖ്യമന്ത്രിയുടെ കുടുംബത്തിന് സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാരിയർ. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ആരോപണത്തോട് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചതിനു പിന്നാലെയാണ് ആരോപണം ആവർത്തിച്ച് സംസ്ഥാന വക്താവും രംഗത്തെത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA