മന്ത്രി ജലീലിന്റെ രാജിക്കായി പ്രതിഷേധം; സംഘർഷം

kt-jaleel-strike
തുടരുന്ന പ്രക്ഷോഭം...: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത്‌ കോൺഗ്രസ് വനിത പ്രവർത്തകർ മന്ത്രിയുടെ തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയിലേക്കു നടത്തിയ മാർച്ചിനിടെ പ്രവർത്തകർ മതിൽ ചാടിക്കയറാൻ ശ്രമിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്ന പൊലീസ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
SHARE

തിരുവനന്തപുരം ∙ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെങ്ങും യുവജന സംഘടനകളുടെ പ്രതിഷേധം തുടരുന്നു.  മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ മതിലും ഗേറ്റും ചാടിക്കടക്കാൻ ശ്രമിച്ചതു കാവലുണ്ടായിരുന്ന പുരുഷ പൊലീസ് സംഘത്തെ വലച്ചു.

9 വനിതാ പ്രവർത്തകരാണു റോഡിലെ പൊലീസ് കാവൽ വെട്ടിച്ചു മന്ത്രിവസതിക്കു മുന്നിലെത്തിയത്. 20 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ വനിതാ പൊലീസ് എത്തി പിടിയും വലിയുമായി ഏറെ പണിപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്. 

മുഖ്യമന്ത്രിയുടെയും കെ.ടി. ജലീലിന്റെയും രാജി ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് സമാധാനപരമായിരുന്നു. 

കൊല്ലത്ത്, യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാതിരുന്നതിനെ തുടർന്നു പൊലീസ് 4 തവണ ഗ്രനേഡ് പൊട്ടിച്ചു. 3 പ്രവർത്തകർക്കു പരുക്കേറ്റു. ഒരു ഗ്രനേഡ് പൊട്ടുന്നതിനു മുൻപു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിനു നേർക്കു തിരിച്ചെറിഞ്ഞു. 

കൊച്ചിയിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ സംഘർഷം. ഡിസിസി ഓഫിസിൽനിന്നു പൊലീസ് കമ്മിഷണർ ഓഫിസിലേക്കുള്ള പ്രകടനം കോർപറേഷൻ ഓഫിസിനു സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പൊലീസ് ഏതാനും പ്രവർത്തകരെ അറസ്റ്റ് ചെയ്തു വാഹനത്തിൽ കയറ്റി. ഈ വാഹനത്തിനു മുന്നിലേക്കു ചാടി വീണവരെ നീക്കാൻ പൊലീസ് ലാത്തി വീശി.  ഒട്ടേറെ പേർക്കു പരുക്കേറ്റു. 

പത്തനംതിട്ടയിൽ യുവമോർച്ച ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു ബലപ്രയോഗത്തിലൂടെ നീക്കി. മലപ്പുറത്ത് യുവമോർച്ച ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ ലാത്തിച്ചാർജിൽ 8 പേർക്കു പരുക്കേറ്റു. പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് സിവിൽ സ്റ്റേഷൻ കവാടത്തിലേക്കു തള്ളിക്കയറാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. കവാടത്തിനു മുൻപിൽ കുത്തിയിരുന്ന യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പാലക്കാട്ട് മഹിളാ മോർച്ച നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് ഉള്ളിൽ പ്രവേശിച്ചു. നേരിയ തോതിൽ സംഘർഷമുണ്ടായി. മഹിളാ മോർച്ച ജില്ലാ കമ്മിറ്റി കോട്ടയം കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. 

English summary: Youth Congress protest against K.T.Jaleel 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA