എൻഐഎ തേടിയത് 5 പേരെ: പിടിയിലായവർ നുഴഞ്ഞു കയറിയ വിദേശികളെന്ന്

al-qaeda-terrorist-3
എൻഐഎ പിടികൂടിയ ഭീകരർ
SHARE

കൊച്ചി ∙ പാക്കിസ്ഥാനിലെ അൽഖായിദ ഘടകവുമായി നേരിട്ടു ബന്ധമുള്ള 5 പേരെ തേടിയാണു എൻഐഎ ഒരാഴ്ചയായി കേരളത്തിൽ വലവിരിച്ചത്. ഇതിൽ 3 പേരെയാണു പിടികൂടിയത്. ശേഷിക്കുന്ന 2 പേർക്കു വേണ്ടി തിരച്ചിൽ ഊർജിതം.

അറസ്റ്റിലായ 3 പേരും ബംഗാൾ അതിർത്തി വഴി നുഴഞ്ഞു കയറിയ വിദേശികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബിൻ ലാദൻ രൂപം കൊടുത്ത അൽ ഖായിദയുടെ ദക്ഷിണേന്ത്യൻ മൊഡ്യൂളിനു വേണ്ടി ധനസമാഹരണം നടത്തുന്നവരാണ് അറസ്റ്റിലായ 3 പേരും.

ആക്രമണപദ്ധതി സൂചന ഒരു മാസം മുൻപ്

കൊച്ചി നാവികത്താവളം, കപ്പൽശാല അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി ഒരു മാസം മുൻപു കേന്ദ്ര ആഭ്യന്തരവകുപ്പിനു രഹസ്യവിവരം ലഭിച്ചിരുന്നു. 

al-qaeda
എൻഐഎ കസ്റ്റഡിയിലെടുത്തവരെ വൈദ്യപരിശോധനയ്ക്ക് ആലുവ ഗവ. ആശുപത്രിയിൽ എത്തിച്ചപ്പോൾ

ഇതിനു പുറമേ സാധാരണ ജനങ്ങൾ ഒത്തുചേരുന്ന ഇടങ്ങളിലും ഇവർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായാണു സൂചനഅബ്ദുൽ നാസർ മഅദനിയുടെ മോചനം ആവശ്യപ്പെട്ട്, 2005 സെപ്റ്റംബർ 9നു രാത്രി തമിഴ്നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസിലാണ് കേരളത്തിൽ ആദ്യമായി അൽ ഖായിദയുടെ പേരു കേട്ടത്. 

ഈ കേസിലെ മുഖ്യപ്രതി തടിയന്റവിട നസീർ അൽ ഖായിദയുടെ ദക്ഷിണേന്ത്യൻ മൊഡ്യൂളിന്റെ ‘കമാൻഡർ’ ആണെന്നാണു ആദ്യം കേസന്വേഷിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കണ്ടെത്തൽ. എന്നാൽ എൻഐഎ രൂപീകരിക്കും മുൻപു നടന്ന ഈ കുറ്റകൃത്യത്തിൽ ആഴത്തിലുള്ള അന്വേഷണം സാധ്യമായില്ല. കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തെങ്കിലും പ്രതികളുടെ അൽഖായിദ ബന്ധത്തിനു തെളിവുകൾ കണ്ടെത്താനായില്ല. 

പാനായിക്കുളം സിമി ക്യാംപ് കേസ്, കോഴിക്കോട് ഇരട്ട സ്ഫോടനം, വാഗമൺ ആയുധ പരിശീലനക്കേസ്, കനകമല കേസ് തുടങ്ങിയവയിലും ഭീകരസംഘടനയുടെ പേരുകേട്ടെങ്കിലും ഇതാദ്യമാണു കേരളത്തിൽ അറസ്റ്റുണ്ടാകുന്നത്.

മുൻപും തീവ്രവാദി സംഘങ്ങൾ

ഭീകരസംഘടനാ ബന്ധമുള്ളവർ എറണാകുളം ജില്ലയിലെ അതിഥിത്തൊഴിലാളി ക്യാംപ് ഒളിത്താവളമാക്കുന്നത് ഇതാദ്യമല്ല. മാവോയിസ്റ്റ് ബന്ധമുള്ള ആന്ധ്രപ്രദേശിലെ പിടികിട്ടാപ്പുള്ളി കരിംനഗർ സ്വദേശി മല്ലരാജ റെഡ്‌ഡിയും സംഘവും 2007 ഡിസംബർ 7 ന് അങ്കമാലിയിൽ പിടിക്കപ്പെട്ടിരുന്നു. 

English summary: NIA arrests Al Qaeda workers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA