ADVERTISEMENT

കൊച്ചി ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പേരിൽ സംസ്ഥാനത്തു റജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിവരം തേടി റജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്ത്. 4 ജില്ലകളിൽ ബിനീഷിനു വെളിപ്പെടുത്താത്ത സ്വത്തുണ്ടെന്ന നിഗമനത്തെ തുടർന്നാണിത്. നിലവിൽ ബിനീഷിന്റെ പേരിലുള്ള സ്വത്തുകളുടെ കൈമാറ്റം മരവിപ്പിക്കാനും റജിസ്ട്രേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു.

ഇതിനൊപ്പം സ്വത്തു വെളിപ്പെടുത്താനുള്ള ഒരവസരം കൂടി ബിനീഷിനു നൽകാനും ഇഡി തീരുമാനിച്ചു. ഇതിന് നോട്ടിസ് നൽകും. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ 315 റജിസ്ട്രേഷൻ ഓഫിസുകളിൽ നിന്നും റജിസ്ട്രേഷൻ ഐജി വിവരം തേടി. പരിശോധനയ്ക്കു ശേഷം ജില്ലാ ഓഫിസുകളിൽ നിന്നു നേരിട്ട് റിപ്പോർട്ട് ഇഡിക്ക് അടുത്തയാഴ്ച കൈമാറും.

നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ബെംഗളൂരുവിൽ പിടികൂടിയ ലഹരിമരുന്നു റാക്കറ്റിനു ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോയെന്നു കണ്ടെത്താനാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഇഡി നടത്തിയ ആദ്യഘട്ട ചോദ്യം ചെയ്യലിൽ സ്വത്തുവിവരങ്ങളുടെ രേഖകൾ ബിനീഷ് അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. റജിസ്ട്രേഷൻ വകുപ്പു നൽകുന്ന വിവരങ്ങളും ബിനീഷ് നൽകിയ വിവരവും ഒത്തുനോക്കിയ ശേഷമാകും തുടരന്വേഷണം.

വെളിപ്പെടുത്തിയതിലധികം സമ്പാദ്യം അദ്ദേഹത്തിനുണ്ടെന്ന നിഗമനമാണു തുടർനടപടികൾക്കു വഴിയൊരുക്കിയത്. ഇതു കണ്ടെത്താൻ കഴിഞ്ഞാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കേസ് റജിസ്റ്റർ ചെയ്യാനാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ ബിനീഷിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇതിനു മുന്നോടിയായി കോവിഡ് പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്.

ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന എൻസിബിയും ബിനീഷിന്റെ മൊഴി രേഖപ്പെടുത്തും.

സോഫ്റ്റ്‍‍വെയർ തിരച്ചിൽ ശ്രമകരം

സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ബിനീഷിന്റെ പേരിൽ നടന്ന റജിസ്ട്രേഷനുകളുടെ വിവരം ശേഖരിക്കാനാണ് ശ്രമം. എന്നാൽ, കുറ്റമറ്റ രീതിയിൽ ഇതു കണ്ടെത്താൻ കഴിയുന്ന സംവിധാനം റജിസ്ട്രേഷൻ വകുപ്പിനില്ല. മലയാളത്തിൽ പേരു നൽകിയാണ് സോഫ്റ്റ്‌വെയറിൽ തിരച്ചിൽ നടത്തേണ്ടത്. ബിനീഷ്, കോടിയേരി എന്നീ പേരുകൾ വച്ചാണു തിരയുക. ബെനാമി പേരിൽ നടത്തിയ ഇടപാടുകൾ കണ്ടെത്താൻ ഇൗ പരിശോധന കൊണ്ടു കഴിയില്ല.

ഞാനോ പാർട്ടിയോ ഇടപെടില്ല: കോടിയേരി 

തിരുവനന്തപുരം ∙ ബിനീഷ് കോടിയേരിക്കെതിരെയുള്ള ഏത് അന്വേഷണത്തിലും താനോ പാർട്ടിയോ ഇടപെടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണ്. ഏത് അന്വേഷണവും നടക്കട്ടെ. കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ. അക്കാര്യത്തിൽ എന്തു നടപടിയും സ്വീകരിക്കട്ടെ. ഒരു അന്വേഷണത്തെയും തടസ്സപ്പെടുത്താൻ പാർട്ടിയുണ്ടാകില്ല – കോടിയേരി പറഞ്ഞു.

English summary: Investigation against Bineesh Kodiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com