ADVERTISEMENT

കൊച്ചി ∙ ഒരു മന്ത്രിപുത്രനൊപ്പം താൻ നിൽക്കുന്ന ദൃശ്യം കൃത്രിമമല്ലെന്നു നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ദുബായിലെ ആഡംബര ഹോട്ടലിൽ നടത്തിയ സൗഹൃദ കൂട്ടായ്മയ്ക്കിടെ പകർത്തിയതാണിതെന്നും അവർ വിശദീകരിച്ചു. 

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തൽ. രാഷ്ട്രീയ വിവാദമുണ്ടാക്കാൻ ചിത്രം മോർഫ് ചെയ്തതാണെന്ന ആരോപണം തള്ളുന്നതാണു മൊഴി. ചിത്രം കൃത്രിമമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.

ദൃശ്യം പകർത്തുമ്പോൾ സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതികളായ പി.എസ്. സരിത്തും സന്ദീപ് നായരും മന്ത്രിപുത്രനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നൽകി. കൂടിക്കാഴ്ച യാദൃച്ഛികമായി സംഭവിച്ചതാണ്. സരിത്തിനും സന്ദീപ് നായർക്കുമൊപ്പം ഹോട്ടലിലെത്തിയപ്പോൾ മന്ത്രിപുത്രനടക്കമുള്ളവർ അവിടെയുണ്ടെന്നറിഞ്ഞ് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചതാണ്.

സിബിഐ അന്വേഷണം ഏറ്റെടുത്ത വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ലാറ്റ് കേസിൽ സ്വപ്ന, സരിത്, സന്ദീപ് എന്നിവർ കൈപ്പറ്റിയ കമ്മിഷൻ തുകയിൽ ഒരുഭാഗം മന്ത്രിപുത്രനു കൈമാറിയെന്ന ആക്ഷേപത്തെക്കുറിച്ചും എൻഐഎ ആരാഞ്ഞു. ഇതിൽ മന്ത്രിയുടെ മകനുമായി കമ്മിഷൻ ഇടപാടു നടന്നിട്ടില്ലെന്നും രാഷ്ട്രീയ നേതൃത്വത്തിലെ ആർക്കും പങ്കില്ലെന്നും സ്വപ്ന മൊഴി നൽകി. കമ്മിഷൻ ഇടപാടിൽ ബന്ധമില്ലെന്ന മുൻനിലപാടിൽ ശിവശങ്കറും ഉറച്ചു നിന്നു.

English summary: Swapna Suresh admits relation with son of minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com