ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് കാലത്തു വൈദ്യുതി നിരക്കിനു പിന്നാലെ വെള്ളക്കരവും ഉപയോക്താക്കൾക്ക് ഇരുട്ടടി.  റീഡിങ് മുടങ്ങിയതിനാൽ ശരാശരി കണക്കാക്കി ബിൽത്തുക നിശ്ചയിച്ചപ്പോൾ പലർക്കും വെള്ളക്കരം ഇരട്ടിയിലേറെയായി. ഉപയോഗം കണക്കാക്കാൻ കെഎസ്ഇബിയുടെ അതേ രീതിയാണു ജല അതോറിറ്റിയും പിന്തുടരുന്നത്. ബിൽത്തുക കണ്ടമാനം കൂടിയതോടെ ജല അതോറിറ്റി ഓഫിസുകളിൽ പരാതി പ്രളയമാണ്.

2 മാസത്തിലൊരിക്കലാണ് അതോറിറ്റി റീഡിങ് എടുക്കുന്നത്. കോവിഡിനെ തുടർന്നു മാർച്ച് 26 നു നിർത്തിവച്ചു. ജൂൺ രണ്ടാംവാരം പുനരാരംഭിച്ചു.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിക്കു കഴിഞ്ഞയാഴ്ച കിട്ടിയത് 9563 രൂപയുടെ ബിൽ. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ബില്ലാണ് ഇതെന്നാണു വിശദീകരണം. 2 മാസം കൂടുമ്പോൾ ഏതാണ്ട് 800 രൂപയായിരുന്നു (ശരാശരി 70–80 കിലോ ലീറ്റർ ഉപയോഗം) നേരത്തേ വെള്ളക്കരം. സെപ്റ്റംബർ 26 ന് ലഭിച്ച ബില്ലിൽ 304 കിലോ ലീറ്റർ വെള്ളം ഉപയോഗിച്ചെന്നു കാണിച്ചാണ് 9563 രൂപ കണക്കാക്കിയത്. മാർച്ച് മാസമാദ്യം മീറ്റർ പരിശോധിക്കാതെ ശരാശരി കണക്കാക്കി ലഭിച്ച ബിൽ പ്രകാരം ഇദ്ദേഹം തുക അടച്ചിരുന്നു. അതിനു പുറമേയാണു വൻ തുകയുടെ ബിൽ വന്നത്.

2 മാസത്തിലൊരിക്കൽ 802 രൂപ അടച്ചിരുന്നയാൾക്ക് 2000 രൂപയുടെ ബില്ലും 40 രൂപ അടച്ചിരുന്നയാൾക്കു 300 രൂപയുടെ ബില്ലും കിട്ടി.‌

ഉപയോഗം കൂടി;  സ്ലാബ് മാറിയെന്ന്  അതോറിറ്റി

ലോക്ഡൗണിൽ ഗാർഹിക ഉപയോഗം കൂടിയതാണു ബിൽത്തുക ഉയരാൻ കാരണമെന്ന് ജല അതോറിറ്റി. റീഡിങ് മുടങ്ങിയതിനാൽ മുൻകാല റീഡിങ്ങുകളുടെ ശരാശരി കണക്കാക്കിയാണു ബിൽത്തുക തിട്ടപ്പെടുത്തുക.

സ്ലാബ് സംവിധാനം മാറുമ്പോൾ ഒടുക്കേണ്ട തുകയിലും ഗണ്യമായ മാറ്റം വന്നിരിക്കാം. പരാതികളുണ്ടെങ്കിൽ അതതു സെക്‌ഷൻ ഓഫിസുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com