ADVERTISEMENT

തിരുവനന്തപുരം ∙ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോനെ മുൻനിർത്തി കേന്ദ്രമന്ത്രി വി. മുരളീധരനും ആ വിഭാഗത്തിനുമെതിരെ ബിജെപിയിൽ പടനീക്കം. മുരളിയും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആരോപണങ്ങളെ നിസ്സാരവൽക്കരിക്കുമ്പോൾ മറുഭാഗം ആയുധം കിട്ടിയതിന്റെ ഉണർവിലായി.

രണ്ടുവർഷം മുൻപ് അബുദാബിയിൽ മുരളീധരനും വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ പിആർ റിപ്പോർട്ടുകൾ തയാറാക്കാനായി സ്മിത പങ്കെടുത്തതും സുരേന്ദ്രൻ പ്രസിഡന്റായശേഷം അവർ മഹിളാമോർച്ച സംസ്ഥാന സെക്രട്ടറിയായതുമാണു ചർച്ചാ വിഷയം. മന്ത്രി കെ.ടി. ജലീലിനെതിരായ പ്രോട്ടോക്കോൾ ലംഘനം കേന്ദ്രം അന്വേഷിക്കുമ്പോൾ, നയതന്ത്ര സമ്മേളനത്തിൽ സ്മിതയെ ക്ഷണിച്ച കേന്ദ്രമന്ത്രിയും പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാണ് ആക്ഷേപം.

സിപിഎമ്മും സൈബർ വിഭാഗവും ഇത് ഏറ്റുപിടിക്കുകയും ലോക് താന്ത്രിക് ജനതാദൾ കേന്ദ്രസർക്കാരിനു പരാതി നൽകുകയും ചെയ്തു. ഇതിനിടയിൽ നേരത്തെ പാർട്ടിയിലോ മഹിളാ മോർച്ചയിലോ നേതൃനിരയിൽ ഇല്ലാതിരുന്ന സ്മിത പെട്ടെന്നു മോർച്ച സംസ്ഥാന സെക്രട്ടറിയായതു മുരളിയുടെ പിന്തുണ കൊണ്ടാണെന്ന വിവാദവും കനത്തു.

നിലപാടുകൾ ഇങ്ങനെ

പി.കെ.കൃഷ്ണദാസ് പക്ഷം

മുരളിക്കെതിരായ പ്രോട്ടോക്കോൾ ലംഘന ആരോപണം ഈ വിഭാഗം ഉപയോഗിച്ചിട്ടില്ല. എന്നാൽ മഹിളാമോർച്ച ഭാരവാഹിത്വത്തിലേക്കു വന്ന ശേഷമാണു സ്മിതയെ അറിയുന്നത് എന്ന പ്രതികരണത്തിലൂടെ നീരസം ജനറൽസെക്രട്ടറി എം.ടി. രമേശ് വ്യക്തമാക്കി. പാർട്ടിയിലും സഹസംഘടനകളിലും മുരളിയുടെ ആധിപത്യത്തെയും നിയന്ത്രണത്തെയും ചെറുക്കാനും ദുർബലപ്പെടുത്താനുമായി ഇത് ഉപയോഗിക്കുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ട് കേരളത്തിലെ ഇരുവിഭാഗങ്ങൾക്കും തുല്യനീതി നൽകണമെന്ന ആവശ്യമാണു നീക്കങ്ങൾക്കു പിന്നിൽ. പാർട്ടിയുടെ വനിതാ മുഖമായ ശോഭ സുരേന്ദ്രൻ തഴയപ്പെടുമ്പോൾ സ്മിതയെപ്പോലുള്ളവർക്കു പരിഗണന കൊടുക്കുന്നുവെന്ന പ്രചാരണവും ഒരു ഭാഗത്തു നടക്കുന്നു.

വി.മുരളീധര പക്ഷം

പകരത്തിനു പകരമായി ഇടതുപക്ഷം പ്രോട്ടോക്കോൾ ലംഘനം ആരോപിക്കുന്നു എന്നതിൽ കൂടുതൽ ബിജെപിയിൽ ആരും അതിനു ഗൗരവം കൊടുക്കുന്നില്ലെന്നു വിശദീകരണം. സംഘപരിവാർ കുടുംബാംഗമായ സ്മിതയെ മഹിളാ മോർച്ചയിൽ ഉൾപ്പെടുത്തിയതു പ്രഫഷനലുകളെ നേതൃത്വത്തിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമാണ്. സമീപകാല തിരഞ്ഞെടുപ്പുകളിൽ എല്ലാം മത്സരിപ്പിച്ച, ദേശീയ നിർവാഹക സമിതി അംഗത്വമുള്ള ശോഭ സുരേന്ദ്രനെ ഒരു കാലത്തും അവഗണിച്ചിട്ടില്ല. പക്ഷേ, മറ്റുള്ളവർക്കും അവസരങ്ങൾ നൽകേണ്ടിവരും.

സ്മിതയുടെ നിലപാട്

2007 മുതൽ കൊച്ചിയിൽ പിആർ ഏജൻസി നടത്തുന്നു. വി.മുരളീധരൻ അടക്കമുള്ള ബിജെപി നേതാക്കളുമായി തനിക്കും കുടുംബത്തിനും അടുപ്പമുണ്ട്. അബുദാബി യോഗത്തിനു പോയതു തൊഴിലിന്റെ ഭാഗമായാണ്. മുരളിയുടെ അനുവാദത്തോടെയാണിതു

ചെയ്തതെങ്കിലും സ്വന്തം കയ്യിൽനിന്നു ടിക്കറ്റ് എടുത്താണു പോയത്. അതിൽ പ്രോട്ടോക്കോൾ ലംഘനമോ ഒളിക്കാനുള്ളതോ ഒന്നുമില്ല. സംഘപരിവാർ ബന്ധവും പ്രഫഷനലെന്ന നിലയിൽ ചെയ്യാവുന്ന സംഭാവനകളും പരിഗണിച്ചു കെ.സുരേന്ദ്രനാണു മഹിളാ മോർച്ചയിലേക്കു പരിഗണിച്ചത്. കുടുബാംഗങ്ങൾ‍ക്കെതിരെ അടക്കം നടക്കുന്ന ആക്രമണങ്ങളെ നിയമപരമായി നേരിടും.

English summary: Mahila Morcha secretary Smitha Menon

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com