ADVERTISEMENT

തിരുവനന്തപുരം ∙ സ്വകാര്യ പാസ്പോർട്ട് ഉപയോഗിച്ചാണു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 14 വിദേശ യാത്രകൾ നടത്തിയതെന്നു കസ്റ്റംസിനു തെളിവു ലഭിച്ചു. ഇക്കൂട്ടത്തിലെ ഔദ്യോഗിക യാത്രകൾക്കു പോലും സ്വകാര്യ പാസ്പോർട്ടാണ് ഉപയോഗിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യാത്രകൾക്ക് ഔദ്യോഗിക പാസ്പോർട്ടാണ് ഉപയോഗിക്കാറുള്ളത്. ഈ സാഹചര്യത്തിൽ യാത്രകൾ വിശദമായി അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ സംയുക്ത നീക്കമാരംഭിച്ചു.

യാത്രകളിലേറെയും ദുബായിലേക്കായിരുന്നു. ഇവയ്ക്ക് ആരാണ് അനുമതി നൽകിയതെന്നും അവിടെ ആരെയൊക്കെ കണ്ടെന്നും അന്വേഷിക്കുന്നു. 14 യാത്രകളിൽ ആറെണ്ണത്തിലും സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചു കൂടുതൽ യാത്രകൾ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു.

ലൈഫ് മിഷൻ ഇടപാടിലെ കമ്മിഷൻ, സ്വർണക്കടത്ത് എന്നിവ വഴി ലഭിച്ച കോടിക്കണക്കിനു രൂപ ഡോളറാക്കി സ്വപ്ന ദുബായിലേക്കു കൊണ്ടുപോയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. 1.90 ലക്ഷം ഡോളർ (ഏകദേശം 1.38 കോടി രൂപ) കൊണ്ടുപോയെന്നു സ്വപ്ന തന്നെ അന്വേഷണ ഏജൻസികളോടു സമ്മതിച്ചിരുന്നു. വേറെയും തുക കടത്തിയെന്നും ഇതിനു നയതന്ത്ര ചാനലും എം.ശിവശങ്കറിന്റെ സ്വാധീനവും ഉപയോഗിച്ചുവെന്നുമാണു സംശയിക്കുന്നത്. ഇതു സംബന്ധിച്ച കസ്റ്റംസിന്റെ ‘ഫെമ’ കേസിൽ ശിവശങ്കറെയും പ്രതി ചേർത്തേക്കും.

ഇതുവരെ ഏതാണ്ടു 100 മണിക്കൂർ ചോദ്യം ചെയ്യലിൽ തെളിവു കാണിച്ച ചോദ്യങ്ങൾക്കു മാത്രമേ ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയിട്ടുള്ളൂ. മറ്റു ചോദ്യങ്ങൾക്ക്, ‘അറിയില്ല’ എന്നായിരുന്നു മറുപടി. ഇൗന്തപ്പഴ വിതരണം താനെടുത്ത തീരുമാനമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇത് അന്വേഷണ ഏജൻസികൾ വിശ്വസിക്കുന്നില്ല. ചില ചോദ്യങ്ങൾക്കുള്ള മറുപടി ആരെയോ രക്ഷിക്കാൻ ശ്രമിക്കുന്ന തരത്തിലായിരുന്നു. ഇൗ ചോദ്യങ്ങൾക്കു കൂടുതൽ വ്യക്തമായ ഉത്തരം അന്വേഷണ ഏജൻസികൾ തേടും. ലൈഫ് മിഷൻ കരാറിലും സിബിഐ അന്വേഷണം ശിവശങ്കറിലേക്കാണ് എത്തുന്നത്.

ഔദ്യോഗിക പാസ്പോർട്ട്: വ്യവസ്ഥകളിങ്ങനെ

ഐഎഎസ്, ഐപിഎസ് കേഡറുകളിലുൾപ്പെടെയുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗിക ആവശ്യങ്ങൾക്കു നടത്തുന്ന വിദേശ യാത്രകൾക്കായാണ് ഔദ്യോഗിക പാസ്പോർട്ട് അനുവദിക്കുന്നത്. വെള്ള നിറത്തിലുള്ള ഇത്തരം പാസ്പോർട്ടുള്ളവർക്ക് വിദേശത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി എന്ന പരിഗണന ലഭിക്കും. അതേസമയം, ഔദ്യോഗിക കാര്യങ്ങൾക്കു മാത്രമേ ഇത്തരം യാത്രകളിൽ അനുമതിയുള്ളൂ. വിനോദ, വാണിജ്യ പരിപാടികളിലൊന്നും പങ്കെടുക്കരുത്.

English summary: Sivasankar's foreign trips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com