‘അച്ഛൻ ആകാശം തൊട്ടു’, ഒറ്റവാക്കിൽ അവർ മരണത്തെ ഇങ്ങനെ പറഞ്ഞൊതുക്കി’

Mail This Article
കുമരനല്ലൂർ (പാലക്കാട്) ∙ കവിയില്ലാത്ത ദേവായനത്തിൽ ഇന്നലെ അമാവാസിയായിരുന്നു. വേദനയുടെ ഇരുട്ട്. അക്ഷരങ്ങളെ മഹാമന്ത്രമാക്കിയ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഭൗതികശരീരം കുമരനല്ലൂരിലെ വീട്ടിലെ പൂമുഖത്തു കാണുമ്പോൾ തലയ്ക്കലെ നിലവിളക്കിന്റെ വെളിച്ചവും ദുഃഖമായി.
ഒരുപാടുകാലം തട്ടകമായിരുന്ന തൃശൂർ സാഹിത്യ അക്കാദമിയിൽ പ്രിയപ്പെട്ടവരുടെ അന്ത്യോപചാരം ഏറ്റുവാങ്ങിയ ഭൗതികശരീരം വി.ടി. ബൽറാം എംഎൽഎ ഉൾപ്പെടെയുള്ളവർ തോളിലേറ്റി വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ പതിവു സർക്കീട്ടു കഴിഞ്ഞു വരുന്ന അതേ മുഖം തന്നെ കവിക്ക്. നെറ്റിയിൽ ഭസ്മക്കുറി, ചുണ്ടിൽ തെളിമയുള്ള ചിരി മായാതെ.സ്നേഹവും അഭിനന്ദനങ്ങളും അന്വേഷണങ്ങളുമായി ഇന്നലെ രാവിലെ വന്ന ഒരു കെട്ടു പോസ്റ്റ്കാർഡുകൾ പൂമുഖത്തെ മേശപ്പുറത്തു കാത്തിരിക്കുന്നു.
മക്കളായ വാസുദേവനും നാരായണനും അന്ധാളിപ്പു മാറിയില്ല, ‘അച്ഛൻ ആകാശം തൊട്ടു’, ഒറ്റവാക്കിൽ മരണത്തെ ഇങ്ങനെ പറഞ്ഞൊതുക്കി. ജ്ഞാനപീഠത്തിന്റെ സന്തോഷത്തിലും അതു കാണാൻ ഭാര്യ ശ്രീദേവിയില്ലെന്നായിരുന്നു കവിയുടെ വിഷമം. ഒന്നര വർഷം മുൻപാണു ഭാര്യ മരിച്ചത്. കണ്ണീരിനിടെ മകളാണ് അത് ഓർമിപ്പിച്ചത്, ‘അച്ഛന്റെ തലയ്ക്കൽ അമ്മയുടെ ചിത്രം വയ്ക്കണം.’
കോവിഡ് മാനദണ്ഡപ്രകാരം നിയന്ത്രണത്തിലായിരുന്നു പൊതുദർശനം. മന്ത്രി സി. രവീന്ദ്രനാഥ് സർക്കാരിനു വേണ്ടി അന്ത്യോപചാരമർപ്പിച്ചു. മലയാള മനോരമയ്ക്കു വേണ്ടി പാലക്കാട് കോഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ ആദരാഞ്ജലി അർപ്പിച്ചു. തൃശൂരിൽ മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ, ഗവ. ചീഫ് വിപ്പ് കെ. രാജൻ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.
ഔദ്യോഗിക ബഹുമതി നൽകുന്ന ചടങ്ങുകൾ പൊലീസ് ആരംഭിക്കുമ്പോൾ വീടിന്റെ തെക്കുഭാഗത്തു ചിതയൊരുങ്ങുകയായിരുന്നു. മരണാനന്തര ചടങ്ങുകൾക്കു കാർമികത്വം വഹിക്കേണ്ട ഇല്ലത്തിലുള്ളവർക്കു ‘പുല’ ആയതിനാൽ കവുപ്രമാറത്ത് ഇല്ലത്തിലുള്ളവരായിരുന്നു ഓതിക്കന്മാർ. ചിതയൊരുങ്ങി, മഹാകവി മടങ്ങി. കവിത ഇനിയും ഇവിടെയുണ്ട്; വഴിവിളക്കായി.
Content Highlight: Akkitham Achuthan Namboothiri