ADVERTISEMENT

അക്കിത്തത്തെ പരിചയപ്പെട്ടപ്പോൾ ഇനിയൊരിക്കലും സംഭവിക്കാനിടയില്ലാത്ത തരം മനുഷ്യരിൽ ഒന്നാണല്ലോ ഇതെന്നു മനസ്സു പറഞ്ഞു; കവി റഫീക്ക് അഹമ്മദ് എഴുതുന്നു

വൈകിയാണു ഞാൻ അക്കിത്തത്തെ വായിക്കുന്നത്. കവിത ഒരു ജ്വരബാധ പോലെ ആയിരുന്ന എഴുപതുകളിൽ അക്കിത്തത്തിലേക്കുള്ള വഴികൾ അത്ര തെളിഞ്ഞതായിരുന്നില്ല. ഉത്സവപ്പറമ്പിലെ കരിമരുന്നിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ കതിനകളും അമിട്ടുകളും പൊട്ടിവിരിഞ്ഞു കെട്ടുതീർന്ന നിശ്ശബ്‌ദതയിൽ, ഏകാന്തതയിൽ, പിന്നെയും കുഞ്ഞിരാമൻ നായരും ഇടശ്ശേരിയും വൈലോപ്പിള്ളിയുമൊക്കെ വലിയ പൊക്കത്തിൽ നല്ല നിലയുറപ്പിൽ അങ്ങനെ നെട്ടനെ നിൽക്കുന്നതായി കാണപ്പെട്ടു. അങ്ങോട്ടു നടന്നടുത്തപ്പോൾ അക്കൂട്ടത്തിൽ അക്കിത്തവും ഉണ്ടായിരുന്നു. 

ഋഷിതുല്യമായ നിർമമതയോടെ ശിശുസഹജമായ നൈർമല്യത്തോടെ മന്ത്രശുദ്ധിയോടെ കവിത ചൊല്ലി, നന്നായി മുറുക്കിച്ചുവപ്പിച്ച് ഇരുന്ന അക്കിത്തം എന്ന കവിയെ നേരിട്ടു കാണുന്നതും മിണ്ടുന്നതുമൊക്കെ പിന്നീട്. ഇനിയൊരിക്കലും സംഭവിക്കാനിടയില്ലാത്ത തരം മനുഷ്യരിൽ ഒന്നാണല്ലോ ഇതെന്നു മനസ്സു പറഞ്ഞു. 

ഇത്രയും ലളിതമായി, സൗമ്യമായി, നിഷ്കളങ്കമായി, നിഷ്‌ക്കന്മഷമായി ഇടപെടാൻ അക്കിത്തത്തെപ്പോലെയുള്ള ഒരു വലിയ കവിക്കു സാധ്യമാകുന്നതു ഭാരതീയമായ സാംസ്‌കാരിക പൈതൃകത്തിന്റെ സരസ്വതി, ജനിതക പ്രഭാവങ്ങൾക്കടിയിലൂടെ അന്തർവാഹിനിയായി ഒഴുകുന്നതു മൂലമായിരിക്കാം. അതോടൊപ്പം പച്ചമനുഷ്യനെ അന്വേഷിക്കുകയും തത്വശാസ്‌ത്രങ്ങൾ ഉറങ്ങുമ്പോൾ ഉണർന്നിരിക്കുകയും ചെയ്‌ത മഹാ മനീഷീകൾ ഉരുത്തിരിഞ്ഞ പൊന്നാനിയിലെ ഏറ്റവും നിസ്വരും നന്മ നിറഞ്ഞവരുമായ സാധാരണ മനുഷ്യരെ തൊട്ടുതലോടിയ കാറ്റ് അക്കിത്തത്തെയും തലോടി കടന്നുപോയതുകൊണ്ടു കൂടിയാണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്‌ടം. അതിനു വി.ടിയും ഇടശ്ശേരിയും ഉറൂബും ഗോവിന്ദനുമെല്ലാം സാക്ഷ്യം പറയുമെന്നും ഞാൻ വിശ്വസിക്കുന്നു. അക്കിത്തം ഒരു വലിയ കവിയാണ്. ഒരു വലിയ കവിക്കു മാത്രമേ തന്റേതായ ഒരു ജീവിത ദർശനവും ലോക വീക്ഷണവും ഉണ്ടാവുകയുള്ളൂ. അയാൾക്കു മാത്രമേ ഏറ്റവും ലളിതം എന്നു തോന്നുന്ന വിധത്തിൽ സങ്കീർണതകളെ കൈകാര്യം ചെയ്യാനാകുകയുള്ളൂ. 

ഇടശ്ശേരിയുടെയും ഉറൂബിന്റെയും കടവനാടിന്റെയും എംടിയുടെയുമൊക്കെ പൊന്നാനിക്കളരിയിലെ കളരിവിളക്കുകളിൽ ഒരാളായ അക്കിത്തത്തിന്റെ ഭാരതീയ ദർശനം സർവചരാചരങ്ങളെയും സഹോദര ഭാവനയോടെ സമീക്ഷിക്കുന്നു. സർവവും ഒരേയൊരു സത്യത്തിന്റെ വ്യത്യസ്‌ത പ്രകരണങ്ങളും പ്രത്യക്ഷങ്ങളുമായി കാണുകയും ചെയ്യുന്ന ഔപനിഷിദീയമായ വിശ്വദർശനമാണത്. വാല്മീകി തൊട്ടുള്ള മഹാത്മാക്കളായ ഭാരതീയ കവികളുടെയെല്ലാം ദർശനം ഇതുതന്നെ. 

നവോത്ഥാനത്തിന്റെയും ഇടതുപക്ഷ പുരോഗമന ആശയങ്ങളുടെയും പ്രഭാവ കാലത്തിലൂടെയാണ് അക്കിത്തത്തിന്റെ യൗവനം കടന്നുപോയത്. നമ്പൂതിരി മനുഷ്യനാകാൻ ശ്രമിച്ച ആ കാലത്തോടൊപ്പം നടന്ന ഒരു അക്കിത്തം ചരിത്രത്തിൽ ഉണ്ട്. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന, ഇന്ന് അക്കിത്തത്തിന്റെ കവിസ്വത്വത്തിന്റെ സർവസത്യമായി കരുതിപ്പോരുന്ന കാവ്യത്തിനു പിന്നിൽ ഒരു കവി കുടിച്ചുതീർത്ത സങ്കടങ്ങളുടെ, മോഹഭംഗങ്ങളുടെ കടൽ ഉണ്ട്. അതിനാൽതന്നെ ഇടതുപക്ഷ ചിന്തകളോടു മതപരമായ ഒരുതരം വാശി പുലർത്താത്തവർക്ക് ആ കവിതയെ പ്രതിലോമകരം എന്നു വിലയിരുത്താൻ ആവില്ല. പരുഷമായിരുന്നെങ്കിലും ഒ.വി. വിജയനിലും ഗോവിന്ദനിലുമെല്ലാം ഈയൊരു സങ്കടത്തിന്റെ ആഴവും നീലിമയുമുണ്ടായിരുന്നു. പ്രതിലോമപരം എന്ന് അവയെ വലിച്ചെറിഞ്ഞവരെ അവരറിയാതെ തന്നെ അവ പുതുക്കുകയും വികസിപ്പിക്കുകയുമായിരുന്നു എന്നതാകുന്നു യാഥാർഥ്യം. അതേസമയം, 

‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന പ്രസ്‌താവത്തെ അതിന്റെ പ്രത്യക്ഷാർഥത്തിൽ വായിക്കുകയും അത്തരം ഒരു വരിയിലേക്ക് എത്തിച്ചേർന്ന ഒരു കവിമനസ്സിന്റെ പറഞ്ഞാലൊടുങ്ങാത്ത ആകുലതകളെ ഉപരിപ്ലവമായി കാണുകയും ചെയ്യുന്നവർ ഇന്നും നിലവിലുണ്ടെന്നതും ഓർക്കുന്നു. 

കവിതയും ഭാഷയും തമ്മിൽ എന്ത്, കവിതയും അത് ഉരുത്തിരിഞ്ഞു വരുന്ന ഇടവും തമ്മിലെന്ത് തുടങ്ങിയ ചിന്തകളിലൂടെയാണു ഞാനും, ഒരുപക്ഷേ എന്റെ തലമുറയിലുള്ള മറ്റു ചിലരുമൊക്കെ മലയാളത്തിലെ സാഹിത്യാധുനികതയോടുള്ള അത്യാരാധനയിൽ നിന്നു മുക്‌തരാവുന്നതെന്നു തോന്നുന്നു. പിയുടെയും ഇടശ്ശേരിയുടെയും വൈലോപ്പിള്ളിയുടെയും മറ്റുമൊക്കെ ഒരു വീണ്ടെടുപ്പ് ഈ വഴിക്കുള്ള വീണ്ടുവിചാരങ്ങളിൽ നിന്നാണുണ്ടാകുന്നത്. ചെറുകാട് പറഞ്ഞതുപോലെ സ്വന്തം  മുരിങ്ങച്ചോട്ടിൽനിന്നുള്ള ആകാശം കാണലിന്റെ  വകതിരിവായിരുന്നു അത്. പുതിയ എഴുത്തുകാർ അക്കിത്തത്തിൽ അതു കണ്ടറിഞ്ഞു. 

സംസ്കൃതത്തിൽ അഗാധജ്‌ഞാനമുണ്ടായിരുന്ന അക്കിത്തത്തിന്റെ ഒട്ടുമിക്ക കവിതകളും തെളിമലയാളത്തിന്റെ ചന്തവും ഓജസ്സും വെളിപ്പെടുത്തുന്നവയാണ്. മടിയേതുമില്ലാതെ ഗ്രാമ്യപദങ്ങളും നാട്ടുമൊഴി ഭേദങ്ങളും ഇംഗ്ലിഷ് വാക്കുകൾപോലും അദ്ദേഹം ഉപയോഗിക്കുന്നതു കാണാം. ഈ നാട്ടിൽ തന്റെ ചുറ്റുവട്ടങ്ങളിലൂടെ കടന്നുപോയവരും തന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മഹാത്മാക്കളുമെല്ലാം ആ കവിതകളിൽ ഇടം നേടുന്നുണ്ട്. സൗമ്യവും എന്നാൽ കനപ്പെട്ടതുമായ ഒരു നർമമാണു നിശിതമായ വിമർശനത്തെക്കാൾ അക്കിത്തം കവിതയിൽ അന്തർലീനമായിരിക്കുന്നത്. ഈ നർമമാകട്ടെ കണ്ണീരിന്റെ ഉപ്പും ചവർപ്പുമുള്ളതാണു താനും. തന്റെ ഗ്രാമത്തിൽനിന്നു പട്ടാമ്പിയിലേക്കോ പെരിന്തൽമണ്ണയിലേക്കോ ഉള്ള ഒരു ബസ് യാത്രയുടെയോ ഒക്കെ പശ്‌ചാത്തലത്തിൽ പ്രാപഞ്ചിക സത്യങ്ങളെ ഏറ്റവും നിരാഡംബരമായി തന്റെ കവിതയിൽ ആവാഹിച്ചിരുത്താറുണ്ട് അക്കിത്തം. പിൽക്കാലത്തു പാശ്‌ചാത്യ സാഹിത്യത്തിലെ പ്രവണതകളുമായി ബന്ധപ്പെട്ടു മലയാളത്തിലാവിർഭവിച്ച സാഹിത്യാധുനികതയുടെ തൊട്ടടുത്തു തനതു വാക്കും കാഴ്‌ചയുമുള്ള മറ്റൊരു ആധുനികതയുടെ ബീജാവാപമായിരുന്നല്ലോ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിൽ നാം കാണുന്നത്. 

കലക്കമില്ലാത്ത മലയാളത്തിൽ സൗമ്യമായിരിക്കുമ്പോഴും വജ്രം പോലെ കഠിനമായി എഴുതുന്ന ഒരാളെ ഞങ്ങളെപ്പോലുള്ളവർ വിസ്‌മയത്തോടെ നോക്കിനിന്നു. ചങ്ങമ്പുഴയുടെ, സകല തലങ്ങളിലൂടെയും പടർന്നു പരന്ന് ഒഴുകിയ കാൽപനിക പ്രവാഹത്തിലോ, പിന്നീട് അലച്ചാർത്തു വന്ന വിപ്ലവാത്മകതയുടെ ആഗ്നേയ ലഹരികളിലോ നില തെറ്റാതെ, വൈലോപ്പിള്ളിയെപ്പോലെ രാഷ്‌ട്രീയാനുഭവങ്ങളുടെ തീക്ഷ്ണ വ്യാവഹാരിതകളിൽ ചേരാതെ, കുഞ്ഞിരാമൻ നായരോടൊപ്പം സൗന്ദര്യാനുഭൂതികളിലേക്കു തടിമറന്നു കൂപ്പുകുത്താതെ അക്കിത്തത്തിന്റെ കവിത തന്നിൽനിന്നു തന്നെയും ഒരു അകലം പാലിച്ചുനിന്നു. അതെ, അക്കിത്തത്തിന്റെ ഏറെ പഴി കേട്ട രാഷ്‌ട്രീയ അനുഭാവങ്ങളിൽനിന്നു പോലും. 

മാനുഷികതയെ മറക്കാത്ത ഒരു ആത്മീയതയിൽ ആ കവിത ‘എന്റെയല്ലെന്റയല്ലീ കൊമ്പനാനകൾ’ എന്നു തിരിച്ചറിഞ്ഞിരുന്നു. ‘ഒരു കണ്ണീർക്കണം ഞാൻ മറ്റുള്ളവർക്കായ് പൊഴിക്കവെ/ഉദിക്കയാണെന്നുള്ളിൽ ആയിരം സൗരമണ്ഡലം’ എന്നു സ്വർണപാത്രം കൊണ്ടു മറച്ചുവയ്‌ക്കപ്പെട്ടിരിക്കുന്ന ഭാരതീയ ദർശനകാന്തി അതു വെളിപ്പെടുത്തി. വജ്രഖണ്ഡങ്ങളിലൂടെ കടന്നുപോന്ന വെറും നൂലു മാത്രമാണു താൻ എന്നു വിനയാന്വിതമായി. അങ്ങനെ വേരുകൾ പാഞ്ഞ മണ്ണിന്റെ, ചില്ലകൾ നിവർന്ന ആകാശത്തിന്റെ കവിത എങ്ങനെയാവണമെന്നു  കാണിച്ചുതന്നു.

എസ്രാ പൗണ്ടും യേറ്റ്സും എലിയറ്റും മറ്റും  ഫാഷിസ്റ്റ് പ്രത്യയശാസ്ത്രാഭിമുഖ്യത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. അക്കിത്തത്തെപ്പോലെ ഒരു കവിയുടെ രാഷ്ട്രീയാഭിമുഖ്യങ്ങളും തീർച്ചയായും വലിയൊരു വിഭാഗം സാഹിത്യാസ്വാദകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. വൈയക്തികമായ രാഷ്ട്രീയ ഹ്രസ്വ വീക്ഷണങ്ങൾക്കപ്പുറത്ത് അക്കിത്തം കവിതകളുടെ നിലപാടുതറയിൽ ഗാന്ധിയുടെ ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവികതയുടെ സാരാംശം അലിഞ്ഞു ചേർന്നിട്ടുണ്ട് എന്ന കാഴ്ചയുടെ  ഉദാരതയാണ്  അഭിലഷണീയം എന്നു തോന്നുന്നു. ആ വലിയ കവിയുടെ മുന്നിൽ അശ്രുപൂർവം നമസ്കരിക്കുന്നു.

Content Highlight: Akkitham Achuthan Namboothiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com