ADVERTISEMENT

പാലക്കാട് ∙ കോവിഡ് പോസിറ്റീവായ ചിലരിൽ അസാധാരണ ലക്ഷണങ്ങൾ കണ്ടെത്തിയത് ആരോഗ്യ വിദഗ്ധരെ കുഴക്കുന്നു. മസ്തിഷ്ക ജ്വരം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്കു ചികിത്സ തേടി എത്തിയവർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്ട് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ 3 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 

അപൂർവമായി മാത്രമേ ഇത്തരം ലക്ഷണങ്ങളോടെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളൂ. ഇവർക്കു മസ്തിഷ്ക ജ്വരത്തിനു മറ്റു കാരണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പു നടത്തിയ പരിശോധനയിൽ കണ്ടെത്തി. കോവിഡ് സ്ഥിരീകരിച്ചെത്തിയ വ്യക്തിക്കു ചികിത്സയ്ക്കിടെ കാലുകൾ തളർന്നതും പുതിയ ലക്ഷണമാണ്. ഇദ്ദേഹം ഇപ്പോൾ വിദഗ്ധ ചികിത്സയിലാണ്. 

പക്ഷാഘാതം, ഹൃദയസ്തംഭനം തുടങ്ങിയവയ്ക്കു ചികിത്സ തേടുന്നവരിലും കുഴഞ്ഞു വീണു മരിക്കുന്നവരിലും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇത്തരം കേസുകളുടെ എണ്ണം വർധിക്കുകയാണ്. പനി, ജലദോഷം, തൊണ്ടവേദന, ഛർദി, ശ്വാസതടസ്സം, രുചിയും മണവും അനുഭവപ്പെടാതിരിക്കൽ തുടങ്ങിയവയാണു കോവിഡ് ലക്ഷണങ്ങളായി നിർവചിക്കപ്പെട്ടിട്ടുള്ളത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ അസാധാരണ ലക്ഷണങ്ങളും കോവിഡ് ആയേക്കാമെന്ന സൂചനകളാണു പരിശോധനയിൽ വ്യക്തമാകുന്നത്. 

കേന്ദ്രസംഘം എത്തി

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോവിഡ് സ്ഥിതി പഠിക്കാൻ എത്തിയ കേന്ദ്രസംഘം തിരുവനന്തപുരത്തെ സാഹചര്യം വിലയിരുത്തി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രാദേശിക കേന്ദ്രത്തിലെ ഡപ്യൂട്ടി ഡയറക്ടർ ഡോ. രുചി ജെയ്‌നും സഫ്ദർജങ് ആശുപത്രി റെസ്പിറേറ്ററി മെഡിസിനിലെ ഡോ. കുമാർ ഗുപ്തയുമാണ് സംഘത്തിലുള്ളത്. സംസ്ഥാന കൺട്രോൾ റൂം സന്ദർശിച്ച സംഘം കലക്ടറുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം സന്ദർശിച്ചു. ഇന്നു തൃശൂരിലും നാളെ എറണാകുളത്തും സന്ദർശനം നടത്തും.

അതിനിടെ, സംസ്ഥാനത്തു കോവിഡ് പരിശോധനകൾ വെട്ടിക്കുറയ്ക്കുന്നതു തുടരുകയാണ്. കഴിഞ്ഞ 4 ദിവസങ്ങളിൽ 15000വരെ ആന്റിജൻ പരിശോധനകൾ കുറച്ചു. ആർടി പിസിആർ ടെസ്റ്റ് വർധിപ്പിക്കുമെന്നാണു സർക്കാർ പറഞ്ഞിരുന്നതെങ്കിലും അതും കുറച്ചിട്ടുണ്ട്. 50 ആന്റിജൻ പരിശോധന നടത്തിയിരുന്ന പ്രദേശങ്ങളിൽ 30ൽ നിർത്താനാണു അനൗദ്യോഗിക നിർദേശം. പ്രാഥമിക സമ്പർക്കത്തിൽ വന്നവരിൽ കടുത്ത ലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിച്ചാൽ മതിയെന്നാണു തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com