ട്രെയിനുകൾ ഡിസംബർ ഒന്നു മുതൽ ഓടിക്കാൻ ഒരുങ്ങി റെയിൽവേ

Train Commuter Line Railway Station With Brush And Trash Can, Floor Sign, Train Platform And Sign For Vector Illustration Ideas
SHARE

പാലക്കാട് ∙ കേന്ദ്രസർക്കാർ അനുവദിച്ചാൽ, ഡിസംബർ ഒന്നു മുതൽ എല്ലാ ട്രെയിനുകളും ഓടിക്കാൻ റെയിൽവേ തയാറെടുക്കുന്നു. പുതിയ ടൈംടേബിൾ പ്രകാരമാകും സർവീസ്. പഴയ ടൈംടേബിളിനു പകരം ‘സീറോ ബേസ്ഡ്’ എന്ന പേരിൽ പുതിയ പട്ടിക തയാറാക്കുകയാണു റെയിൽവേ. ഈ മാസം ഇതു പൂർത്തിയാക്കി നവംബറിൽ ട്രയൽ റൺ നടത്താനും ഡിസംബർ ഒന്നിനു സർവീസ് തുടങ്ങാനുമാണു ശ്രമം. 

സവിശേഷതകൾ

∙ യാത്രക്കാർ കുറവുള്ള 686 ട്രെയിനുകൾ ഇല്ലാതാകും. ഇപ്പോഴുള്ള 4600 യാത്രാവണ്ടികൾ നാലായിരത്തിൽ താഴെയാകും. പ്രാഥമിക പട്ടികയിൽ കേരളത്തിലെ ചില പാസഞ്ചർ ട്രെയിനുകളും ഉത്തരേന്ത്യയിലേക്കുള്ള പ്രതിവാര എക്സ്പ്രസുകളുമുണ്ട്.

∙ 363 ദീർഘദൂര പാസഞ്ചർ ട്രെയിനുകൾ അപ്ഗ്രേഡ് ചെയ്ത് മെയിൽ/എക്സ്പ്രസ് ട്രെയിനുകളാക്കും. വേഗം മണിക്കൂറിൽ 45 കിലോമീറ്ററായി കൂട്ടുന്നതോടെ സമയത്തിലും സ്റ്റോപ്പുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകും. കേരളത്തിൽ മംഗളൂരു–കോയമ്പത്തൂർ–മംഗളൂരു, പുനലൂർ–ഗുരുവായൂർ–പുനലൂർ ട്രെയിനുകൾ ഈ പട്ടികയിലുണ്ട്.

∙ 120 മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ സൂപ്പർഫാസ്റ്റ് ആകും. മണിക്കൂറിൽ 55 കിലോമീറ്ററായിരിക്കും ശരാശരി വേഗം. അയൽ സംസ്ഥാനങ്ങളിലേക്കുള്ള രാത്രിവണ്ടികൾ ഈ ഗണത്തിൽ ഉൾപ്പെടുത്തും.

∙ 1600 രാത്രികാല സ്റ്റോപ്പുകൾ പൂർണമായി ഒഴിവാക്കും. പകൽ ട്രെയിനുകളുടെ സ്റ്റോപ്പുകളിൽ മാറ്റങ്ങളുണ്ടാകും. 

∙ ലിങ്ക് ട്രെയിൻ എന്ന സംവിധാനം (ട്രെയിനിന്റെ പകുതി കോച്ചുകൾ ഒരിടത്തേക്കും ബാക്കി പകുതി മറ്റൊരിടത്തേക്കും പോകുന്ന രീതി) ഇനിയുണ്ടാവില്ല. കേരളത്തിൽ അമൃത/രാജ്യറാണി എക്സ്പ്രസുകൾ നേരത്തേ രണ്ടു സർവീസുകളാക്കിയിരുന്നു. ആലപ്പുഴയിൽനിന്നുള്ള ധൻബാദ്/ടാറ്റ എക്സ്പ്രസും, യശ്വന്ത്പൂരിൽനിന്നുള്ള കണ്ണൂർ/കാർവാർ എക്സ്പ്രസും ചെന്നൈ എഗ്‌മൂറിൽനിന്നുള്ള ഗൂരുവായൂർ/തൂത്തുക്കുടി എക്സ്പ്രസും സ്വതന്ത്രമാകും.  

∙ ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി പ്രത്യേക സമയം. 

∙ ചരക്കു ട്രെയിനുകൾക്കും പ്രത്യേക സമയം. യാത്രാവണ്ടികൾ പോലെ, സമയക്രമമുണ്ടാക്കി നിശ്ചിത സമയം നിശ്ചിത സ്ഥലത്തേക്കു  ട്രെയിൻ ഓടിച്ചാൽ 2000 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നു റെയിൽവേ കണക്കുകൂട്ടുന്നു. 

∙ ടിക്കറ്റിങ് സംവിധാനത്തിലും കാതലായ മാറ്റം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA