ADVERTISEMENT

കൊച്ചി ∙ വിദേശ ചരക്കു വിമാനങ്ങളുടെ സർവീസ് ഇന്ത്യയിലെ 6 വിമാനത്താവളങ്ങളിലായി പരിമിതപ്പെടുത്തിയതോടെ കേരളത്തിൽനിന്നുള്ള പഴം, പച്ചക്കറി കയറ്റുമതി നാലിലൊന്നായി കുറഞ്ഞു. ചരക്കു വിമാനങ്ങൾക്ക് അനുവാദമുള്ള വിമാനത്താവളങ്ങളിൽ കേരളത്തിൽ നിന്ന് ഒന്നുപോലുമില്ല.

യാത്രാവിമാനങ്ങളിൽ ചരക്കു കയറ്റാനായി നീക്കി വച്ചിരിക്കുന്ന ഭാഗം ഉപയോഗിച്ചാണ് ഇപ്പോൾ കയറ്റുമതി. കാർഗോ വിമാനത്തിൽ 50 ടൺ ചരക്ക് കയറുമ്പോൾ യാത്രാവിമാനത്തിൽ 15 ടൺ വരെയേ കയറ്റൂ. ഒക്ടോബർ ഒന്നു മുതലാണ് വ്യോമയാന മന്ത്രാലയം ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽനിന്നു മാത്രം കാർഗോ വിമാനം മതിയെന്നു തീരുമാനിച്ചത്. 

ആഴ്ചയിൽ ശരാശരി തിരുവനന്തപുരത്തുനിന്ന് നാലും കൊച്ചിയിൽനിന്ന് പന്ത്രണ്ടും ചരക്കു വിമാനങ്ങളുമുണ്ടായിരുന്നു. കൊച്ചിയിൽ നിന്നു ദിവസം 150 ടൺ കയറ്റുമതി ചെയ്തിരുന്നു. എമിറേറ്റ്സും ഖത്തർ എയർവേയ്സും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചരക്കു വിമാനങ്ങൾ ലോക്ഡൗൺ കാലത്തും എത്തിയിരുന്നു. തങ്ങൾക്കു കിട്ടേണ്ട ചരക്ക് വിദേശ കാർഗോ വിമാനങ്ങൾ കൊണ്ടു പോകുന്നുവെന്ന് ആഭ്യന്തര വിമാനക്കമ്പനികൾ പരാതിപ്പെട്ടതിനെ തുടർന്നാണു നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണു സൂചന.

ഇന്ത്യൻ വിമാനക്കമ്പനികൾക്കു ലോകത്തിന്റെ പലഭാഗങ്ങളിലേക്കു കണക്‌ഷൻ വിമാനങ്ങളില്ലാത്തതിനാൽ അധികം ചരക്ക് എടുക്കാൻ കഴിയില്ല. വിദേശ വിമാനങ്ങൾക്കാകട്ടെ കണക്‌ഷൻ വിമാനങ്ങൾ എല്ലാ രാജ്യങ്ങളിലേക്കും ഉള്ളതിനാൽ ഇവിടെനിന്ന് അയയ്ക്കുന്ന ചരക്ക് ലോകമാകെ എത്തും.

കപ്പലിൽ ചരക്ക് അയയ്ക്കാമെന്നു വച്ചാൽ 7 ദിവസം വേണം ദുബായിലെത്താൻ. കേരളത്തിന്റെ കാർഷികോൽപന്ന, സുഗന്ധവ്യഞ്ജന വിപണിയെ കാര്യമായി ബാധിക്കുന്ന ഈ നയം എത്രയും വേഗം തിരുത്തണമെന്നാണു കയറ്റുമതി സംഘടനകളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com