വി.കെ.ജയരാജ് പോറ്റി ശബരിമല മേൽശാന്തി; മാളികപ്പുറത്ത് രെജികുമാർ നമ്പൂതിരി

1200 sabarimala
വി.കെ.ജയരാജ് പോറ്റി, എം.എൻ. രെജികുമാർ ജനാർദനൻ നമ്പൂതിരി
SHARE

ശബരിമല ∙ പുതിയ ശബരിമല മേൽശാന്തിയായി തൃശൂർ കൊടുങ്ങല്ലൂർ പൂപ്പത്തി വാരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റിയെയും (50) മാളികപ്പുറം മേൽ‌ശാന്തിയായി അങ്കമാലി വേങ്ങൂർ മൈലക്കൊട്ടത്ത് മനയിൽ എം. എൻ. രെജികുമാർ ജനാർദനൻ നമ്പൂതിരിയെയും (44) തിരഞ്ഞെടുത്തു.

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ബോർഡ് അംഗങ്ങളായ എൻ. വിജയകുമാർ, കെ.എസ്.രവി, സ്പെഷൽ കമ്മിഷണർ എം. മനോജ്, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ റിട്ട. ജസ്റ്റിസ് പത്മനാഭൻ നായർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തിരഞ്ഞെടുത്തത്. ഇരുവരും നവംബർ 15ന് സ്ഥാനമേൽക്കും.പന്തളം കൊട്ടാരത്തിലെ കൗശിക് കെ.വർമയാണ് ശബരിമലയിലെ കുറിയെടുത്തത്. ഋഷികേശ് വർമയാണ് മാളികപ്പുറത്തെ കുറിയെടുത്തത്.  

2005-’06 വർഷം മാളികപ്പുറം മേൽശാന്തിയായിരുന്നു ജയരാജ് പോറ്റി. നിലവിൽ താഴേക്കാട് നാരായണത്ത് മഹാവിഷ്ണു ക്ഷേത്രം മേൽശാന്തിയാണ്. വാരിക്കാട്ട് മഠത്തിൽ പരേതരായകൃഷ്ണൻ എമ്പ്രാന്തിരിയുടെയും ലക്ഷ്മി അന്തർജനത്തിന്റെയും മകനാണ്. ഉമാദേവി അന്തർജനമാണു ഭാര്യ. മക്കൾ: ആനന്ദ് കൃഷ്ണൻ, അർജുൻ കൃഷ്ണൻ.

എം.എൻ.രെജികുമാർ കാലടി മാണിക്കമംഗലം ഭട്ടേശ്വരം ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിയാണിപ്പോൾ. പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെയും ഗിരിജ അന്തർജനത്തിന്റെയും മകനാണ്. രജനി അന്തർജനമാണ് ഭാര്യ. മക്കൾ: ശബരിനാഥ്, ഗൗരി.

പുതുനിയോഗം അംഗീകാരം:ജയരാജ് പോറ്റി

മാള ∙ മഹാമാരിക്കെതിരെ പോരാടുന്ന മനുഷ്യർക്കു വേണ്ടിയുള്ള പ്രാർഥനകൾക്കും ഉപാസനകൾക്കും അയ്യപ്പ ഭഗവാൻ തന്ന അംഗീകാരമാണ് പുതിയ നിയോഗമെന്ന് ശബരിമല മേൽ ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട പൂപ്പത്തി വാരിക്കാട്ടു മഠത്തിൽ വി.കെ.ജയരാജ് പോറ്റി. മാളികപ്പുറത്തു നിന്ന് അയ്യപ്പ സന്നിധിയിലേക്കുള്ള യാത്ര കൂടിയാണ് പുതിയ നിയോഗമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു ജാലഹള്ളിയിലും ഇപ്പോൾ മേൽ ശാന്തിയായ കൊമ്പൊടിഞ്ഞാമാക്കൽ താഴേക്കാടു നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ചുമതല നിർവഹിക്കുമ്പോഴും അയ്യപ്പ വിഗ്രഹത്ത മനസ്സിൽ പൂജിച്ചിരുന്നു. 2005–ൽ മാളികപ്പുറം മേൽ ശാന്തിയായപ്പോൾ അയ്യപ്പ സ്വാമിക്കു പണം സമർപ്പിച്ചു പ്രാർഥിച്ചതും ആ പാദങ്ങളിൽ സേവ ചെയ്യാൻ വിളിക്കണമെന്നായിരുന്നു. 

തന്റെ ഗുരുക്കന്മാരുടെയും ചുള്ളൂർ മണിയത്തുകാവ് തേവരുടെയും അനുഗ്രഹമാണിതെന്നും അദ്ദേഹം വിശ്വസിക്കുന്നു.  

അച്ഛന്റെ അനുഗ്രഹമായെത്തി മാളികപ്പുറം മേൽശാന്തി സ്ഥാനം

അങ്കമാലി∙ അച്ഛന്റെ അനുഗ്രഹമാണു സൗഭാഗ്യമായതെന്ന് നിയുക്ത മാളികപ്പുറം മേൽശാന്തി വേങ്ങൂർ മൈലക്കൊട്ടത്ത് മന എം.എൻ. റെജികുമാർ ജനാർദനൻ നമ്പൂതിരി. 

അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു താൻ ശബരിമലയിലെ മേൽശാന്തി ആകണമെന്നത്. 5 ദിവസം മുൻപാണ് അച്ഛൻ നീലകണ്ഠൻ നമ്പൂതിരി മരിച്ചത്. ഈയൊരു സൗഭാഗ്യം വന്നപ്പോൾ അച്ഛൻ കൂടെയില്ലാത്തതിന്റെ വലിയ സങ്കടമുണ്ട്. അയ്യപ്പന്റെയും പരദേവതയുടെയും ഇപ്പോൾ ശാന്തിയുള്ള മാണിക്യമംഗലം പട്ടേശ്വരം ഭഗവതിയുടെയും അനുഗ്രഹവും കുടുംബാംഗങ്ങളുടെ പ്രാർഥനയും ഈ സ്ഥാനത്ത് എത്തുന്നതിനു കാരണമായി–അദ്ദേഹം പറഞ്ഞു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA