സിപിഎമ്മിനെ ‘ട്രോളി’ സിപിഐ ‘ഇതു താഷ്കന്റ് ഗ്രൂപ്പിന്റെ മാത്രം ശതാബ്ദി’

CPM-CPI-flags
SHARE

തിരുവനന്തപുരം∙ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണ ശതാബ്ദി സിപിഎം ആഘോഷിക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ അവരെ ‘ട്രോളി’ സിപിഐ. കമ്യൂണിസ്റ്റ് പാർട്ടിയുടേതല്ല, താഷ്കന്റ് ഗ്രൂപ്പിന്റെ ശതാബ്ദി മാത്രമാണു സിപിഎം ആഘോഷിക്കുന്നതെന്നാണു സിപിഐയുടെ പരിഹാസം.

1920 ഓഗസ്റ്റ് 17ന് താഷ്കന്റിലാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയെന്നു സിപിഎമ്മും അതല്ല, 1925 ഡിസംബർ 26ന് കാൻപുരിലാണു പ്രസ്ഥാനത്തിനു തുടക്കം കുറിച്ചതെന്നു സിപിഐയും കാലങ്ങളായി വാദിക്കുന്നു.

‘ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കു 100 വയസ്സ്’ എന്നു സിപിഎം നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയതിനു പിന്നാലെയാണു സിപിഐയുടെ സൈബർ വിമർശനവും പരിഹാസവും. താഷ്കന്റ് ഗ്രൂപ്പിന്റെ മാത്രം ശതാബ്ദി എന്ന പ്രൊഫൈൽ ചില സിപിഐ നേതാക്കളുടെ എഫ്ബി പേജുകളിൽ പ്രത്യക്ഷപ്പെട്ടു. പിന്നാലെ അണികളും ഇത് ഏറ്റെടുത്തു. ഈ തർക്കത്തെക്കുറിച്ചു കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരാമർശിച്ചതും സൈബർ പോരിന്റെ ശക്തി കൂട്ടി.

രൂപീകരണ വർഷം 1925 ആണെന്നു പിളർപ്പിനു മുൻപു കേന്ദ്ര കമ്മിറ്റി അംഗീകരിച്ചതാണെന്ന രേഖകൾ ഉയർത്തിക്കാട്ടിയാണു സിപിഐയുടെ പ്രചാരണം. പണ്ടും പലയിടത്തും കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഉണ്ടായിട്ടുണ്ടെന്നും എവിടെയെങ്കിലും തട്ടിൻപുറത്തിരുന്ന് ആലോചിക്കുന്നത് ഔദ്യോഗിക രൂപീകരണമാണോ എന്നുമാണു സിപിഐ വാദം. കേരളത്തിൽ പിണറായി പാറപ്രത്തു കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടായപ്പോൾ അവിടെ പ്രവർത്തനം ഉണ്ടായിരുന്നില്ലെന്നും പിന്നെ എന്തിന് അതിനെ സിപിഐ അംഗീകരിക്കുന്നു എന്നുമാണു സിപിഎമ്മിന്റെ എതിർവാദം. ചരിത്രം സത്യമാണെന്നും അതു വ്യാഖ്യാനിച്ചു മാറ്റാൻ കഴിയില്ലെന്നും സിപിഐ മുഖപത്രമായ ‘ജനയുഗ’ത്തിൽ പാർട്ടി സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു ലേഖനവും എഴുതിയിട്ടുണ്ട്.  സിപിഐയുടേതു കമ്യൂണിസ്റ്റ് സമീപനമല്ല എന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയുടെ ലേഖനത്തിനു മറുപടിയായാണു പ്രകാശ് ബാബുവിന്റെ ലേഖനം.

Content highlights: CPM celebrates Tashkent group jubilee: CPI

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA