ADVERTISEMENT

തിരുവല്ല ∙ പുലാത്തീൻ എന്ന വാക്കിന് ഭരണാധികാരികൾ വസിക്കുന്ന ഇടം എന്നാണ് അർഥം. പാലക്കുന്നത്ത് പി.ടി.ജോസഫ് (ബേബി) ഇവിടേക്ക് ആദ്യം കടന്നുവന്നത് ഭരണം നടത്താനായിരുന്നില്ല. മാർത്തോമ്മാ സഭാ അധ്യക്ഷനായിരുന്ന തീത്തൂസ് ദ്വിതീയൻ മെത്രാപ്പൊലീത്തയെ ശുശ്രൂഷിക്കാൻ വേണ്ടിയായിരുന്നു.

പി.ടി. ജോസഫിന്റെ വല്യപ്പച്ചന്റെ സഹോദരനായിരുന്നു പാലക്കുന്നത്ത് തീത്തൂസ് ദ്വിതീയൻ മെത്രാപ്പൊലീത്ത. ഏറെക്കാലം കാഴ്ച ശക്തിയില്ലാതെ അദ്ദേഹത്തിന് കഴിയേണ്ടിവന്നു. സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് സമയം കിട്ടുമ്പോഴൊക്കെ മെത്രാപ്പൊലീത്തയെ ശുശ്രൂഷിക്കാൻ പി.ടി.ജോസഫ് എത്തുമായിരുന്നു. വെള്ളിയാഴ്ചകളിൽ വൈകുന്നേരം പുലാത്തീനിൽ എത്തിയാൽ ഞായർ വൈകുന്നേരമേ മടങ്ങൂ. 1944ൽ തീത്തൂസ് ദ്വിതീയൻ കാലം ചെയ്യുന്നതു വരെ ഈ യാത്രയ്ക്ക് മുടക്കമുണ്ടാകാറില്ലായിരുന്നു. ഈ ശുശ്രൂഷയാണ് പി.ടി.ജോസഫിനെ സഭയുടെ വലിയ ഇടയനിലേക്കുള്ള പടികൾ ചവിട്ടിക്കയറാൻ സഹായിച്ചത്.

പരിസ്ഥിതി സംരക്ഷണം ദൈവിക ശുശ്രൂഷയായിതന്നെ പരിഗണിച്ചിരുന്ന ഇടയനായിരുന്നു അദ്ദേഹം. മരങ്ങൾ നട്ടു പരിപാലിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ മാരാമൺ കൺവൻഷനിലൂടെ ലക്ഷക്കണക്കിന് വൃക്ഷത്തൈകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തിട്ടുള്ളത്.

ഏത് ഭരണാധികാരിയോടും തന്റെ അഭിപ്രായം തുറന്നു പറയാൻ മടിയില്ലാത്ത വ്യക്തി കൂടിയായിരുന്നു. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരേന്ദ്ര മോദി എന്നിവരുമായി വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്നു.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഏറെ ബന്ധം പുലർത്തിയിരുന്നു. ജോസഫ് മാർത്തോമ്മാ ഗുജറാത്ത് സന്ദർശിച്ച വേളകളിൽ ബിജെപി സർക്കാർ പ്രത്യേക അതിഥിയായാണ് സ്വീകരിച്ചിരുന്നത്. എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നവതി ആഘോഷം ജൂൺ 27ന് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

2018ൽ മഹാപ്രളയമുണ്ടായപ്പോൾ പ്രായം മറന്ന് ദുരിതാശ്വാസ ക്യാംപുകളിൽ എത്തി. ദുരിതം അനുഭവിക്കുന്നവർക്കു ഭക്ഷണവും താമസ സൗകര്യവും ഒരുക്കി. വീടു നഷ്ടപ്പെട്ട നൂറോളം പേർക്ക് സഭയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകി. കോവിഡ് കാലത്ത് ഭക്ഷ്യ സാധനങ്ങളും മരുന്നും എത്തിക്കാൻ ഇടവക വികാരിമാർക്കു നിർദേശം നൽകി. കാർഡ് ഉൾപ്പെടെയുള്ള ഏജൻസികൾ ഇതിനായി മുന്നിട്ടിറങ്ങി.

സംഗീത പ്രേമിയായ അദ്ദേഹം മാരാമൺ കൺവൻഷനിൽ ഗായക സംഘത്തോടൊപ്പം വേദിയിൽ ഇരുന്ന് പാടുമായിരുന്നു. ആത്മ സന്തോഷം കൊണ്ടാനന്ദിപ്പാൻ...., കുഞ്ഞാട്ടിൻ തിരു രക്തത്താൽ...... എന്നീ ഗാനങ്ങളായിരുന്നു ഏറെ ഇഷ്ടം.

മാരാമൺ കൺവൻഷനിൽ ആദ്യമായി ഗാനങ്ങൾ കസെറ്റിലൂടെ പുറത്തിറക്കിയത് ജോസഫ് മാർത്തോമ്മായുടെ ശ്രമഫലമായിരുന്നു. 1978ൽ സിംഗപ്പൂരിൽ നിന്ന് 500 ഓഡിയോ കസെറ്റ് വരുത്തി ചെന്നൈയിൽ യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത് മാരാമൺ മണൽപ്പുറത്ത് എത്തിച്ച ചരിത്രവും അവകാശപ്പെടാം.

മാർത്തോമ്മാ സഭയുടെ സംഗീത വിഭാഗമായി ഡിഎസ്എംസിക്ക് ആസ്ഥാനം ഉണ്ടാകുന്നതിലും പ്രത്യേക സംഗീത വിഭാഗം രൂപപ്പെടുന്നതിലും ശ്രദ്ധ കാണിച്ചു. ദിവ്യ സംഗീത സന്ധ്യ, പുൽക്കൂട്ടിൽ പൂക്കാലം എന്നീ പരിപാടികൾ ശ്രദ്ധേയമാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com