പാലക്കുന്നത്ത് ഉദിച്ച നക്ഷത്രം

joseph-marthoma
SHARE

മെത്രാപ്പൊലീത്തമാർക്കു ജന്മം നൽകി പുകൾപ്പെറ്റ പാലക്കുന്നത്ത് തറവാട്ടിലെ അഞ്ചാം മെത്രാപ്പൊലീത്തയായിരുന്നു ഡോ.ജോസഫ് മാർത്തോമ്മാ. തറവാട്ടിലെ ആദ്യ മെത്രാപ്പൊലീത്ത മാത്യൂസ് മാർ അത്താനാസിയോസ് (1818 – 1877) ആണ്. പിന്നീട് തോമസ് മാർ അത്താനാസിയോസ് (1837 – 1893), തീത്തൂസ് പ്രഥമൻ (1843 – 1909) തീത്തൂസ് ദ്വിതീയൻ (1866 – 1944) എന്നിവരും ഈ തറവാട്ടിൽ പിറന്നു. മാർത്തോമ്മാ സഭ മുന്നോട്ടു വച്ച നവീകരണത്തിന്റെ ആദ്യ ബലി നടത്തിയ ഏബ്രഹാം മൽപ്പാനും പാലക്കുന്നത് തറവാട്ടിൽ നിന്നു തന്നെ. 1837ൽ പരിഷ്കരിച്ച കുർബാനക്രമം (തക്സ) ഉപയോഗിച്ച് ഏബ്രഹാം മൽപ്പാൻ മാരാമൺ പള്ളിയിൽ ആദ്യ കുർബാന നടത്തി.

തീത്തൂസ് ദ്വിതീയന്റെ ജ്യേഷ്ഠ സഹോദരൻ കടോണെ അച്ചായൻ എന്ന പാലക്കുന്നത്ത് കടോൺ തോമാച്ചന്റെ മകൻ ലൂക്കോസിന്റെ മൂത്ത മകനാണ് ഡോ. ജോസഫ് മാർത്തോമ്മാ. ഏബ്രഹാം മൽപ്പാന്റെ സഹോദരന്റെ പേരക്കുട്ടി. പി.ടി.ജോസഫ് എന്നായിരുന്ന ആദ്യ പേര്. വീട്ടിൽ ബേബി എന്നു വിളിച്ചിരുന്നു. അധ്യാപകനാകാനാണ് ജോസഫ് ആഗ്രഹിച്ചിരുന്നത്. നെടുംപ്രയാറിലെയും മാരാമണ്ണിലെയും പ്രൈമറി സ്കൂളിലും കോഴ‍ഞ്ചേരി സെന്റ് തോമസ് സ്കൂളിലും പഠിച്ച ശേഷം ഇന്റർമീഡിയറ്റിനായി ആലുവ യുസി കോളജിൽ ചേർന്നു. പഠനം പൂർത്തിയാക്കി 1954ൽ തിരിച്ചെത്തിയ ജോസഫിനെ കാത്തിരുന്നത് സഭാ സെക്രട്ടറിയുടെ കത്താണ്. 

ക്ലർജി സിലക്‌ഷൻ കമ്മിറ്റിക്കു മുൻപാകെ ഹാജരാകാനായിരുന്നു നിർദേശം. അഭിമുഖം പാസായ ജോസഫിനെ ജബൽപ്പുർ ലിയോനാർഡ് തിയോളജിക്കൽ കോളജിലേക്ക് സ്പോൺസേഡ് കാൻഡിഡേറ്റായി തിരഞ്ഞെടുത്തു. എന്നാൽ സ്പോൺസർഷിപ് അദ്ദേഹം സ്വീകരിച്ചില്ല. ദൈവശാസ്ത്രം പഠിക്കാമെന്നും നിയോഗമുണ്ടെങ്കിൽ വൈദികനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെ യൂഹാനോൻ മാർത്തോമ്മായുടെ അനുമതിയോടെ ബെംഗളൂരു യൂണിയൻ തിയോളജിക്കൽ കോളജിൽ സ്വതന്ത്ര വിദ്യാർഥിയായി പ്രവേശിച്ചു. ഈ പഠനമാണ് ജീവിതത്തിലെ വഴിത്തിരിവ്. 1957ൽ പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തി. 

സഭാ ശുശ്രൂഷകനാകുന്നതിലെ ആശങ്കകൾ സുഹൃത്തുക്കളുമായി പങ്കുവച്ചു. മാരാമൺ പള്ളി വികാരിയായിരുന്ന റവ. കെ.പി.ഫിലിപ്പാണ് തീരുമാനമെടുക്കാൻ അദ്ദേഹത്തെ സഹായിച്ചത്. 

റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിലാണ് ജോസഫ് മാർത്തോമ്മാ വികാരിയായി ആദ്യം സേവനം ചെയ്യുന്നത്. പിന്നീട് കോഴിക്കോട്, കുണ്ടറ, ചെന്നൈ, തിരുവനന്തപുരം ഇടവകകളിലും വികാരിയായി. സുവിശേഷ പ്രസംഗ സംഘം സഞ്ചാര സെക്രട്ടറിയായും പ്രവർത്തിച്ചു. 

1974ൽ എപ്പിസ്കോപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 1997 മുതൽ അടൂർ മാവേലിക്കര ഭദ്രാസനാധ്യക്ഷനായി. 1999 മാർച്ച് 15ന് സഫ്രഗൻ മെത്രാപ്പൊലീത്തയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA