ഡോ.ജോസഫ് മാർത്തോമ്മാ എന്ന മാനവിക നേതൃത്വം

joseph
SHARE

ഇച്ഛാശക്തി കൊണ്ടും ആജ്ഞാശേഷി കൊണ്ടും വ്യത്യസ്തനായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. അചഞ്ചലമായ നിലപാടുകൾ, ധീരമായ ഇടപെടലുകൾ, ഉറച്ച കാൽവയ്പുകൾ എന്നിവ മെത്രാപ്പൊലീത്തയുടെ അസ്തിത്വത്തിന്റെ ഭാഗമായിരുന്നു.

6 പതിറ്റാണ്ടുകൾ സഭയിലൂടെ പട്ടത്വ –മേൽപട്ടത്വ സ്ഥാനങ്ങളിൽ നൽകിയിട്ടുള്ള സംഭാവനകൾ ശ്രദ്ധേയമാണ്. മലങ്കരയിലെ നവീകരണത്തിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന പാലക്കുന്നത്ത് കുടുംബത്തിന്റെ പിൻമുറക്കാരൻ പാരമ്പര്യത്തിൽ ശ്രേഷ്ഠനും നവീകരണത്തെ മാറോട് ചേർത്ത ഇടയനും, കർമകുശലതയിൽ ഒന്നാം നിരക്കാരനും ആയിരുന്നു.

സഭയുടെ വ്യത്യസ്ത തലങ്ങളിൽ നൽകിയിട്ടുള്ള സാരഥ്യം അദ്ദേഹത്തിന്റെ നേതൃത്വ ഗുണത്തിന്റെ വിവിധ വശങ്ങളെ വെളിവാക്കുന്നു. സഫ്രഗൻ മെത്രാപ്പൊലീത്ത, മെത്രാപ്പൊലീത്ത എന്നീ നിലകളിൽ സഭയെ പുത്തൻമാനങ്ങളിൽ നയിക്കാനും സഭയുടെ അമരക്കാരൻ എന്ന നിലയിൽ 13 വർഷം കൊണ്ട് മാർത്തോമ്മാ സഭയുടെ യശസ്സ് ദേശീയ, രാജ്യാന്തര തലങ്ങളിൽ ഉയർത്താനും തിരുമേനിക്ക് സാധിച്ചു.

geevarghese
ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത

പ്രവാചക തുല്യമായ ഇടപെടലുകൾ സഭയിൽ മാത്രമല്ല, എക്യൂമെനിക്കൽ രംഗങ്ങളിലും, മത സാമൂഹിക സ്ഥാപനകളിലും, മതേതര സമൂഹത്തിലും അദ്ദേഹത്തിലൂടെ വെളിവായി. ചരിത്രത്തിലുളവായിട്ടുള്ള ആപൽഘട്ടങ്ങളെ ഔചിത്യത്തോടെ അതിജീവിക്കാൻ തിരുമേനിക്ക് സാധിച്ചിട്ടുണ്ട്. രോഗം, അപകടം, ആപത്ത്, പ്രകൃതിക്ഷോഭം, വേർപാട് എന്നിങ്ങനെ പല പ്രയാസങ്ങളിലിരിക്കുന്നവരെയും ഏത് തിരക്കുകളുടെ മധ്യത്തിലും സന്ദർശിക്കുന്നതിനും ആശ്വാസം പകരുന്നതിനും സമയം കണ്ടെത്തിയിരുന്നു. സങ്കുചിത താൽപര്യങ്ങൾക്കപ്പുറം വിശാല ദർശനത്തിൽ പ്രശ്‌നങ്ങളെ സമീപിക്കുന്നതിനും ഒരു മതാചാര്യൻ എന്ന നിലയിൽ ആശ്വാസം പകരുന്നതിനും ശ്രമിച്ചിരുന്നു.

രാഷ്ട്രീയ നേതൃത്വത്തോടും കാലാകാലങ്ങളിൽ അധികാരത്തിൽ പ്രവേശിക്കുന്ന സർക്കാരുകളോടും ഭരണ സംവിധാനത്തോടും സമചിത്തതയോടെ സമീപിക്കുന്നതിനും ആവശ്യമെങ്കിൽ ഉറച്ച നിലപാടുകൾ നേരിട്ടും മാധ്യമങ്ങളിലൂടെയും തുറന്ന് അറിയിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മദ്യ നയത്തോടുള്ള തിരുമേനിയുടെ പ്രതികരണം. തെറ്റുകളിൽ അകപ്പെടുന്നവരെ ശിക്ഷണത്തിലൂടെ തിരുത്തുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

സഭയുടെ ശുശ്രൂഷ സാധ്യമാക്കുന്നതിന് വിഭവ സമാഹരണവും, സ്വത്തിന്റെയും സ്ഥാപനകളുടെയും സ്വരുക്കൂട്ടലുകളും ആവശ്യമാണെന്ന് തിരുമേനി വിശ്വസിക്കുകയും പഠിപ്പിക്കുകയും നേതൃത്വത്തിലൂടെ പ്രാവർത്തികമാക്കുകയും ചെയ്തു. 

കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയുടെയും കുമ്പനാട് ഫെലോഷിപ് ആശുപത്രിയുടെയും വളർച്ചയുടെ പിന്നിൽ തിരുമേനിയുടെ നേതൃത്വമായിരുന്നു. കറ്റാനം ആശുപത്രി ഇന്ന് വികസനത്തിന്റെ പാതയിലാണ്. സ്‌കൂൾ ഓഫ് നഴ്‌സിങ്, കോളജ് ഓഫ് നഴ്സിങ്, ഫാർമസി കോളജ്, പോസ്റ്റ് ഗ്രാജ്വേറ്റ് നഴ്സിങ് കോളജ്, കോളജ് ഓഫ് ഒപ്റ്റോമെട്രി എന്നിങ്ങനെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സഭയ്ക്ക് ഉണ്ടാകുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കുമ്പനാട് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റും സാന്ത്വന പരിചരണ വിഭാഗവും അനേകർക്ക് ആശ്വാസമാണ്. വെല്ലൂർ ഗൈഡൻ ഹോമിന്റെ വികസനവും ഇത്തരുണത്തിൽ സ്മരിക്കാം.

oommen
മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചാപ്പലിൽ എത്തിച്ചപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ത്യോപചാരം അർപ്പിക്കുന്നു. വർഗീസ് മാമ്മൻ, ജോർജ് മാമ്മൻ കൊണ്ടൂർ, എബി കുര്യാക്കോസ്, പി.ജെ. കുര്യൻ, സംവിധായകൻ ബ്ലസി തുടങ്ങിയവർ സമീപം.

വ്യത്യസ്തതയുള്ള ശൈലികൊണ്ട് എക്യുമെനിക്കൽ രംഗങ്ങളിൽ അനുരഞ്ജനത്തിന്റെ വക്താവായി തിരുമേനി അറിയപ്പെടുന്നു. നമ്മുടെ സഹോദരങ്ങളായ ട്രാൻസ്ജെൻഡർ സമൂഹത്തോട് സ്‌നേഹവും കരുതലുമുള്ളവരായിരിക്കാൻ നമുക്കും പ്രത്യേക കടമയും ഉത്തരവാദിത്തവും ഉണ്ടെന്നുള്ള തിരിച്ചറിവ് മാർത്തോമ്മാ സഭയുടെ പ്രേക്ഷിതവേലയിൽ പുതിയ കാൽവയ്പുകൾ നൽകി. 2018 ലെ മാരാമൺ കൺവൻഷൻ വേദി പങ്കിടാൻ ട്രാൻസ്ജെൻഡർ സമൂഹത്തിന് അനുമതി നൽകിയത് തികച്ചും ശ്രദ്ധേയമായി. ഇതിലൂടെ സഭയുടെ ദൗത്യത്തിന് ഒരു പുത്തൻ ദിശാബോധം കൈവരിക്കാനായി.

പുത്തൻ മാനവികതയ്ക്കായി സഭയെയും സമൂഹത്തെയും നിരന്തരം ആഹ്വാനം ചെയ്യുന്ന ഒരു മതമേലധ്യക്ഷൻ കൂടിയായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. സാമൂഹിക തിന്മകളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിന് സഭാ മക്കളെ വാക്കിലൂടെയും തന്റെ എഴുത്തുകളിലൂടെയും ആഹ്വാനം ചെയ്തിരുന്നു. 

മനുഷ്യത്വത്തിന്റെ വികലമാക്കപ്പെട്ട മുഖങ്ങളല്ല ദൈവം ആഗ്രഹിക്കുന്നത് മറിച്ച് ക്രിസ്തുവിൽ ദൈവത്തിന്റെ മനുഷ്യമുഖം ദർശിച്ചതുപോലെ നമ്മിലും ക്രിസ്തുവിന്റെ മുഖം ലോകം ദർശിക്കാനും ആ വെളിച്ചത്തിലൂടെ ലോകത്തിന്റെ അന്ധകാരം നീക്കാനും ഈ വലിയ ഇടയന്റെ ജീവീതം നമ്മേ ആഹ്വാനം ചെയ്യുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA