ADVERTISEMENT

തിരുവല്ല ∙ കർമ മണ്ഡലത്തിൽ നിഷ്ഠയും ആർദ്രതയും സമന്വയിപ്പിച്ച മാർത്തോമ്മാ സഭാ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് (89) ആയിരങ്ങളുടെ അന്ത്യാഞ്ജലി.

സഭാ ആസ്ഥാനമായ പുലാത്തീൻ സ്ഥിതിചെയ്യുന്ന എസ്‌സിഎസ് ഹിൽസിലെ ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഹാളിൽ പൊതുദർശനത്തിനു വച്ച ഭൗതിക ശരീരത്തിൽ നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ അന്തിമോപചാരം അർപ്പിച്ചു. കബറടക്കം പൂർണ ഒൗദ്യോഗിക ബഹുമതികളോടെ ഇന്ന് 3ന് സഭാ ആസ്ഥാനത്ത് ബിഷപ്പുമാർക്കായുള്ള പ്രത്യേക കബറിടത്തിൽ നടക്കും. ശുശ്രൂഷകൾക്ക് ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ്‍ സഫ്രഗൻ മെത്രാപ്പൊലീത്ത നേതൃത്വം നൽകും. സഭയിലെ മറ്റു ബിഷപ്പുമാർ സഹകാർമികരാകും.

പാൻക്രിയാസ് കാൻസറിനെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ 2.38നായിരുന്നു അന്ത്യം. മെത്രാപ്പൊലീത്തയുടെ ആഗ്രഹപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടത്തിയിരുന്നു.

1957 ഒക്ടോബർ 18നു വൈദികനായ പി.ടി.ജോസഫ് എന്ന ജോസഫ് മാർത്തോമ്മാ, സഭാധ്യക്ഷ സ്ഥാനത്ത് 13 വർഷം പൂർത്തിയാക്കി മറ്റൊരു ഒക്ടോബർ 18ന് ആണ് വിട ചൊല്ലിയത്.

കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരുന്നു പൊതുദർശനം. കബറടക്കത്തിന്റെ ഭാഗമായ 2 ശുശ്രൂഷകൾ ഇന്നലെ പൂർത്തിയായി. ഇന്ന് രാവിലെ 8.30നും ഉച്ചയ്ക്കു ശേഷം മൂന്നിനും തുടർന്നുള്ള ശുശ്രൂഷകൾ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ 2 വരെ മാത്രമാണ് പൊതുദർശനം. അതിനു ശേഷം പൊതുജനങ്ങൾക്ക് എസ്‍സിഎസ് കോംപൗണ്ടിൽ പ്രവേശനമില്ല. തുടർന്ന്, കബറടക്ക ചടങ്ങുകൾ നടക്കും.

1931 ജൂൺ 27നു മാരാമൺ പാലക്കുന്നത്ത് തറവാട്ടിൽ കടോൺ ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായാണ് ജനനം. 2007 ഒക്ടോബർ 2 മുതൽ മാർത്തോമ്മാ സഭയുടെ അധ്യക്ഷനാണ്. ആരോഗ്യ കാരണങ്ങളാൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് 2007 ഒക്ടോബർ 2ന് ആണ് മാർത്തോമ്മാ മെത്രാപ്പൊലീത്തയായി ചുമതലയേറ്റത്.

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ മെത്രാപ്പൊലീത്തയുടെ വേർപാടിൽ അനുശോചിച്ചു. ‘മലയാള മനോരമ’യ്ക്കു വേണ്ടി മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു ആദരാഞ്ജലി അർപ്പിച്ചു.

എക്കാലവും ഓർമിക്കപ്പെടും: മോദി

ന്യൂഡൽഹി∙ കാലം ചെയ്ത മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്കു പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർധനരുടെയും കഷ്ടതയനുഭവിക്കുന്നവരുടെയും ജീവിതം മെച്ചപ്പെടുത്താൻ അക്ഷീണം പ്രവർത്തിച്ച വ്യക്തിയായിരുന്നു മെത്രാപ്പൊലീത്തയെന്നു മോദി അനുസ്മരിച്ചു. സഹാനുഭൂതിയും വിനയവും നിറഞ്ഞ അദ്ദേഹത്തിന്റെ ആശയങ്ങൾ എക്കാലവും ഓർമിക്കപ്പെടും – മോദി ട്വിറ്ററിൽ കുറിച്ചു.

മെത്രാപ്പൊലീത്തയുടെ തൊണ്ണൂറാം ജൻമദിനാഘോഷച്ചടങ്ങിൽ ഏതാനും മാസം മുൻപ് താൻ നടത്തിയ പ്രസംഗവും മോദി പങ്കുവച്ചു.

Content highlights: Dr.Joseph Mar Thoma metropolitan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com