ADVERTISEMENT

പത്തനംതിട്ട ∙ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ അടക്കം 9 പേരെ പ്രതികളാക്കി സാമ്പത്തിക തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കും ആറന്മുള പൊലീസ് കേസെടുത്തു. പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്‌സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 30.70 ലക്ഷം തട്ടിയെന്ന ആറന്മുള സ്വദേശിയുടെ പരാതിയിലാണു കേസ്. കുമ്മനം രാജശേഖരന്റെ പിഎ പ്രവീൺ വി.പിള്ളയാണ് ഒന്നാം പ്രതി. കുമ്മനം നാലാം പ്രതിയാണ്.

ശബരിമല ദേവപ്രശ്‌നത്തിലടക്കം പങ്കെടുത്തിട്ടുള്ള ജ്യോതിഷിയാണ് പരാതിക്കാരനായ പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണൻ. പരാതിയിൽ പറയുന്നത്: 2018 ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു വേളയിലാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. മിസോറം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ ശബരിമലയിലെത്തിയപ്പോഴും ചർച്ച നടത്തി. കുമ്മനത്തിന്റെ പഴ്സനൽ സെക്രട്ടറി പ്രവീണും പാർട്നർഷിപ് എടുക്കാൻ നിർബന്ധിച്ചു. കമ്പനിയുടെ പേരിൽ കൊല്ലങ്കോട് കനറാ ബാങ്ക് ശാഖയിലേക്കു 36 ലക്ഷം രൂപ കൈമാറി.

പങ്കാളിത്ത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. 500 രൂപയുടെ പത്രത്തിൽ കരാർ എഴുതി ബ്ലാങ്ക് ചെക്ക് സഹിതം നൽകി. പണം മടക്കി ചോദിച്ചപ്പോൾ പലപ്പോഴായി 4 ലക്ഷം കിട്ടി. ശേഷിച്ച പണം കിട്ടാതെ വന്നപ്പോഴാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.  പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയൻ, സേവ്യർ, ബിജെപി എൻആർഐ സെൽ കൺവീനർ എൻ.ഹരികുമാർ, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണു കേസിലെ മറ്റു പ്രതികൾ. 

രാഷ്ട്രീയ ലക്ഷ്യം; സാമ്പത്തിക ഇടപാടില്ല: കുമ്മനം

പരാതിയുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും പരാതിക്കാരനെ ദീർഘനാളായി അറിയാമെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു. കമ്പനി ആരംഭിക്കുന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെങ്കിലും താൻ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. പിഎ പ്രവീണിന് ഇക്കാര്യത്തിൽ ബന്ധമുണ്ടായിരുന്നോ എന്നറിയില്ല. തന്നെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ട്. പരാതി ഉണ്ടായപ്പോൾ തന്നോടു പ്രാഥമികമായി അന്വേഷിക്കാൻ പോലും പൊലീസ് തയാറായില്ലെന്നും കുമ്മനം പറഞ്ഞു.

Content highlights: Case against Kummanam Rajasekharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com