ADVERTISEMENT

കൊല്ലം ∙ കശുവണ്ടി വികസന കോർപറേഷനിലെ തോട്ടണ്ടി അഴിമതിക്കേസിൽ മുഖ്യപ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് അനുമതി നൽകാമെന്നു ഫയലിൽ കുറിച്ച വകുപ്പു സെക്രട്ടറിയെ സർക്കാർ രായ്ക്കുരാമാനം പറപ്പിച്ചു. ഇദ്ദേഹത്തെ മാറ്റിയ ശേഷമാണു പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടതില്ലെന്ന സർക്കാർ ഉത്തരവിറങ്ങിയത്.

കേസിലെ ഒന്നാം പ്രതി കോർപറേഷൻ മുൻ എംഡി: കെ.എ.രതീഷ്, മൂന്നാം പ്രതി മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ യ്ക്ക് അനുമതി നൽകാമെന്ന് ആദ്യം ഫയലിൽ എഴുതിയതു കശുവണ്ടി വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട് ആയിരുന്നു. ഫയലിൽ വകുപ്പുമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും ഒപ്പിട്ടു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു വിട്ടതോടെ കഥ മാറി. അവിടെ നിന്നാണു നിയമോപദേശത്തിനു വിട്ടത്.

പ്രോസിക്യൂഷന് അനുമതി നൽകാമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പു സെക്രട്ടറി കൂടിയായ ഗോപാലകൃഷ്ണ ഭട്ട് ഫയലിൽ കുറിച്ചതിനു പിന്നാലെ അദ്ദേഹത്തെ താരതമ്യേന അപ്രധാനമായ സൈനിക ക്ഷേമ വകുപ്പു സെക്രട്ടറിയായി സ്ഥലം മാറ്റുകയായിരുന്നു. പകരം കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞു തിരികെയെത്തിയ രാജേഷ്കുമാർ സിൻഹയെ നിയമിച്ചു. പ്രോസിക്യൂഷന് അനുമതി നൽകണമെന്നു ശുപാർശ ചെയ്ത ഉദ്യോഗസ്ഥനെക്കൊണ്ട് അനുമതി നിഷേധിച്ച് ഉത്തരവിറക്കാൻ കഴിയില്ലെന്നു കണ്ടു ഭട്ടിനെ മാറ്റിയെന്നാണു വിവരം. ഇദ്ദേഹം വൈകാതെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷകനായി പോയി.

ശമ്പളം ഇരട്ടിയാക്കാൻ തീരുമാനം

നിലവിൽ ഖാദി ബോർഡ് സെക്രട്ടറി കെ.എ.രതീഷിന്റെ ശമ്പളം ഇരട്ടിയാക്കാൻ സർക്കാർ തീരുമാനം. എന്നാൽ മുൻ സെക്രട്ടറിമാർക്കു നൽകിയിരുന്ന ശമ്പളം എത്രയെന്ന് വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ് ആരാഞ്ഞതോടെ സാങ്കേതികക്കുരുക്കായി. കിൻഫ്ര മാനേജിങ് ഡയറക്ടറുടെ ശമ്പളത്തിനു തുല്യമായി 1,75,000 രൂപയും മറ്റ് അലവൻസുകളും അനുവദിക്കാനാണു തീരുമാനം. ഫയലിൽ ഖാദി ബോർഡ് ചെയർമാൻ കൂടിയായ വ്യവസായ മന്ത്രി ഇ.പി.ജയരാജൻ ഒപ്പിട്ടു. മുൻ സെക്രട്ടറിക്ക് 80000 രൂപയായിരുന്നു ശമ്പളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com