ADVERTISEMENT

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിപദം ഒഴിഞ്ഞത് പാർട്ടിയുടെയോ ഇടതുമുന്നണിയുടെയോ പിണറായി സർക്കാരിന്റെയോ മാത്രം വിഷയമല്ല. അതിൽ കേരളീയരുടെ പൊതുജീവിതത്തെ നേരിട്ടു ബാധിക്കുന്ന ധാർമിക പ്രശ്നങ്ങൾ പലതും ഉള്ളടങ്ങിക്കിടപ്പുണ്ട്.

ഇന്ത്യയിലെ ഒരേയൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി നാടുവാഴുമ്പോൾ അവിശ്വസനീയവും മുൻപെങ്ങും കേട്ടുകേൾവിയില്ലാത്തതുമായ വർത്തമാനങ്ങളാണ് ഭരണകാര്യാലയത്തിനു ചുറ്റും നടക്കുന്നതായി നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്, പ്രതിപക്ഷത്തെ ചില നേതാക്കളെക്കുറിച്ചും അവർ ഭരിച്ചുകൊണ്ടിരുന്നപ്പോൾ വന്നുകൊണ്ടിരുന്നതു സമാനവാർത്തകളാണ്. ‘കനകം മൂലമായും കാമിനി മൂല’മായും വന്നുചേരുന്ന അപചയങ്ങൾക്കു കൊടിഭേദം ഇല്ലെന്നായിരിക്കുന്നു.

മക്കളിലൂടെ രണ്ടു വഴിക്കാണ് നമ്മുടെ ജനാധിപത്യത്തിനു ജീർണത വന്നുപെട്ടത്:

ഒന്ന് – രാജവാഴ്ചക്കാലത്തെന്നപോലെ, ഭരണം തങ്ങൾക്കു പാരമ്പര്യമായിക്കിട്ടേണ്ടതാണ് എന്ന വിശ്വാസവുമായി ‘യുവരാജാക്കന്മാർ‌’ പാർട്ടികളിലും സർക്കാരുകളിലും പിടിമുറുക്കി. ഇതാണു ‘മക്കൾ രാഷ്ട്രീയം’. രണ്ട് – പൊതുപ്രവർത്തനത്തിനൊന്നും നിൽക്കാതെ, രാഷ്ട്രീയപ്പാർട്ടിയിലോ സർക്കാരിലോ ഉള്ള മാതാപിതാക്കളുടെ സ്ഥാനവും സ്വാധീനവും ഉപയോഗിച്ച് മക്കൾ വ്യാപാരവും വ്യവസായവും കെട്ടിപ്പടുത്തു. അതിന്റെ ഭാഗമായ സുഖഭോഗങ്ങൾക്കു വേണ്ടതെല്ലാം അവരും കൂട്ടാളികളും എത്തിപ്പിടിക്കുന്നു – ചോദ്യം ചെയ്യപ്പെടാതെ.

ഏതാണ് പാർട്ടിക്കൂറ്? ഇതിനെ വാക്കുകൊണ്ട് അനുകൂലിക്കുന്നതോ മൗനംകൊണ്ട് അനുവദിക്കുന്നതോ, അതോ അത്തരം കൊള്ളരുതായ്മകൾക്കെതിരായി സ്വന്തം സംഘടനയ്ക്കകത്തു കലാപമുണ്ടാക്കുന്നതോ? മൗനമാണ് അച്ചടക്കവും പാർട്ടിക്കൂറും എന്നു വന്നതാണ് നമ്മുടെ ജനാധിപത്യം ഇൗ അളവിൽ ദുഷിക്കാൻ കാരണം. മേൽപറഞ്ഞതൊക്കെ, നാട്ടിലെ എല്ലാ കക്ഷികൾക്കും ബാധകമാവുന്നു എന്നതാണു ദുരന്തം.

മുൻപ് കോൺഗ്രസിന്റെ കേന്ദ്രമന്ത്രിസഭാംഗം ടി.ടി. കൃഷ്ണമാചാരിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന് അദ്ദേഹത്തെ രാജിവയ്പിച്ചത് യുപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ പാർട്ടിക്കാരനായ എംപി തന്നെയായിരുന്നു – ഫിറോസ് ഗാന്ധി. തന്റെ പത്നി ഇന്ദിരയുടെ പിതാവ് നെഹ്റുവാണ് പ്രധാനമന്ത്രി എന്നത് അദ്ദേഹത്തെ പിന്നോട്ടു വലിക്കുകയല്ല, മുന്നോട്ടു ഉന്തുകയാണുണ്ടായത്. ജനാധിപത്യത്തിൽ അതു പ്രധാനമാണ്. അരുതായ്മകളോടു പൊരുതുന്ന, അതിനോടു പൊരുത്തപ്പെടാത്ത ശബ്ദം. അത് ഇന്നെവിടെ?

എനിക്ക് ഇൗ നേരത്ത് അറേബ്യൻ ചരിത്രത്തിൽ 13 നൂറ്റാണ്ടു മുൻ‌പു നടന്ന ഒരു സംഭവം ഓർമ വരുന്നു. രണ്ടാം ഖലീഫ ഉമർ ഖത്താബ് (മരണം: 644) വാഴുന്ന കാലം. ദമാസ്കസിൽ ചെന്ന ഖലീഫയുടെ മക്കൾ മടങ്ങുംവഴി ഗവർണറെ സന്ദർശിച്ചു. പൊതു ഖജനാവിലേക്ക് അടയ്ക്കാനുള്ള പണം ഗവർണർ മക്കളെ ഏൽപിച്ചു. അവർ ദമാസ്കസിൽനിന്ന് ആ പണം മുടക്കി ധാരാളം ചരക്കുകൾ വാങ്ങി മദീനയിൽ വിറ്റ് നല്ല ലാഭമുണ്ടാക്കി. പൊതുഖജനാവിലെ പണം കൃത്യമായി അടയ്ക്കുകയും ചെയ്തു.

വിൽപനയുടെ കഥയറിഞ്ഞ ഖലീഫ ലാഭം പൊതുഖജനാവിൽ അടയ്ക്കാനും മക്കളെ പരസ്യമായി 40 അടി വീതം അടിക്കാനും ഉത്തരവായി. മക്കൾ വാദിച്ചു: ‘പൊതു ഖജനാവിന് ഞങ്ങൾ ഒരു നഷ്ടവും ഉണ്ടാക്കിയിട്ടില്ല. ലാഭം ഞങ്ങളുടെ സാമർഥ്യത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ്. അതു ഖജനാവിൽ അടയ്ക്കാൻ‌ പറ്റില്ല’.

ഖലീഫ വിധിച്ചു: ‘നിങ്ങളുടെ സാമർഥ്യവും അധ്വാനവും ഉണ്ട്. പക്ഷേ, മുടക്കുമുതൽ ജനങ്ങളുടേതാണ്. അതുകൊണ്ടു ലാഭത്തിന്റെ പകുതി പൊതു ഖജനാവിൽ അടയ്ക്കണം. നിങ്ങൾക്ക് 40 അടി വീതം കിട്ടും. കാരണം ഭരണാധികാരിയുടെ മക്കൾ മാതൃകാപരമായി പെരുമാറാൻ ബാധ്യസ്ഥരാണ്’.

Content Highlights: Kodiyeri Balakrishnan's leave: M.N. Karassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com