ADVERTISEMENT

തിരുവനന്തപുരം ∙ സ്വപ്ന സുരേഷ് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയ പത്താം തീയതിയിലെ ചോദ്യം ചെയ്യലിന്റെ തുടർച്ചയായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബാക്കി വിവരങ്ങൾ കൂടി ഉടൻ തേടും. കസ്റ്റഡിയിൽ ആവശ്യപ്പെടണോ അട്ടക്കുളങ്ങര ജയിലിൽ കണ്ടാൽ മതിയോയെന്നു തീരുമാനിച്ചിട്ടില്ല.

10നു ജയിലിൽ ചോദ്യം ചെയ്തപ്പോൾ സ്വപ്ന നൽകിയ മൊഴി കേസിൽ നിർണായക വഴിത്തിരിവുണ്ടാക്കി. എം.ശിവശങ്കറിനു സ്വർണക്കടത്തിനെക്കുറിച്ച് അറിവുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. പിടിയിലായി അതുവരെ നടന്ന ചോദ്യം ചെയ്യലുകളിൽ ഒരു ഏജൻസിയോടും പറയാത്ത കാര്യമായിരുന്നു അത്. ഇതെല്ലാം പറയാൻ തനിക്കു ഭയമുണ്ടെന്നും സ്വപ്ന ഇഡി ഉദ്യോഗസ്ഥരോടു പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) സെക്‌ഷൻ 50 പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയിൽനിന്നു പിന്നീടു പിന്മാറാൻ പറ്റില്ലെന്നതാണു പ്രത്യേകത. മൊഴിയെടുക്കലിനു സിവിൽ കോടതിയുടെ നിയമ പരിരക്ഷയുണ്ട്. ആദ്യമേ അക്കാര്യം ബോധ്യപ്പെടുത്തിയ ശേഷമാണു മൊഴി രേഖപ്പെടുത്തുന്നതും. ശിവശങ്കറുമായുള്ള ദീർഘമായ വാട്സാപ് ചാറ്റുകൾ തെളിവായി നിരത്തിയപ്പോഴാണു സ്വപ്ന മനസ്സു തുറന്നത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദമുണ്ടായെന്ന തരത്തിൽ സ്വപ്നയുടേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദസന്ദേശം ഇഡി അന്വേഷണ സംഘം ഇന്നലെ വിശകലനം ചെയ്തു. ഇഡി സമ്മർദം ചെലുത്തിയതായി അതിൽ പറയുന്നില്ലെന്നും ശബ്ദസന്ദേശം പുറത്തുവിട്ട വെബ് പോർട്ടലിന്റെ അവതാരക ഇതേപ്പറ്റി വിവരിച്ചപ്പോഴാണ് അങ്ങനെ വന്നതെന്നുമാണു വിലയിരുത്തൽ.

സ്വപ്ന 10 ന് ഇഡിക്കു നൽകിയ മൊഴിയുടെ ബാക്കി കാര്യങ്ങൾ പുറത്തുവിടാതിരിക്കാനുള്ള സമ്മർദമാകാം ശബ്ദസന്ദേശം പുറത്തുവിട്ടതിനു പിന്നിലെന്നാണ് ഇഡിയുടെ നിഗമനം. ഒരു ഘട്ടത്തിലും കോടതിയിൽ പറയാത്ത കാര്യം ശബ്ദരേഖയായി പുറത്തുവന്നാലും തങ്ങളുടെ കേസിനെ ബാധിക്കില്ലെന്നാണ് ഇഡിയുടെ നിഗമനം. ശബ്ദസന്ദേശത്തെക്കുറിച്ചു പൊലീസ് അന്വേഷണം നടത്തി കോടതിയിൽ ഇഡിക്കെതിരെ റിപ്പോർട്ട് നൽകിയാൽ തന്നെ, ജയിൽ സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലാണെന്നും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും ഇഡിയും മറുവാദമുന്നയിക്കും.

ഡോളർ കടത്ത് കേസിൽ അറസ്റ്റ്

തിരുവനന്തപുരം ∙ വിദേശത്തേക്കു ഡോളർ കടത്തിയ കേസിൽ സ്വപ്നയുടെയും സരിത്തിന്റെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘമാണ് അട്ടക്കുളങ്ങര ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് നടപടി പൂർത്തിയാക്കിയത്.

സരിത്തിന്റെ അറസ്റ്റ് വിയ്യൂർ ജയിലിൽ രേഖപ്പെടുത്തി. ഇൗ കേസിൽ സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കസ്റ്റംസ് കോടതിയെ സമീപിക്കും. സ്വപ്ന, സന്ദീപ് എന്നിവരുടെ കാര്യത്തിൽ കോഫെപോസ നിയമം സാധൂകരിക്കുന്നതിനു ഹൈക്കോടതി സമിതിയുടെ യോഗം 23 ന് ചേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com