പൊലീസ് നിയമഭേദഗതി പ്രാബല്യത്തിൽ; അപകീർത്തി: പരാതി ഇല്ലെങ്കിലും കേസ്

Kerala-Police-1
SHARE

തിരുവനന്തപുരം ∙ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊലീസ് നിയമഭേദഗതി പ്രാബല്യത്തിലായി. ഇതുസംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. പൊലീസ് ആക്ടിൽ കൂട്ടിച്ചേർത്ത 118 എ വകുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന ആരോപണം ശക്തമാണ്.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ നൽകാനുള്ള വ്യവസ്ഥയാണു ഭേദഗതിയിലുള്ളത്. വാറന്റ് ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കൊഗ്നിസിബിൾ വകുപ്പാണിത്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം. അതേസമയം, ജാമ്യമില്ലാ വകുപ്പല്ല.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതു തടയാനെന്നു ചൂണ്ടിക്കാട്ടി കൊണ്ടുവന്ന ഭേദഗതി എല്ലാ വിനിമയ ഉപാധികൾക്കും ബാധകമാക്കുകയായിരുന്നു. കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ഭേദഗതി കൊണ്ടുവന്നത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട്, സർക്കാരിനെതിരെ നിലപാട് എടുക്കുന്നവരെ കുടുക്കാനാണെന്ന് ആരോപണമുണ്ട്. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, സോഫ്റ്റ്‍വെയർ ഫ്രീഡം ലോ സെന്റർ, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് തുടങ്ങിയ സംഘടനകൾ ഓർഡിനൻസിനെതിരെ പര്യമായി രംഗത്തുവന്നിരുന്നു.

എതിർവാദങ്ങൾ

∙ അപകീർത്തിപ്പെടുത്തൽ, അപമാനിക്കൽ തുടങ്ങിയവ വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലുകളാണെന്നിരിക്കെ വാറന്റ് ഇല്ലാതെയുള്ള അറസ്റ്റ് ജനാധിപത്യവിരുദ്ധം.

∙ സമൂഹമാധ്യമങ്ങൾക്കു പുറമേ എല്ലാത്തരം മാധ്യമങ്ങൾക്കും ബാധകമെന്നതിനാൽ മാധ്യമസ്വാതന്ത്ര്യത്തിനും വിലങ്ങുതടി.

∙ ആരെയെങ്കിലും അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമുണ്ടെന്നു പൊലീസിനു തോന്നിയാൽ പോലും നടപടിയെടുക്കാം.

∙ മുൻപു റദ്ദാക്കിയ ഐടി ആക്ട് 66 എ, പൊലീസ് ആക്ട് 118 ഡി എന്നിവയിലുണ്ടായിരുന്ന അവ്യക്തത ഇതിലും തുടരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA