ADVERTISEMENT

കൊച്ചി ∙ ജോസ് കെ. മാണി എംപി നേതൃത്വം നൽകുന്ന ഗ്രൂപ്പിനു കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ഉപയോഗിക്കാൻ അനുമതി നൽകിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കമ്മിഷന്റെ ഉത്തരവിനെതിരെ പി.ജെ ജോസഫും ജോസഫ് വിഭാഗത്തിലെ പി. സി. കുര്യാക്കോസും നൽകിയ ഹർജികൾ ജസ്റ്റിസ് എൻ. നഗരേഷ് തള്ളി.

കേരള കോൺഗ്രസിൽ (എം) എതിർചേരികളുണ്ടെന്ന കമ്മിഷന്റെ കണ്ടെത്തലിൽ അപാകതയില്ലെന്നു കോടതി വ്യക്തമാക്കി. പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിൽ വ്യത്യസ്ത തീരുമാനമെടുത്തത് ഉൾപ്പെടെയുള്ള കാരണങ്ങളാണ് ഈ നിഗമനത്തിന് ആധാരം. വസ്തുതകൾ വിലയിരുത്തിയുള്ള നിഗമനത്തിൽ റിട്ടധികാരം വിനിയോഗിച്ച് ഇടപെടുന്നില്ലെന്നു കോടതി പറഞ്ഞു.

450 അംഗ സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം പരിശോധിക്കാതെ, ഇരുകൂട്ടരും നൽകിയ പട്ടികയിൽ പൊതുവായുള്ള 305 അംഗങ്ങളിൽനിന്നു ഭൂരിപക്ഷ പരിശോധന നടത്തിയ കമ്മിഷന്റെ നടപടി ശരിയല്ലെന്നു ജോസഫ് വിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇരുകൂട്ടരും ഹാജരാക്കിയ പട്ടിക വിശ്വസനീയമല്ലാത്തതിനാൽ രണ്ടിലും പൊതുവായുള്ളവരെ പരിഗണിച്ചതിൽ തെറ്റില്ല. പട്ടികയിൽ ക്രമക്കേടിനു സാധ്യതയുണ്ടെന്നു കമ്മിഷന്റെ ലോ ഡയറക്ടർ പറഞ്ഞിരുന്നു. സംസ്ഥാനസമിതി അംഗങ്ങളുടെ പട്ടിക അന്തിമമാക്കേണ്ട അധികാരി ആരെന്നു പാർട്ടി ഭരണഘടനയിൽ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചിഹ്നം കിട്ടും, തദ്ദേശ തിരഞ്ഞെടുപ്പിൽ തന്നെ

തിരുവനന്തപുരം ∙ ഹൈക്കോടതി വിധിയോടെ ജോസ് കെ. മാണി വിഭാഗത്തിനു തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളായി രണ്ടില ചിഹ്നത്തിൽ മത്സരിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ഇന്ന് ഉണ്ടായേക്കും. രണ്ടില ചിഹ്നം 17 നു മരവിപ്പിക്കുമ്പോൾ തീരുമാനം ഹൈക്കോടതി വിധിക്കു വിധേയമായിരിക്കുമെന്നു കമ്മിഷൻ വ്യക്തമാക്കിയിരുന്നു. അന്നു ജോസ് വിഭാഗത്തിനു ടേബിൾ ഫാനും ജോസഫ് വിഭാഗത്തിനു ചെണ്ടയും അനുവദിക്കുകയും ചെയ്തിരുന്നു. ഇനി ടേബിൾ ഫാൻ ചിഹ്നം ഏതെങ്കിലും സ്വതന്ത്രന് അനുവദിക്കും.

English Summary: 'Two Leaves' for Jose faction of KC(M), HC rejects P J Joseph plea challenging EC's order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com