പട്ടയഭൂമിയിലെ നിർമാണം: വിധി നടപ്പാക്കുന്നതിൽ ആശയക്കുഴപ്പം

trivandrum-land-mafia
പ്രതീകാത്മക ചിത്രം.
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തു പട്ടയഭൂമിയിലെ നിർമാണങ്ങൾക്കെല്ലാം റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം (എൻഒസി) വേണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവച്ചതോടെ ഇത് എങ്ങനെ നടപ്പാക്കണമെന്നതിൽ ആശയക്കുഴപ്പം. 1964 ലെ ഭൂപതിവു ചട്ടത്തിൽ ഭേദഗതി വരുത്തുകയാണു സർക്കാരിനു മുന്നിലുള്ള മാർഗം. നിലവിലെ നിർമാണങ്ങൾ സാധൂകരിക്കാനും 1000 ചതുരശ്രയടി വരെയുള്ള വാണിജ്യ നിർമാണങ്ങൾ നിയമവിധേയമാക്കാനുമുള്ള ഭേദഗതി പരിഗണിക്കാമെന്ന വാദം ഉയർന്നിട്ടുണ്ടെങ്കിലും ഇതു നിയമപരമായി നിലനിൽക്കുമോയെന്ന ആശങ്കയുണ്ട്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉടൻ സാധ്യമാകുമോയെന്നും വ്യക്തമല്ല.

ലക്ഷക്കണക്കിനു പട്ടയങ്ങൾ സുപ്രീം കോടതി വിധിയോടെ അസാധുവായേക്കുമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പട്ടയഭൂമി കൃഷിക്കും പാർപ്പിടത്തിനും മാത്രമാണു വിനിയോഗിക്കാനാവുക. ഇതിനു വിരുദ്ധമായി നടത്തിയ നിർമാണങ്ങൾ പൊളിച്ചു മാറ്റേണ്ടി വന്നാൽ അതു സർക്കാരിനെ വെട്ടിലാക്കും. 

നഗരങ്ങളിലും വനം അല്ലാത്ത പ്രദേശങ്ങളിലും സർക്കാർ പുറമ്പോക്കിനും പട്ടയം നൽകിയിട്ടുണ്ട്. അവിടെ പലതരം വാണിജ്യ, വ്യവസായ നിർമാണങ്ങളും പാർട്ടി ഓഫിസുകളും വരെ നിർമിച്ചിട്ടുണ്ട്.

ഭൂപതിവ് നിയമവും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ 2015 ൽ യുഡിഎഫ് സർക്കാർ നടത്തിയ നീക്കം വിജയിച്ചില്ല. മലയോര മേഖലയിൽ സർക്കാർ ഭൂമിയിലെ 10 വർഷം പഴക്കമുള്ള കയ്യേറ്റങ്ങൾ സാധൂകരിച്ചും പതിച്ചു നൽകുന്ന ഭൂമി കൈമാറുന്നത് 25 വർഷം കഴിഞ്ഞേ പാടുള്ളൂവെന്നുമുള്ള വ്യവസ്ഥ ഭേദഗതി ചെയ്തുമാണ് അന്ന് ഉത്തരവിറക്കിയത്. വിവാദമായ ഉത്തരവ് ഉടൻ പിൻവലിക്കേണ്ടി വന്നു. അന്നു ഭേദഗതിയെ എൽഡിഎഫ് എതിർത്തു.അതേസമയം, സുപ്രീംകോടതി വിധിയുടെ പകർപ്പു ലഭിച്ച ശേഷമേ പ്രതികരിക്കാനാകൂവെന്നാണു റവന്യു വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

ഇക്കാര്യം ചർച്ച ചെയ്യാൻ ഔദ്യോഗികമായോ അനൗദ്യോഗികമായോ യോഗം ചേർന്നിട്ടില്ലെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA