ADVERTISEMENT

തിരുവനന്തപുരം ∙ ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന്  അനുമതി നൽകിയതോടെ കൊണ്ടും കൊടുത്തും കേരള രാഷ്ട്രീയം കലുഷിതമാകുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സിപിഎമ്മും എൽഡിഎഫും തുറന്ന യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിപക്ഷത്തിനെതിരെയുള്ള ആയുധങ്ങൾക്കും സിപിഎം മൂർച്ച കൂട്ടി. ഇതു പ്രതികാര രാഷ്ട്രീയമാണെന്നു യുഡിഎഫ് ആരോപിക്കുമ്പോൾ സ്വയംകൃതാനാർഥമെന്ന് ഇടതുമുന്നണി തിരിച്ചടിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു കേരളം കടക്കുമ്പോഴാണു ബാർ കോഴ വീണ്ടും സർക്കാർ പൊടി തട്ടിയെടുത്തത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനുള്ള ഫയൽ ഗവർണർക്കു കൈമാറി. നീക്കം മു‍ൻകൂട്ടി കണ്ടു  പ്രതിപക്ഷ നേതാവും ഗവർണറെ സമീപിച്ചു.

പലതവണ അന്വേഷിച്ച കേസിന്റെ നാൾവഴി പരിശോധിച്ചാൽ ഗവർണർക്ക് അനുമതി നൽകാനാവില്ലെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രതികാര നടപടികളെ ഒറ്റക്കെട്ടായി നേരിടുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നു ചെന്നിത്തലയും പ്രതികരിച്ചു.

ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള സ്വാഭാവിക നടപടിയെന്നാണ് എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ ന്യായീകരണം. ഈ നേതാക്കൾക്കൊപ്പം ആരോപണം നേരിട്ട എൽഡിഎഫ് നേതാവ് ജോസ് കെ. മാണിക്കെതിരെ എന്തുകൊണ്ടു കേസ് എടുക്കുന്നില്ലെന്ന ചോദ്യം ഉയർന്നു.

ബാർ കോഴക്കേസിൽ നാലര വർഷം ഒന്നും കണ്ടെത്താതെ കേസ് വീണ്ടും കുത്തിപ്പൊക്കിയതിനു പിന്നിൽ പകപോക്കൽ രാഷ്ട്രീയം മാത്രമെന്നു പ്രതിപക്ഷം ആരോപിക്കുന്നു. സോളറിലെ പരാതിക്കാരിയിൽ നിന്നു രഹസ്യമായി മൊഴി രേഖപ്പെടുത്തി ആ കേസും ആയുധമാക്കാൻ പോകുന്നുവെന്ന സൂചന ശക്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ കലക്കിമറിച്ച 2 കേസുകൾ അടുത്ത തിരഞ്ഞെടുപ്പിലും ആയുധമാക്കാൻ നോക്കുകയാണ് ഇടതുമുന്നണി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com