ADVERTISEMENT

കൊച്ചി ∙ പുതുവൈപ്പ് ടെർമിനലിൽ നിന്നു മംഗളൂരു വ്യവസായ മേഖലയിൽ പ്രകൃതിവാതകം (എൽഎൻജി) എത്തിച്ചു ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) ചരിത്രമെഴുതി. ഇന്നലെ രാത്രി 7.05നാണ് വാതകം മംഗളൂരുവിൽ ലഭ്യമായത്. പതിറ്റാണ്ടു കാലത്തെ അധ്വാനത്തിനൊടുവിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു കൊച്ചി–കൂറ്റനാട്–മംഗളൂരു പൈപ്പ്‌ലൈൻ പൂർത്തിയാക്കിയത്.

 8–ാം ദിനം മംഗളൂരുവിൽ വാതകവുമെത്തിച്ചു. ചെലവു കുറഞ്ഞ, പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പിൽ ഇനി കേരളത്തിനൊപ്പം മംഗളൂരുവിനും ഇടം.

ഉപയോഗം കൂടും, നികുതി വരുമാനവും

മംഗളൂരുവിൽ ആദ്യം വാതകം സ്വീകരിക്കുന്നതു രാസവള നിർമാണശാലയായ മാംഗ്ലൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (എംസിഎഫ്). ഇന്നുമുതൽ എംസിഎഫ് വാതകം സ്വീകരിച്ചു തുടങ്ങുമെന്നാണു സൂചന. ഇതിനു പിന്നാലെ എംആർപിഎൽ, ഒഎംപിഎൽ എന്നീ കമ്പനികൾ കൂടി വാതകം സ്വീകരിച്ചു തുടങ്ങും. 

ഈ 3 കമ്പനികളും ഉപയോഗിച്ചു തുടങ്ങുന്നതോടെ പുതുവൈപ്പ് ടെർമിനലിൽ നിന്നുള്ള വാതക ഉപയോഗം പ്രതിദിനം 60 ലക്ഷം ക്യുബിക് മീറ്ററായി ഉയരും. നിലവിൽ കൊച്ചി വ്യവസായ മേഖലയിലും സിറ്റി ഗ്യാസ് പദ്ധതിയിലുമായി 38 ലക്ഷം ക്യുബിക് മീറ്റർ വാതകമാണ് ഉപയോഗിക്കുന്നത്. 

കർണാടകയിലും കേരളത്തിലുമായി കൂടുതൽ വ്യവസായശാലകൾ എൽഎൻജിയിലേക്കു മാറുകയും സിറ്റി ഗ്യാസ് പദ്ധതി വ്യാപിക്കുകയും ചെയ്യുന്നതോടെ കേരള സർക്കാരിനു ലഭിക്കുന്ന നികുതി വരുമാനം 700 – 980 കോടി വരെ ഉയരുമെന്നാണു വിലയിരുത്തൽ. നിലവിൽ ശരാശരി 350 കോടി രൂപയാണു വരുമാനം.

ബെംഗളൂരുവിലേക്ക് ആദ്യ ഘട്ടം

കൊച്ചി – കൂറ്റനാട് – ബെംഗളൂരു – മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈനിൽ (കെകെബിഎംപിഎൽ) മംഗളൂരു പാതയാണു പൂർത്തിയായത്. 

കൂറ്റനാടു നിന്നു ബെംഗളൂരുവിലേക്കു തിരിയുന്ന പൈപ്പ്‌ലൈനിന്റെ വാളയാർ വരെയുള്ള ആദ്യഘട്ടം ജനുവരിയിൽ കമ്മിഷൻ ചെയ്യും. 

അതോടെ, കേരളത്തിലെ വാതക പൈപ്പിടൽ ജോലികൾ പൂർത്തിയാകും. എന്നാൽ, തമിഴ്നാട്ടിൽ പലയിടത്തും പദ്ധതിക്കെതിരെ എതിർപ്പുള്ളതിനാൽ ബെംഗളൂരു ലൈനിൽ കാര്യമായ ജോലികൾ നടക്കുന്നില്ല.

പുതിയ ദൗത്യത്തിലേക്ക് ഗെയ്ൽ ജനറൽ മാനേജർ

കൊച്ചി ∙ മംഗളൂരുവിലേക്കുള്ള എൽഎൻജി പൈപ്പ്‌ലൈൻ യാഥാർഥ്യമാക്കുന്നതിനു ഗെയ്‌ലിനു നേതൃത്വം നൽകിയ പ്രോജക്ട്സ് ജനറൽ മാനേജർ ടോണി മാത്യു പുതിയ ദൗത്യത്തിലേക്ക്.

1,400 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ–നാഗ്പുർ–ജർസുഗുഡ എൽഎൻജി വാതക പൈപ്പ്‌ലൈൻ പദ്ധതിയാണു ചങ്ങനാശേരി സ്വദേശിയായ ടോണിയെ കാത്തിരിക്കുന്നത്. 10 വർഷത്തിനിടെ, ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടു കൊച്ചി – കൂറ്റനാട് – മംഗളൂരു വാതക ലൈൻ പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തോടെയാണ് പുതിയ ദൗത്യത്തിലേക്കു പ്രവേശിക്കുന്നത്. ‘സംസ്ഥാന സർക്കാർ കടമ്പകൾ നീക്കി സ്ഥലം ഏറ്റെടുത്തുതന്നു.നിയമപ്രശ്നങ്ങൾ ഉൾപ്പെടെ എല്ലാ തടസ്സങ്ങളും യഥാസമയം നീക്കി. അതുകൊണ്ടാണു പ്രളയവും കോവിഡ് പ്രതിസന്ധിയും അതിജീവിച്ചു പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത്’ – അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com