ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പു ദിവസം പോളിങ് സ്റ്റേഷനുകൾക്കു മുന്നിൽ വോട്ടർമാർക്കു സാമൂഹിക അകലം പാലിച്ചു വരിനിൽക്കാൻ വൃത്തം വരച്ച് അടയാളപ്പെടുത്തും. ബൂത്തിനു പുറത്തു ബക്കറ്റ്, മഗ്, സോപ്പ്, വെള്ളം എന്നിവ ഒരുക്കിവയ്ക്കും. 

വോട്ടെടുപ്പിനു ശേഷം പോളിങ് സ്റ്റേഷനുകളിൽ അവശേഷിക്കുന്ന കടലാസുകളും മറ്റും നീക്കുന്നതിനും നശിപ്പിക്കുന്നതിനുമുള്ള നടപടി അതതു തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കണം. പോളിങ് സ്റ്റേഷനുകളിൽ ജൈവ, അജൈവ മാലിന്യങ്ങൾ പ്രത്യേകം നിക്ഷേപിക്കാൻ ക്യാരിബാഗുകൾ വയ്ക്കണം. മാസ്ക്, കയ്യുറ എന്നിവ പ്രത്യേകം ശേഖരിച്ചു സംസ്കരിക്കാൻ മഞ്ഞ, ചുവപ്പ് നിറങ്ങളിൽ 2 ക്യാരി ബാഗുകൾ കൂടി ലഭ്യമാക്കണം. 

ബൂത്തിൽ പ്രവേശിക്കാൻ റാംപ് സൗകര്യമില്ലെങ്കിൽ താൽക്കാലികമായി സജ്ജമാക്കണം. ഗ്രാമപ്പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ മുനിസിപ്പൽ കോർപറേഷൻ എന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ അടിസ്ഥാനസൗകര്യങ്ങളുണ്ടെന്നു തദ്ദേശസ്ഥാപന സെക്രട്ടറിമാർ പരിശോധിച്ചു ബോധ്യപ്പെടണം.

വൈദ്യുതി, വെള്ളം എന്നിവ ഇല്ലെങ്കിൽ വൈദ്യുതി ബോർഡും ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് അവ ഉറപ്പാക്കണം. വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജനറേറ്റർ ഏർപ്പെടുത്തണം. വോട്ടെടുപ്പ് ദിവസവും തലേന്നും പോളിങ് സ്റ്റേഷനിൽ വെളിച്ചം ഉറപ്പാക്കണം.  

ശുചിമുറിസൗകര്യവും ഏർപ്പെടുത്തണമെന്നും പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം കുടുംബശ്രീയുമായി ചേർന്നു ലഭ്യമാക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സർക്കുലറിൽ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com