ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര ഏജൻസികൾ മാത്രമല്ല സംസ്ഥാന ഏജൻസികൾ വരെ പിണറായി സർക്കാരിന്റെ അഴിമതി തുറന്നു കാട്ടുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലും കെഎസ്എഫ്ഇ ചിട്ടിയിലും അഴിമതി നടന്നെന്നു പറയുന്നതു വിജിലൻസാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ പേരിൽ കേസെടുത്തതും വിജിലൻസാണ്. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിക്കുകയാണെന്ന സിപിഎം പ്രചാരണം ഇതോടെ പാളിപ്പോയെന്നും മുരളീധരൻ പറഞ്ഞു.

കെഎസ്എഫ്ഇയിലെ ക്രമക്കേടിനെതിരായ വിജിലൻസ് അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് വിമർശനം ഉന്നയിച്ചതു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിനു തെളിവാണ്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന സംസ്ഥാന വിജിലൻസിനെ ധനമന്ത്രിക്കു വിശ്വാസമില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം.

നാലര വർഷം മിണ്ടാതിരുന്നിട്ട് ഇപ്പോൾ യുഡിഎഫ് നേതാക്കളുടെ അഴിമതിക്കെതിരെ കേസെടുക്കുകയാണ് സംസ്ഥാന സർക്കാർ. അതോടെ ഈ സർക്കാരിന്റെ അഴിമതികൾക്കൊപ്പം യുഡിഎഫിന്റെ പഴയ അഴിമതിയും ജനങ്ങൾക്ക് ഓർക്കാന്‍ അവസരം കിട്ടി. ഇരു മുന്നണികളും ഒരുപോലെ വിവസ്ത്രരായി. അവിടെയാണു മോദി സർക്കാരിന്റെ നയപരിപാടികൾ സ്വീകാര്യമാവുന്നതെന്നും മുരളീധരൻ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും ഈ തിരഞ്ഞെടുപ്പ്. എല്ലാ ജന വിഭാഗങ്ങളും ബിജെപിയോട് അടുക്കുകയാണ്. അതോടെ എൽഡിഎഫും യുഡിഎഫും ബിജെപിയെ ലക്ഷ്യമിടുകയാണ് – മുരളീധരൻ പറഞ്ഞു.

ഐസക്കിന്റെ പങ്ക് അന്വേഷിക്കണം: സുരേന്ദ്രൻ

ആലപ്പുഴ ∙ കെഎസ്എഫ്ഇ ചിട്ടി തട്ടിപ്പ് സംസ്ഥാന സർക്കാർ അറിഞ്ഞുകൊണ്ടു നടത്തിയ അഴിമതിയാണെന്നാണ് ധനമന്ത്രിയുടെ വെപ്രാളം കാണിക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലൻസിന് വട്ടാണെങ്കിൽ സർക്കാരിന് കാര്യമായ എന്തോ തകരാറുണ്ട്. കെഎസ്എഫ്ഇ ചിട്ടി തട്ടിപ്പിൽ തോമസ് ഐസക്കിന്റെ പങ്ക് അന്വേഷിക്കണമെന്നും വിജിലൻസ് അന്വേഷണത്തിൽ പുറത്തു വന്ന വിവരങ്ങൾ സർക്കാർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ധനമന്ത്രി   മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശം സർക്കാരിന് ഇക്കാര്യത്തിലുള്ള ഭിന്നതയാണ് വ്യക്തമാക്കുന്നത്. ധനമന്ത്രി വിജിലൻസ് അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും  സുരേന്ദ്രൻ ചോദിച്ചു. 

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹരിപ്പാട്ട് വോട്ടെണ്ണുമ്പോൾ അതു മനസ്സിലാകുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com