ADVERTISEMENT

നെടുങ്കണ്ടം ∙ പൊലീസിനെ വെട്ടിച്ചു കഞ്ചാവുമായി കടന്നവർ റിസോർട്ടാണെന്നു തെറ്റിദ്ധരിച്ച് ഓടിക്കയറിയതു പൊലീസ് സ്റ്റേഷനിൽ.  പിടിയിലായവരിൽ നിന്നു കിട്ടിയ വിവരത്തെത്തുടർന്നു നടന്ന അന്വേഷണത്തിൽ 3 കിലോ കഞ്ചാവുമായി 4 പേർ അറസ്റ്റിൽ. 

അടിമാലി 200 ഏക്കർ പുത്തൻപുരയ്ക്കൽ വിനീത് (20), എറണാകുളം കൊച്ചുമഠത്തിൽ ആദർശ് (18), അടിമാലി ഇസ്‌ലാം നഗറിൽ സബിർ റഹ്മാൻ (22), പതിനേഴുകാരൻ എന്നിവരാണു പിടിയിലായത്.

ഇന്നലെ ഉച്ചയോടെ കമ്പംമെട്ടിൽ പൊലീസ്, എക്സൈസ്, സെയിൽ ടാക്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയിരുന്നു.  ഇതിനിടെ തമിഴ്നാട് പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ അതിർത്തി കടക്കാൻ ശ്രമിച്ച ഇരുചക്രവാഹനം കേരള പൊലീസും എക്സൈസും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നു തടയാൻ ശ്രമിച്ചു.  

പരിശോധനാ സംഘത്തെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന വിനീതും 17 വയസ്സുകാരനും ഓടി ചെന്നുനിന്നതു കമ്പംമെട്ട് പൊലീസ് സ്റ്റേഷന്റെ മുറ്റത്താണ്. വെപ്രാളത്തിൽ ഓടിക്കയറിയെത്തിയ ചെറുപ്പക്കാരെ പൊലീസുകാർ തട​ഞ്ഞ് പരിശോധിച്ചു. 

17 വയസ്സുകാരന്റെ കയ്യിലിരുന്ന ബാഗ് പരിശോധിച്ചപ്പോൾ 2 കിലോ കഞ്ചാവു കണ്ടെത്തി. 2 പേരെയും കസ്റ്റഡിയിലെടുത്തപ്പോൾ ഇവരുടെ ഫോണിലേക്കു മറ്റൊരാളുടെ വിളിയെത്തി. ഫോൺ നമ്പറുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്തപ്പോൾ ഇവർക്കു മുൻപേ അതിർത്തി കടന്നവരാണു ഫോണിൽ വിളിച്ചതെന്നു പൊലീസ് മനസ്സിലാക്കി.

ഉടുമ്പൻചോല എൽഎ തഹസിൽദാർ കെ.എസ്.ജോസഫിന്റെ സാന്നിധ്യത്തിൽ മഹസർ തയാറാക്കി. 

കമ്പംമെട്ട് സിഐ ജി.സുനിൽകുമാർ, എസ്ഐ ചാക്കോ, സുലേഖ, മധു, ഹരിദാസ്, പൊലീസ് ഉദ്യോഗസ്ഥരായ ജയേഷ്, ആർ.ബിനുമോൻ, രാജേഷ്, ശ്രീജു, രാജേഷ്മോൻ, ഷമീർ, റെക്സ് എക്സൈസ് ഉദ്യോഗസ്ഥരായ സി.ആർ.സതീഷ്, സിറിൾ ജോസഫ്, ഷോബിൻ മാത്യു, സെയിൽസ് ടാക്സ് ഡ്രൈവർ ജിജോ മാത്യു എന്നിവർ ചേർന്നാണു കഞ്ചാവു കടത്തു സംഘത്തെ കുടുക്കിയത്.

 Content Highlights: Ganja seized in Nedumkandam

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com