ADVERTISEMENT

‘കരള...കരള’’– 2012 ൽ പനജിയിൽ രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുമ്പോഴാണ് അപരിചിതമായ ഈ സ്ഥലത്തെക്കുറിച്ച് കിം കി ഡുക്ക് ആദ്യം കേൾക്കുന്നത്. തനിക്ക് ഇത്രയധികം ആരാധകർ ‘കരളയിൽ’ ഉണ്ടെന്ന് കിം തിരിച്ചറിയുന്നത് 2013 ൽ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ അതിഥിയായെത്തുമ്പോഴാണ്.

അന്ന് ഹോട്ടലിൽ നിന്നു നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങിയ കിമ്മിനെ ആരാധകർ വളഞ്ഞു. ബസിൽ നിന്നും ഓട്ടോറിക്ഷയിൽ നിന്നും തലനീട്ടി മലയാളി അഭിവാദ്യം ചെയ്‌തപ്പോൾ കിം ശരിക്കും ഞെട്ടി. ചലച്ചിത്രമേളയെ ഇളക്കിമറിച്ചാണു കിം മടങ്ങിയത്.

മേളയിൽ അന്നു നടന്ന പത്രസമ്മേളനം മാധ്യമ പ്രവർത്തകരുടെ തിരക്കുമൂലം രണ്ടെണ്ണമാക്കി. അച്ചടിമാധ്യമങ്ങളെ ആദ്യം അഭിമുഖീകരിച്ച കിം പിന്നീടു ചാനലുകളുമായി സംവദിച്ചു. കേരളത്തിൽ നിന്നുള്ള ഗംഭീര വരവേൽപ്പിൽ മനംനിറഞ്ഞ കിം തിരികെ തന്റെ ക്യാമറയിൽ മാധ്യമപ്രവർത്തകരെയും ചിത്രീകരിച്ചു.

മനുഷ്യൻ എവിടെയുണ്ടോ അവിടമെല്ലാം തന്റെ സിനിമയുടെ ലോക്കേഷനാക്കാൻ പറ്റിയ ഇടമാണെന്നും തിരുവനന്തപുരം ഒരു സുന്ദര ലൊക്കേഷനാണെന്നും കിം പറഞ്ഞത് ഇപ്പോഴും മാധ്യമപ്രവർത്തകരുടെ ഓർമയിലുണ്ട്. 

തന്റെ സിനിമയിലെ വയലൻസിനെക്കുറിച്ച് കിം അന്നു പറഞ്ഞത് ഇങ്ങനെയാണ് :

വയലൻസും ഒരർഥത്തിൽ സൗന്ദര്യമാണ്. യഥാർഥ ജീവിതമാണു ഞാൻ ചിത്രീകരിക്കുന്നത്. ഇതു വാക്കുകൊണ്ടു പറയാൻ പറ്റുന്നതല്ല. ജീവിതത്തെ നിറങ്ങൾ കൊണ്ടു വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. നിഴലും വെളിച്ചവും പോലെ. വെളുപ്പ് സമം കറുപ്പ് എന്നാണ് എന്റെ വ്യാഖ്യാനം.

കിം കി ഡൂക്കിനെക്കുറിച്ച് ആയിരക്കണക്കിനു വ്യാഖ്യാനങ്ങളാണു മലയാളി സൃഷ്‌ടിച്ചിരിക്കുന്നത്. അദ്ദേഹത്തെ മജീഷ്യനായി ചിലർ കരുതുന്നു. സെൻ ബുദ്ധിസ്‌റ്റായി ചിലർ കരുതുന്നു. ‘അയ്യോ! ഞാൻ ഇതു രണ്ടുമല്ല’ എന്ന് അദ്ദേഹവും പറയുന്നു.

2005 ൽ രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിച്ച കിം കി ഡൂക്ക് റിട്രോസ്‌പെക്‌ടീവ് ആണു കേരളത്തിൽ നല്ല സിനിമകളുടെ ആസ്വാദകർക്കിടയിൽ കിമ്മിനെ താരമാക്കിയത്. ഇരിക്കാൻ നിലത്തെങ്കിലും ഇത്തിരി സ്ഥലം കിട്ടിയാൽ ഭാഗ്യം...ഓരോ വർഷവും കിമ്മിന്റെ  സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ ഇതായിരുന്നു മേളയുടെ സ്ഥിതി. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ അസ്സഹനീയമായ ക്രൂരതയും രക്തച്ചൊരിച്ചിലും ലൈംഗിക അതിപ്രസരവും താങ്ങാനാകാതെ പലരും തലകറങ്ങി വീണു, ചിലർ കരഞ്ഞു, പിന്നെയും ചിലർ തിയറ്റർ വിട്ടോടി. മനസ്സാന്നിധ്യമുള്ളവർ പിടിച്ചിരുന്നു, അവർ കിം കി ഡുക്കിനെ നെഞ്ചോടു ചേർത്തു .

തന്നെ ഒന്നു കാണാൻ വേണ്ടി തിക്കിത്തിരക്കിയവരെക്കണ്ട് അദ്ഭുതസ്തബ്ധനായി നിന്നു പോയിട്ടുണ്ട് കിം. 

ലോകത്തിന്റെ ഒരു മൂലയ്ക്ക് കിടക്കുന്ന ഒരു സംസ്ഥാനത്ത് തനിക്ക് ഇത്രയേറെ ആരാധകരോ? ഇംഗ്ലിഷ് പോലും ദ്വിഭാഷിയുടെ സഹായത്തോടെ കൈകാര്യം ചെയ്യുന്ന കിം പക്ഷേ, കേരളത്തിലെ ചലച്ചിത്രപ്രേമികളുടെ സ്നേഹത്തിന്റെ ഭാഷയ്ക്കു മുന്നിൽ വിനീതനായിപ്പോയതും അതുകൊണ്ടാണ്.

2016 ൽ കിമ്മിന്റെ ‘ദ് നെറ്റ്’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിരുന്നു. 2018 ൽ ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ എന്ന ചിത്രവുമൊരുക്കി. 2019 ൽ പുറത്തിറങ്ങിയ ‘ഡിസോൾവ്’ ആണ് അവസാന ചിത്രം.

English Summary: Kim Ki Duk huge fan base in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com