ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു കേരളത്തിൽ ‘മേയാ‍ൻ’ കഴിയില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏജൻസികളുടെ വഴിവിട്ട നീക്കങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ കത്തയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുമെന്നാണു പ്രതീക്ഷിക്കുന്നത്. 

സിഎജി ഉൾപ്പെടെയുള്ളവയുടെ ഓഡിറ്റിങ്ങിനു വിധേയമായ ഫയലുകൾ മൊത്തമായി ഏജൻസികൾ പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ല. സ്വർണക്കടത്തുകേസ് പ്രതികൾ രക്ഷപ്പെട്ടാലും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ സംശയനിഴലിൽ നിർത്തണമെന്ന മട്ടിലാണ് ഇപ്പോഴത്തെ അന്വേഷണരീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

‘നശീകരണ  കൂട്ടുകെട്ട് ’

∙ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കു സമനില തെറ്റിയാലുള്ള അവസ്ഥയിലാണു യുഡിഎഫ് എന്നു മുഖ്യമന്ത്രി. യുഡിഎഫും ബിജെപിയും തമ്മിലുള്ളതു നശീകരണ കൂട്ടുകെട്ടാണ്. ലൈഫ് മിഷൻ അടക്കമുള്ളവ പിരിച്ചുവിടുമെന്ന യുഡിഎഫ് കൺവീനറുടെ പ്രഖ്യാപനം ഈ കൂട്ടുകെട്ടിന്റെ ഉൽപന്നമാണ്. കേന്ദ്ര ഏജൻസികൾ വേട്ടയാടിയ നേതാക്കളെ കോൺഗ്രസ് തള്ളിപ്പറഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

തെളിവുകൾ വച്ച് രവീന്ദ്രനെതിരെ  ഒന്നും ചെയ്യാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ തെളിവുകളുടെ അടിസ്ഥാനത്തിൽ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെതിരെ അന്വേഷണ ഏജൻസികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണു വിശ്വാസമെന്നു മുഖ്യമന്ത്രി. അന്വേഷണവുമായി ബന്ധപ്പെട്ടു രവീന്ദ്രന് ഏതെങ്കിലും തരത്തിലുള്ള ഭയപ്പാടുണ്ടെന്നു തോന്നുന്നില്ല. ഒഞ്ചിയത്തു സിപിഎമ്മിൽ നിന്നു നേരത്തെ തെറ്റിപ്പിരിഞ്ഞുപോയ ഒരു വിഭാഗം കെട്ടിച്ചമച്ച ആരോപണങ്ങളിലൊന്നാണു രവീന്ദ്രനെതിരെയുള്ളത്. അന്വേഷിച്ചിട്ട് ഏജൻസികൾക്ക് എന്തു തെളിവാണു കിട്ടിയതെന്ന് അവർ വ്യക്തമാക്കണം. ആരോഗ്യപ്രശ്നങ്ങൾ മാറുന്ന മുറയ്ക്ക് രവീന്ദ്രൻ അന്വേഷണ ഏജൻസികൾക്കു മുൻപിൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Pinarayi Vijayan against central agencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com