ADVERTISEMENT

കോഴിക്കോട് ∙ തൃക്കോട്ടൂർ ദേശ ജീവിതത്തിന്റെ ചൂരും ചൂടും കഥകളിൽ പകർന്ന യു.എ.ഖാദർ (85) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സയിലായിരുന്നു. ചിത്രകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നോവലുകളും കഥകളുമടക്കം എഴുപതിലേറെ പുസ്തകങ്ങൾ എഴുതി. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും നേടി.

കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജിനു സമീപം ‘അക്ഷര’ത്തിലായിരുന്നു താമസം.1935 നവംബർ 16ന് ബർമയിലെ (മ്യാൻമർ) മോൺ സ്റ്റേറ്റിൽ ബില്ലിൻ ഗ്രാമത്തിൽ കൊയിലാണ്ടി ഉസ്സങ്ങാന്റകത്തു മൊയ്തീൻകുട്ടിയുടെയും ബർമക്കാരി മാമൈദിയുടെയും മകനായി ജനിച്ച ഖാദർ 7–ാം വയസ്സിലാണു പിതാവിനൊപ്പം കൊയിലാണ്ടിയിലെത്തിയത്. സ്കൂൾ പഠനകാലം മുതൽ കഥകളെഴുതാൻ തുടങ്ങി. പഴയ കുറുമ്പ്രനാട് ദേശത്തെ കാവുകളുടെയും തോറ്റങ്ങളുടെയും പുരാവൃത്തങ്ങളും ഏറെ എഴുതി.

1984 ൽ ‘തൃക്കോട്ടൂർ പെരുമ’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും 2009 ൽ ‘തൃക്കോട്ടൂർ നോവെല്ലകൾ’ക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. മറ്റു മുഖ്യകൃതികൾ: അഘോരശിവം, കഥപോലെ ജീവിതം, ഒരുപിടി വറ്റ്, വായേ പാതാളം, മേശവിളക്ക്, കലശം, ഒരു പടകാളിപ്പെണ്ണിന്റെ ചരിതം, പന്തലായനിയിലേക്ക് ഒരു യാത്ര, ഖുറൈശിക്കൂട്ടം, ഓർമകളുടെ പഗോഡ (യാത്രാവിവരണം), കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും.

പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡന്റും കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ ഭാരവാഹിയുമായിരുന്നു. ആരോഗ്യവകുപ്പു ജീവനക്കാരനായി വിരമിച്ചു.

ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഫിറോസ്, കബീർ, അദീപ്, സറീന, സുലേഖ. മരുമക്കൾ: കെ.സലാം (ബേബി കെയർ), സഗീർ അബ്ദുല്ല (ദുബായ്), സുബൈദ, ഷെരീഫ, റാഹില. 

ഇന്നു രാവിലെ 9ന് പട്ടാളപ്പള്ളിയിൽ ജനാസ നമസ്കാരം. തുടർന്ന് 10ന് ടൗൺഹാളിൽ പൊതുദർശനത്തിനുശേഷം തിക്കോടിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടത്തുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 

Content Highlights: UA Khader passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com