ADVERTISEMENT

കോഴിക്കോട് ∙ ‘ദാ ഇങ്ങോട്ട് നോക്കിക്കോളിൻ, ഈ ചീനക്കാര് എന്ന് മ്മള് പറയുന്ന വർഗം ഇദ് പോലെയാ.. കണ്ടില്ലേ പതിഞ്ഞ മൂക്ക്.. .. ഖാദറിനെപ്പോലെ തന്നെ’ – ഒരിക്കൽ ക്ലാസിൽ മാഷ് ഭൂമിശാസ്ത്രം പഠിപ്പിച്ചു പഠിപ്പിച്ച് ചൈനയിലെത്തിയപ്പോൾ വന്നു നിന്നത് യുഎ. ഖാദറിലാണ്. ചീനക്കാദറായി മാറിയ ആ കണ്ണീരോർമ പോലെ പലതും ആദ്യകാലത്തു ഖാദറിനു നേരിടേണ്ടി വന്നിട്ടുണ്ട്. 

കാഴ്ചയിൽ മലയാളിത്തം ഇല്ലാത്ത യു.എ. ഖാദർ എങ്ങനെ തനി നാട്ടുമലയാളത്തിൽ ഇന്ദ്രജാലം കാട്ടിയെന്ന് അതിശയിക്കുന്നവരുണ്ടാകും. ബർമയിൽ തൊഴിൽതേടിപ്പോയ കൊയിലാണ്ടിക്കാരൻ ഉസ്സങ്ങാന്റകത്ത് മൊയ്തീൻ കുട്ടിക്ക് ബർമക്കാരി മാമൈദിയിൽ പിറന്നവനാണു ഖാദർ. മാമൈദിയുടെ മുഖച്ഛായയാണു ഖാദറിനു ലഭിച്ചത്. പ്രസവിച്ച് വൈകാതെ മാതാവു മരിച്ചു. സ്വർണപ്പണിക്കാരായ ബുദ്ധമത വിശ്വാസികളായിരുന്നു മാമൈദിയുടെ കുടുംബം. 5 വയസ്സുവരെ മാതാവിന്റെ അനുജത്തി നോക്കാനുണ്ടായിരുന്നു. പിന്നീടു ബാപ്പയുടെ കൂടെ വഴിവാണിഭ സംഘത്തോടൊപ്പം ഉത്സവപ്പറമ്പുകളിലേക്കും ചന്തകളിലേക്കുമുള്ള യാത്രകളിലായി. 

രണ്ടാം ലോക യുദ്ധം കാരണമാണു ഖാദർ നാട്ടിലെത്തിയത്. യുദ്ധകാലത്തു ബർമയിൽ നിന്ന് എല്ലാം ഇട്ടെറിഞ്ഞുള്ള ഓട്ടത്തിനിടെ, രോഗം ബാധിച്ച് അവശനിലയിലായ കുഞ്ഞിനെ ചിറ്റഗോങ്ങിലെ അഭയാർഥിക്യാംപിൽ ഉപേക്ഷിക്കാൻ കൂട്ടുകാർ നിർബന്ധിച്ചെങ്കിലും മൊയ്തീൻകുട്ടി കൂട്ടാക്കിയില്ല. 

ഭാഷ വശമില്ലാത്തതിനാലും രൂപംകൊണ്ടും ഖാദറിന് ഒറ്റപ്പെടലായിരുന്നു ആദ്യമൊക്കെ. ബർമ ടാപ്പും ചീനക്കാദറുമൊക്കെയായിരുന്നു മറ്റു കുട്ടികൾക്കു ഖാദർ. ഉമ്മാമ (ബാപ്പയുടെ ഉമ്മ)യായിരുന്നു ആകെയുള്ള ആശ്വാസം. ‘ഓൻ ഞമ്മളെ ഈടത്തെ കുട്ട്യോളെപ്പോലെയല്ലെ’ന്നു പറഞ്ഞ് നോമ്പു നോൽക്കുന്നതിൽക്കൂടി ഖാദറിന് ഉമ്മാമ ഇളവു നൽകി. 

കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽനിന്ന് പത്താംക്ലാസ് പാസായ ശേഷം മദ്രാസ് കോളജ് ഓഫ് ഫൈൻ ആർട്സിൽ ചേർന്നു പഠിച്ചെങ്കിലും പൂർത്തിയാക്കിയില്ല. 

കമ്യൂണിസ്റ്റ് പാർട്ടി പ്രസിദ്ധീകരണമായിരുന്ന പ്രപഞ്ചം വാരികയിൽ സബ് എഡിറ്ററായി അൽപകാലം ജോലി ചെയ്തു. പിന്നീടു തൊഴിൽതേടി ബെംഗളൂരു, ചെന്നൈ, ലക്നൗ എന്നിവിടങ്ങളിൽ കറങ്ങി. ഭൂദാനപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ ഖാദർ രാഷ്ട്രീയത്തിലും സജീവമായിരുന്നു.  

അവസാനകാലത്തെ ശാരീരിക അവശതകൾക്കിടയിലും എഴുത്തിൽ സജീവമായിരുന്നു. മലയാള മനോരമ വാർഷികപ്പതിപ്പ് ഉൾപ്പെടെ 2020ലെ ഓണം വിശേഷാൽപ്രതികളിലും കഥകൾ പ്രസിദ്ധീകരിച്ചു.

എവിടെയാണ് തൃക്കോട്ടൂർ 

ഖാദറിന്റെ തട്ടകങ്ങളിലൊന്നായ കോഴിക്കോട്ടെ തിക്കോടിയാണു തൃക്കോട്ടൂരായി അദ്ദേഹം കഥകളിൽ അടയാളപ്പെടുത്തിയത് എന്നു കരുതുന്നവരുണ്ട്. പക്ഷേ, വടക്ക് ചന്ദ്രഗിരിപ്പുഴയ്ക്കും തെക്ക് കോരപ്പുഴയ്ക്കുമിടയിലെ മുഴുവൻ ദേശങ്ങളുമാണു തന്റെ തൃക്കോട്ടൂർ എന്നു കഥാകാരൻ തന്നെ പറഞ്ഞിട്ടുണ്ട്. 

 

Content Highlights: UA Khader 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com