ADVERTISEMENT

തിരുവനന്തപുരം∙ വെള്ളായണിയിൽ പാറപ്പൊടി ഇറക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്നും കയ്യേറ്റം ഭയന്നാണു നിർത്താതെ പോയതെന്നും മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപ് ലോറി ഇടിച്ചു മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലോറി ഡ്രൈവർ പേരൂർക്കട വഴയില സ്വദേശി ജോയി(50). പ്രദീപ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷം നിർത്താതെ പോയ ടിപ്പർ ലോറിയെയും ഡ്രൈവറെയും ഇന്നലെ ഉച്ചയ്ക്ക് 2.30ന് ഈഞ്ചക്കൽ ഭാഗത്തു നിന്നാണു കസ്റ്റഡിയിലെടുത്തത്. അപകടം നടന്ന നേമം കാരക്കാമണ്ഡപത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ലോറി കണ്ടെത്തിയത്.

ലോറി ഡ്രൈവറുടെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണെന്നു ഫോർട്ട് എസി പ്രതാപചന്ദ്രൻ നായർ അറിയിച്ചു. അപകട സമയത്തു ലോറിയിലുണ്ടായിരുന്ന ജീവനക്കാരനെയും ചോദ്യം ചെയ്യും.

അപകടത്തിനു മുൻപും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. തിരുവനന്തപുരം ഭാഗത്തു നിന്നു പള്ളിച്ചലിലേക്കു പോവുകയായിരുന്ന പ്രദീപിന്റെ സ്കൂട്ടറിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15ന് ആണ് പിന്നാലെ എത്തിയ ലോറി ഇടിച്ചത്. അപകടത്തിനു തൊട്ടു മുൻപുള്ള ക്യാമറാ ദൃശ്യങ്ങളിൽ പ്രദീപിന്റെ സ്കൂട്ടർ ഇടതു വശത്തെ ട്രാക്കിലൂടെയും 100 മീറ്ററോളം പിന്നിലായി ലോറി വലതു വശത്തെ ട്രാക്കിലൂടെയും പോകുന്നതു കാണാം.

joy-driver
ജോയി

ലോറിക്കു തൊട്ടു മുന്നിലായി മറ്റൊരു ബൈക്കുമുണ്ട്. വലതു ട്രാക്കിൽ നിന്ന് ഇടത്തേക്കു മാറിയാണ് ലോറി സ്കൂട്ടറിൽ ഇടിക്കുന്നത്. റോഡിന്റെ മധ്യത്തേക്കു മറിഞ്ഞു വീണ പ്രദീപിന്റെ തലയിലൂടെ ലോറി കയറുകയായിരുന്നു. അപകടം നടന്ന ശേഷം ലോറി നിർത്താതെ അതിവേഗത്തിൽ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പല സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ലോറിയുടെ നമ്പർ തിരിച്ചറിഞ്ഞത്. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോഴും ഈഞ്ചക്കൽ ഭാഗത്ത് ഓട്ടത്തിലായിരുന്നു ലോറി.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പ്രദീപിന്റെ മൃതദേഹം പ്രസ് ക്ലബ്ബിൽ പൊതു ദർശനത്തിനു വച്ചു.

വീടായ പള്ളിച്ചൽ ഗോവിന്ദ ഭവനിലേക്കു കൊണ്ടു പോയ മൃതദേഹം വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. പല വാർത്താ ചാനലുകളിലും അവതാരകനായിരുന്ന പ്രദീപ് ഭാരത് ലൈവ് എന്ന ഓൺലൈൻ ന്യൂസ് ചാനൽ നടത്തുകയായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ ഉൾപ്പെടെ നൽകിയ വാർത്തകളെ തുടർന്നു പ്രദീപിന്റെ ജീവനു ഭീഷണിയുണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.

English Summary: Kerala journalist SV Pradeep death: Driver taken into custody, truck seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com