ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്ത പിണറായി പഞ്ചായത്തിലെ എടക്കടവ് വാർഡിൽ സിപിഎം ജയിച്ചു. 

പിണറായി പഞ്ചായത്തിലെ 19 വാർഡും എൽഡിഎഫിനാണ്. 

അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ട് ചെയ്ത ചെന്നിത്തല പഞ്ചായത്തിലെ 14–ാം വാർഡിലും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വോട്ടു ചെയ്ത   കോഴിക്കോട് അഴിയൂർ പഞ്ചായത്ത് 11ാം വാർഡിലും എൽഡിഎഫ് ജയിച്ചു. 

മറ്റു വിഐപി വാർഡുകളിലെ ഫലം ഇങ്ങനെ:

 ഉമ്മൻ ചാണ്ടി: പുതുപ്പള്ളി പഞ്ചായത്ത് 16–ാം വാർഡിൽ യുഡിഎഫ്

 എ.വിജയരാഘവൻ: തൃശൂർ കോർപറേഷനിലെ കാനാട്ടുകര വാർഡിൽ സിപിഎം

 കെ.സുരേന്ദ്രൻ: കോഴിക്കോട് അത്തോളി പഞ്ചായത്ത് ഒന്നാം വാർഡിൽ എൻഡിഎ

 കോടിയേരി ബാലകൃഷ്ണൻ: തലശ്ശേരി നഗരസഭയിലെ മീത്തലെ കോടിയേരി വാർഡിൽ സിപിഎം.

 എം.എ. ബേബി: തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഎം

 എസ്. രാമചന്ദ്രൻപിള്ള: തിരുവനന്തപുരം കുന്നുകുഴിയിൽ കോൺഗ്രസ്

 കെ.സി.വേണുഗോപാൽ: ആലപ്പുഴ നഗരസഭ 11–ാം വാർഡിൽ യുഡിഎഫ്

 എം.എം. ഹസൻ: തിരുവനന്തപുരം ജഗതിയിൽ ബിജെപി

 ഒ രാജഗോപാൽ: തിരുവനന്തപുരം കവടിയാറിൽ കോൺഗ്രസ്

 വി. മുരളീധരൻ: തിരുവനന്തപുരം ഉള്ളൂരിൽ എൽഡിഎഫ്

 കുമ്മനം രാജശേഖരൻ: തിരുവനന്തപുരം ഫോർട്ടിൽ ബിജെപി സ്വതന്ത്രൻ

∙ കാനം രാജേന്ദ്രൻ: കോട്ടയം വാഴൂർ 15–ാം വാർഡിൽ യുഡിഎഫ്

∙ പി.െക. കുഞ്ഞാലിക്കുട്ടി: മലപ്പുറം നഗരസഭയിലെ ഭൂതാനം കോളനിയിൽ ലീഗ്

∙ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ യുഡിഎഫ്

∙ എം.വി. ശ്രേയാംസ്കുമാർ: കൽപറ്റ നഗരസഭയിലെ പുളിയാർമലയിൽ എൽജെഡി

∙ പി.ജെ. ജോസഫ്: ഇടുക്കി പുറപ്പുഴ പഞ്ചായത്ത് നാലാം വാർഡിൽ ജോസഫ് വിഭാഗം

∙ ജോസ് കെ.മാണി: പാലാ അരുണാപുരത്ത് കേരള കോൺഗ്രസ് (എം)

∙ പി.ശ്രീരാമകൃഷ്ണൻ: പെരിന്തൽമണ്ണ നഗരസഭയിലെ ജെഎൻ റോഡ് 27ൽ ലീഗ്

‘കൂറുമാറി’ പാർട്ടി ആസ്ഥാനങ്ങൾ

സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബിജെപിയുടെയും ആസ്ഥാനം ഉൾപ്പെടുന്ന വാർഡുകളിൽ വിജയം മറ്റുള്ളവർക്ക്.എകെജി സെന്റർ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം കോർപറേഷനിലെ കുന്നുകുഴി വാർഡിൽ സിപിഎം മേയർ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന കോളജ് അധ്യാപക സംഘടനാ നേതാവ് എ.ജി. ഒലീന കോൺഗ്രസിലെ മേരി പുഷ്പത്തോടു തോറ്റു.

കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനുള്ള ശാസ്തമംഗലം വാർഡിൽ ബിജെപിയുടെ മധുസൂദനൻ നായർ ജയിച്ചു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന ഇവിടെ കോൺഗ്രസ് രണ്ടാമതെത്തി.ബിജെപി, സിപിഐ സംസ്ഥാന ആസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്ന തൈക്കാട് വാർഡിൽ സിപിഎമ്മിലെ ജി. മാധവദാസ് ജയിച്ചു.

മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസായ ലീഗ് ഹൗസ് ഉൾപ്പെടുന്ന കോഴിക്കോട് കോർപറേഷനിലെ മൂന്നാലിങ്ങലിൽ പാർട്ടി സ്ഥാനാർഥി കെ.റംലത്ത് തന്നെ ജയിച്ചു.

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി രണ്ടാമത്

തിരുവനന്തപുരം കോർപറേഷനിലും ആറ്റിങ്ങൽ നഗരസഭയിലും ബിജെപി നയിക്കുന്ന എൻഡിഎ രണ്ടാമതെത്തി. വിളപ്പിൽ, ബാലരാമപുരം, ഒറ്റശേഖരമംഗലം എന്നീ പഞ്ചായത്തുകളിലും ബിജെപി രണ്ടാം സ്ഥാനം നേടി.

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ രണ്ടാമതെത്തി. 49 ഡിവിഷനുകളിൽ 15 എണ്ണം ബിജെപി ‌നേടി. കഴിഞ്ഞവട്ടത്തെക്കാൾ 3 സീറ്റ് അധികം. എൽഡിഎഫ് 25, യുഡിഎഫ് 8. കൊച്ചി കോർപറേഷനിൽ 5 ഡിവിഷൻ നേടി. കഴിഞ്ഞവട്ടം 2 സീറ്റായിരുന്നു.

കൊല്ലം കോർപറേഷനിൽ 14 ഡിവിഷനുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി. 2 ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലും രണ്ടാമതെത്തി.

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ നഗരസഭയിലും 7 പഞ്ചായത്തുകളിലും എൻഡിഎ രണ്ടാമതെത്തി. ചെങ്ങന്നൂർ നഗരസഭയിൽ എൻഡിഎ 7 സീറ്റ് നേടി. എൽഡിഎഫ് മൂന്നാം സ്ഥാനത്തും (2 സ്വതന്ത്രർ അടക്കം 3 സീറ്റ്).

ബിജെപി രണ്ടാമതെത്തിയ ആലപ്പുഴയിലെ പഞ്ചായത്തുകൾ: (ബ്രാക്കറ്റിൽ സീറ്റുകളുടെ എണ്ണം): ചെട്ടികുളങ്ങര പഞ്ചായത്ത് (6) ഒറ്റ സീറ്റുമായി യുഡിഎഫ് മൂന്നാമത്. നീലംപേരൂർ ഗ്രാമപഞ്ചായത്ത് (4), മൂന്നാം സ്ഥാനത്ത് യുഡിഎഫ്, മുളക്കുഴ ഗ്രാമപഞ്ചായത്ത് (4). മൂന്നാമത് യുഡിഎഫ്. വെൺമണി ഗ്രാമപഞ്ചായത്ത് (5), മൂന്നാം സ്ഥാനത്ത് യുഡിഎഫ്, താമരക്കുളം പഞ്ചായത്ത് (5). മൂന്നാമത് എൽഡിഎഫ്, തഴക്കര പഞ്ചായത്ത് (7). മൂന്നാമതു യുഡിഎഫ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് (6). മൂന്നാം സ്ഥാനത്ത് ഒരു സീറ്റുമായി എസ്ഡിപിഐ.

പാലക്കാട് ഷൊർണൂർ നഗരസഭയിൽ ബിജെപി രണ്ടാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്ത് പല്ലശ്ശന, പുതുപ്പരിയാരം ഡിവിഷനുകളിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ഇടതുമുന്നണി നേടിയ വാണിയംകുളം, അമ്പലപ്പാറ, അകത്തേത്തറ, കേരളശ്ശേരി ഗ്രാമപഞ്ചായത്തുകളിൽ ബിജെപി രണ്ടാം സ്ഥാനത്തു വന്നപ്പോൾ യുഡിഎഫിനു സീറ്റില്ല.

ഇടുക്കി ഇടമലക്കുടി പഞ്ചായത്തിൽ ബിജെപി രണ്ടാം സ്ഥാനത്ത്. എൽഡിഎഫ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വട്ടം എൽഡിഎഫ് ഭരിച്ച പഞ്ചായത്താണ്. 

തിരുവനന്തപുരത്ത് മുറുമുറുപ്പ് തുടങ്ങി ! 

തിരുവനന്തപുരം∙ ഭരണം പിടിക്കുമെന്ന് 3 മുന്നണികളും അവകാശവാദമുന്നയിച്ച കോർപറേഷനിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ രാഷ്ട്രീയ പാർട്ടികളിൽ പുകച്ചിൽ. മേയർ സ്ഥാനാർഥികളായി പരിഗണിച്ച രണ്ടു പ്രമുഖർ പരാജയപ്പെട്ടതും കാലടിയിൽ ഘടകകക്ഷി സ്ഥാനാർഥി നാലാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടതുമാണ് ഇടതു മുന്നണിയിലെ അസ്വാരസ്യങ്ങൾക്ക് കാരണം. അധികാരത്തിലെത്തുമെന്ന് സംസ്ഥാന തലത്തിൽ പ്രചാരണം നടത്തിയെങ്കിലും കേവല ഭൂരിപക്ഷത്തിന് അടുത്തു പോലും എത്താൻ കഴിയാത്തതാണ് ബിജെപിക്കുള്ളിലെ മുറുമുറുപ്പ്. ചരിത്രത്തിലെ എറ്റവും വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതാണ് യുഡിഎഫ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്. ചില നേതാക്കൾ വേണ്ടപ്പെട്ടവരെ കെട്ടിയിറക്കിയതാണ് ദയനീയ പരാജയത്തിലേക്കു നയിച്ചതെന്ന ആരോപണം ഉയർന്നു. 

2015 ലേതിനു സമാനമായി പ്രമുഖർ പരാജയപ്പെട്ടതാണ് സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നത്. രണ്ടും മൂന്നും തവണ ഒരു വാർഡിൽ നിന്നു മത്സരിക്കുന്നതിനെതിരെ പ്രവർത്തകർക്കിടയിലുള്ള അമർഷമാണ് നെടുങ്കാട് പ്രതിഫലിച്ചതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വാർഡിലെ താമസക്കാരിയല്ലാത്ത സ്ഥാനാർഥിയെ രംഗത്തിറക്കിയതാണ് കുന്നുകുഴിയിലെ തിരിച്ചടിക്ക് കാരണമെന്നാണ് സൂചന. അതേസമയം, സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള കാലടിയിൽ ഘടകകക്ഷി സ്ഥാനാർഥി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ ഉത്തരവാദിത്തവും ഫലത്തിൽ പാർട്ടിയുടെ ചുമലിൽ വരും. ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച ശേഷമാണ് കാലടി വാർഡ് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് നൽകിയത്. ജനറൽ വാർഡുകളിൽ വനിതകളെ മത്സരിപ്പിച്ചതിന്റെയും അവരിൽ മിക്കവരും തോറ്റതിന്റെയും ഉത്തരവാദിത്തവും ജില്ലാ നേതൃത്വത്തിന്റെ തലയിൽ വരുമെന്നതാണ് ഇടതു മുന്നണിയെ അസ്വസ്ഥമാക്കുന്നത്. 

പത്തോളം വാർഡുകളിലാണ് മുൻ കൗൺസിലർമാർ തങ്ങളുടെ അടുത്ത ബന്ധുക്കളെ മത്സരിപ്പിച്ചത്. ഇതാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടാകാ‍ൻ കാരണമെന്നാണ് ബിജെപിക്കുള്ളിലെ അടക്കം പറച്ചിൽ. കഴിഞ്ഞ കൗൺസിലിൽ അംഗങ്ങളായിരുന്ന മിക്ക കൗൺസിലർമാരും തൊട്ടടുത്ത വാർഡുകളിൽ ഇക്കുറിയും മത്സരത്തിനിറങ്ങി. അതിനു കഴിയാത്തവർ അടുത്ത ബന്ധുക്കളെ മത്സരത്തിനിറക്കി. ഇതാണ് ദേശീയ ജനാധിപത്യ സഖ്യത്തിന് തിരിച്ചടിയായത്. ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന വിമർശമാണ് ബിജെപിക്കുള്ളിൽ ഉയരുന്നത്. 

2010 ൽ 42 വാർഡുകളിലാണ് യുഡിഎഫ് പ്രതിനിധികൾ ഉണ്ടായിരുന്നത്. 2020 ആയപ്പോഴേക്ക് അംഗബലം പത്തിലേക്ക് ചുരുങ്ങിയതാണ് മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾക്ക് കാരണം. മിക്ക വാർഡുകളിലും വിമത ശല്യമുണ്ടായിരുന്നു. ഇതും ഔദ്യോഗിക സ്ഥാനാർഥികളുടെ വിജയത്തെ സ്വാധീനിച്ചു. കോവിഡ് പേടി കാരണം പരമ്പരാഗത വോട്ടുകൾ രേഖപ്പെടുത്താതെ പോയതും യുഡിഎഫിന് വിനയായെന്നാണു കരുതുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com