ADVERTISEMENT

ബെംഗളൂരു ∙ ലഹരി മരുന്നിടപാടുമായി ബന്ധമുണ്ടെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു.

ലഹരിമരുന്നുമായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഓഗസ്റ്റിൽ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, കന്നഡ സീരിയൽ നടി ഡി. അനിഖ, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവരാണ് കേസിലെ ആദ്യ 3 പ്രതികൾ. 

എൻസിബി നേരത്തെ അറസ്റ്റ് ചെയ്ത സുഹാസ് കൃഷ്ണ ഗൗഡയെ സാക്ഷിയായാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ബിനീഷിന്റെ അഭിഭാഷകൻ രഞ്ജിത് ശങ്കർ പറഞ്ഞു. അനൂപ് മുഹമ്മദ് വാടകയ്ക്ക് എടുത്തിരുന്ന കല്യാൺ നഗറിലെ റോയൽ സ്വീറ്റ്സ് അപ്പാർട്മെന്റിൽ ബിനീഷ് സ്ഥിരമായി എത്തിയിരുന്നതായും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സുഹാസ് മൊഴി നൽകിയിരുന്നു.

ബിനീഷിന്റെ അക്കൗണ്ടിൽ കണ്ടെത്തിയ കണക്കിൽപ്പെടാത്ത പണം ലഹരി ഇടപാടിലൂടെ സമ്പാദിച്ചതാണെന്നും ബെനാമിയായ അനൂപ് മുഹമ്മദുമായി കള്ളപ്പണ ഇടപാടു നടത്തിയതിനു തെളിവുണ്ടെന്നുമാണ് ഇഡിയുടെ വാദം. ബാങ്ക് അക്കൗണ്ടുകളിലെ പണവും ആദായനികുതി റിട്ടേണും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയ ഇഡി 2012-19 വരെയുള്ള 5.17 കോടി രൂപയുടെ വരുമാനത്തിൽ 3.95 കോടി രൂപ കണക്കില്ലാത്തതാണെന്നും ആരോപിച്ചു. 

ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്. ജുഡീഷ്യൽ കസ്റ്റഡി ജനുവരി 6ന് അവസാനിക്കും. ജാമ്യാപേക്ഷ തള്ളിയതു ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് കുറ്റപത്രം നൽകിയത്. അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യം ലഭിക്കുന്നതു തടയാൻ കൂടിയാണിത്.

English Summary : ED submits charge sheet against Bineesh Kodiyeri

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com