ADVERTISEMENT

കൊച്ചി ∙ യഥാർഥ ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ അക്കൗണ്ടിലേക്കു സ്ഥിരം സംഭാവന നൽകാത്തവരെ കുടിശിക ഒന്നിച്ച് അടച്ച് ഉയർന്ന പെൻഷൻ ക്ലെയിം ചെയ്യാൻ അനുവദിക്കുന്നതു ശരിയാണോ എന്നു സംശയമുന്നയിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഈ നിയമപ്രശ്നം ഫുൾ ബെഞ്ചിന്റെ പരിഗണനയ്ക്കു റഫർ ചെയ്തു.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ചാണു ജസ്റ്റിസ് എ.എം.ഷഫീഖ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ റഫറൻസ് ഉത്തരവ്. പിഎഫ് പെൻഷൻ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെങ്കിലും വിഷയം ഫുൾ ബെഞ്ചിനു വിടാൻ തടസ്സമില്ലെന്നു വിലയിരുത്തിയാണു നടപടി. കുടിശിക ഒന്നിച്ച് അടച്ച് ഉയർന്ന പെൻഷൻ ക്ലെയിം ചെയ്യാൻ അനുവദിക്കുന്നതു പിഎഫ് സ്കീമിനു വിരുദ്ധമാണെന്ന് ഉത്തരവിൽ പറയുന്നു. ‘ശശികുമാർ കേസി’ൽ മറ്റൊരു ഡിവിഷൻ ബെ‍ഞ്ച് ഇത് അനുവദിച്ചതു പുനഃപരിശോധിക്കേണ്ടതാണെന്നും പറഞ്ഞു.

‘‘സ്ഥിരം സംഭാവനയിലൂടെ ഫണ്ട് വളർച്ചയ്ക്കു സഹായിച്ചവരെ അതു ചെയ്യാത്തവർക്കു തുല്യമായി കണക്കാക്കുന്നതു ശരിയല്ല. കോർപസ് ഫണ്ട് ചോരുന്നത് അനുവദിച്ചുകൂടാ. യഥാർഥ ശമ്പളത്തിന് ആനുപാതികമായി ഫണ്ടിലേക്കു സ്ഥിരം സംഭാവന ചെയ്യുന്ന ആയിരക്കണക്കിനു ജീവനക്കാരെ അതു ദോഷകരമായി ബാധിക്കും’’– റഫറൻസ് ഉത്തരവിൽ കോടതി അഭിപ്രായപ്പെട്ടു.

അതേസമയം, പിഎഫ് ഓർഗനൈസേഷൻ പെൻഷനു പരിഗണിക്കാവുന്ന ശമ്പളത്തിന്റെ പരമാവധി നിശ്ചയിച്ചിട്ടുള്ളതു തീർത്തും അപര്യാപ്തമാണെന്നും, പെൻഷൻകാർക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അതു തികയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. (പെൻഷനു കണക്കാക്കുന്ന പരമാവധി ശമ്പളം പുതുക്കിയ ശേഷം 15,000 രൂപയാക്കിയിരുന്നു.) ഫണ്ട് ലഭ്യത ഉൾപ്പെടെ മാനിച്ച് ഇക്കാര്യം കേന്ദ്രസർക്കാർ പരിഗണിക്കേണ്ടതാണെന്നു കോടതി പറഞ്ഞു.

Content Highlights: PF pension case in Kerala HC

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com