ADVERTISEMENT

തിരുവനന്തപുരം ∙ മുതിർന്ന പൗരന്മാർക്കു സർക്കാർ സേവനം വീടുകളിൽ ലഭ്യമാക്കുന്നതുൾപ്പെടെ 10 പദ്ധതികൾ കൂടി മുഖ്യമന്ത്രി പിണറായി വിജയൻ പുതുവത്സര ദിനത്തിൽ പ്രഖ്യാപിച്ചു. 2 ഘട്ടമായി പ്രഖ്യാപിച്ച, 100 ദിവസം വീതമുള്ള പദ്ധതികൾക്കു പുറമേയാണിത്.

∙ മുതിർന്ന പൗരന്മാർ സർക്കാ‍ർ ആനുകൂല്യങ്ങൾ ലഭിക്കാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും ഓഫിസുകളിൽ ഹാജരാകുന്നത് ഒഴിവാക്കും. വിജ്ഞാപനം 10നകം. മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫിലെ സഹായം, ജീവൻരക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘട്ടത്തിലെ സേവനങ്ങൾ. ക്രമേണ എല്ലാ സേവനങ്ങളും വീട്ടിലെത്തിക്കും.

∙  65 വയസ്സിനു മുകളിലുള്ളവർക്കും (പ്രത്യേകിച്ച്, മറ്റുള്ളവരുടെ സഹായം ലഭ്യമല്ലാത്തവർ), ഭിന്നശേഷിക്കാർക്കും ഭവന സന്ദർശനത്തിലൂടെ സർക്കാർ സേവനങ്ങളുടെ ആവശ്യം മനസ്സിലാക്കി ലഭ്യമാക്കുന്ന പരിപാടി. ഇത് 15 ന് ആരംഭിക്കും.

∙  വിദ്യാർഥി പ്രതിഭാ ധനസഹായ പദ്ധതി: വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിൽ മികച്ച മാർക്കോടെ ബിരുദപഠനം പൂർത്തിയാക്കുന്ന 1000 വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ സഹായം. രാജ്യാന്തര പ്രശസ്തരുമായി ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് ആശയവിനിമയം നടത്താൻ എമിനന്റ് സ്കോളേഴ്സ് ഓൺലൈൻ പരിപാടി ഈ മാസം മുതൽ.

∙ അഴിമതിമുക്ത കേരളം പദ്ധതി: സർക്കാർ രൂപീകരിക്കുന്ന അതോറിറ്റിക്കു കീഴിൽ 26 ന് ആരംഭിക്കും. അഴിമതി സംബന്ധിച്ച പരാതി/വിവരം സോഫ്റ്റ്‌വെയറിലൂടെ അറിയിക്കാം.

∙  കുട്ടികൾക്കിടയിലെ ആത്മഹത്യാ പ്രവണത ചെറുക്കാ‍ൻ പദ്ധതി: 1024 സ്കൂൾ കൗൺസലർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. മാസത്തിൽ 2 തവണ ബ്ലോക്ക് തലത്തിൽ രക്ഷിതാക്കൾക്കു കൗൺസലിങ്. സ്കൂളുകളിൽ 20 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന ക്രമത്തിൽ നിരീക്ഷണം. പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി ഓൺലൈൻ കൺസൽറ്റേഷൻ.

∙  കുട്ടികളുടെ ആരോഗ്യ സുരക്ഷ: 10–18 പ്രായപരിധിക്കാരിൽ വിളർച്ച (അനീമിയ) ഉള്ളവരെ ഫെബ്രുവരി 15നകം കണ്ടെത്തും; തുടർന്ന് പോഷകാഹാരമെത്തിക്കും.

∙  ഗ്രീൻ റിബേറ്റ്: പ്രകൃതിസൗഹൃദ ഗാർഹിക നിർമാണങ്ങൾക്ക് ആദ്യം ഒറ്റത്തവണയായി അടയ്ക്കുന്ന കെട്ടിട നികുതിയിൽ നിശ്ചിത ശതമാനം ഇളവ്. 

∙ സത്യമേവ ജയതേ: ഇന്റർനെറ്റിനെയും സമൂഹമാധ്യമങ്ങളെയും നിയന്ത്രിക്കുന്ന നിയമങ്ങളും മാനദണ്ഡങ്ങളും അറിയാനും തെറ്റായ വിവരങ്ങൾ തിരിച്ചറിയാനും ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി.

∙ എല്ലാ വില്ലേജുകളിലും പ്രഭാത-സായാഹ്ന സവാരിക്കും കുട്ടികൾക്കു കളിക്കാനും ഫെബ്രുവരിയോടെ പൊതു ഇടം. 

∙ മടങ്ങിവന്ന പ്രവാസികൾക്കു ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള സർക്കാർ രേഖകൾ അപേക്ഷിച്ചു 15 ദിവസത്തിനകം.

Content Highlights: Special govt service for senior citizens in Kerala

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com