ADVERTISEMENT

തിരുവനന്തപുരം ∙ കേരളകോൺഗ്രസ് (എം) എൽഡിഎഫിന്റെ ഭാഗമായത് മുന്നണിയുടെ പൊതുസ്വീകാര്യതയ്ക്കു സഹായകരമായെന്നു സിപിഎം സംസ്ഥാനകമ്മിറ്റി വിലയിരുത്തി. മധ്യകേരളത്തിലെ യുഡിഎഫിന്റെ ന്യൂനപക്ഷ കോട്ടകൾ കീഴടക്കാനായതു രാഷ്ട്രീയ ബലാബലത്തിലെ നിർണായക മാറ്റമായി സിപിഎം കണക്കാക്കുന്നു.

കോട്ടയം ജില്ലാ പഞ്ചായത്തും ഭൂരിപക്ഷം ബ്ലോക്ക്പഞ്ചായത്തുകളും നേടാനായത് റിപ്പോർട്ടിൽ എടുത്തുപറഞ്ഞു. പത്തനംതിട്ട, ഇടുക്കി ജില്ലാ പഞ്ചായത്തുകൾ വിജയിക്കാൻ കഴിഞ്ഞതും നേട്ടമായി വിലയിരുത്തി. ന്യൂനപക്ഷ വിഭാഗങ്ങൾക്കു സിപിഎമ്മിനോടുള്ള അകൽച്ച ഒഴിവാക്കാൻ കേരളകോൺഗ്രസിന്റെ (എം) മുന്നണി പ്രവേശം സഹായകരമായി എന്നാണു പാർട്ടി നിഗമനം.

യുഡിഎഫിന്റെ വെൽഫെയർ പാർട്ടി ബന്ധം ഭൂരിപക്ഷ വിഭാഗങ്ങൾക്കൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളിലും അവർക്കു തിരിച്ചടിച്ചു. സ്വർണക്കടത്തു കേസ് മുൻനിർത്തിയുള്ള യുഡിഎഫിന്റെ പ്രചാരണം ജനം നിരാകരിച്ചു.

യുഡിഎഫ് വോട്ട് ചോർച്ച ചില കേന്ദ്രങ്ങളിൽ ബിജെപിക്കു ഗുണകരമായി. ബിജെപി സംസ്ഥാനത്താകെ സ്ഥിരതയുള്ള വളർച്ച പ്രദർശിപ്പിക്കുന്നില്ല. സ്വാധീന മേഖലകൾ കേന്ദ്രീകരിച്ചുള്ള വളർച്ചയാണ് അവർക്കുള്ളത്. ഹൈന്ദവ ഭൂരിപക്ഷ വിഭാഗങ്ങളിൽ ബിജെപിക്കു സ്വീകാര്യത വർധിച്ചു വരുന്നതു കരുതലോടെ കാണണമെന്ന അഭിപ്രായവും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായി.

ആലപ്പുഴ, വയനാട്, പത്തനംതിട്ട ജില്ലകളിൽ ചില വിഭാഗീയ പ്രശ്നങ്ങൾ തലപൊക്കിയെന്ന നിഗമനമുണ്ട്. മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങളും റിപ്പോർട്ടിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com