ADVERTISEMENT

കൊച്ചി ∙ ‘പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ കൃത്രിമത്തിനെതിരെ മാതൃകാപരമായി പ്രതിഷേധിക്കാനാണു കാപ്പിറ്റോൾ മന്ദിരത്തിനു മുന്നിലെത്തിയത്. എന്നാൽ, കരുതിക്കൂട്ടി അക്രമം നടത്തിയ അൻപതോളം പേർ പ്രക്ഷോഭത്തിന്റെ ഉദ്ദേശ്യശുദ്ധി നശിപ്പിച്ചു. മാന്യമായി ജീവിക്കുന്ന ഞാൻ കലാപകാരിയല്ല, ഇനിയൊട്ട് ആകുകയുമില്ല.’ പറയുന്നത് കാപ്പിറ്റോൾ പ്രക്ഷോഭത്തിൽ ഇന്ത്യൻ ദേശീയ പതാകയുമായി പങ്കെടുത്തു വിവാദത്തിലായ കൊച്ചി ചമ്പക്കര സ്വദേശി വിൻസന്റ് സേവ്യർ പാലത്തിങ്കൽ. റിപ്പബ്ലിക്കൻ പാർട്ടി വെർജീനിയ സ്റ്റേറ്റ് കമ്മിറ്റിയംഗം കൂടിയാണ് വിൻസന്റ്.

vincent
വിൻസന്റ്

‘ഈ അക്രമം കൊണ്ടു ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും ദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഉയരമുള്ള മതിലിൽ പിടിച്ചുകയറി കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ കടന്ന അക്രമികളുടെ രീതി തന്നെ അവർ പരിശീലനം നേടിയവരാണെന്നു തെളിയിക്കുന്നു. മുന്നൊരുക്കങ്ങളോടെയാണ് അവ‍ർ എത്തിയത്’–വിൻസന്റ് പറയുന്നു.പ്രക്ഷോഭത്തിൽ ഇന്ത്യൻ പതാകയുമായി എത്തിയതെന്തിനെന്ന ചോദ്യത്തിനു വിൻസന്റിന്റെ മറുപടി ഇങ്ങനെ. ‘ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ആളുകൾ യുഎസിലുണ്ട്. വിയറ്റ്നാം, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കൻ പതാകയ്ക്കൊപ്പം അവരുടെ രാജ്യത്തിന്റെ പതാകയും കൊണ്ടാണു പ്രതിഷേധത്തിനെത്തിയത്. മുൻപു നാട്ടിൽനിന്നു കൊണ്ടുവന്ന ദേശീയ പതാക ഞാനും കൊണ്ടുപോയി’. ഇന്ത്യയെയോ ദേശീയചിഹ്നങ്ങളെയോ അപമാനിക്കുകയെന്നതു സ്വപ്നത്തിൽപ്പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണെന്നും വിൻസന്റ് പറയുന്നു.

5 മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള 10 പേർ തനിക്കൊപ്പമുണ്ടായിരുന്നെന്ന് വിൻസന്റ് പറഞ്ഞു. 28 വർഷം മുൻപു ഉന്നതപഠനത്തിനാണു വിൻസന്റ് സേവ്യർ യുഎസിലെത്തിയതും പിന്നീടു യുഎസ് പൗരത്വം നേടിയതും.

Content Highlights: US Capitol protest 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com