ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ കേരളയാത്ര ഫെബ്രുവരി ഒന്നിന് ആരംഭിക്കും.140 നിയമസഭാ മണ്ഡലങ്ങളിൽ 22 ദിവസംകൊണ്ട് ജാഥ പര്യടനം നടത്തും. ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, പി.ജെ. ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി.പി. ജോൺ, ജി.ദേവരാജൻ, ജോൺ ജോൺ എന്നിവർ ജാഥയിൽ സ്ഥിരാംഗങ്ങളായിരിക്കും. കോൺഗ്രസിന്റെ പ്രതിനിധികളെ പിന്നീടു തീരുമാനിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സൗകര്യമുള്ള ഘട്ടത്തിലെല്ലാം ജാഥയിൽ പങ്കാളിയാകുമെന്നു യുഡിഎഫ് യോഗത്തിനുശേഷം രമേശ് ചെന്നിത്തല പറഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടുന്ന പ്രചാരണമാകും ജാഥയിൽ‍. മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കാൻ വി.ഡി.സതീശൻ കൺവീനറായി സംഘാടക സമിതിക്കു രൂപം നൽകി. പ്രകടന പത്രികയ്ക്ക് രൂപം നൽകാൻ ബെന്നി ബഹനാൻ ചെയർമാനും സി.പി.ജോൺ കൺവീനറുമായി സമിതി രൂപീകരിച്ചു. സർക്കാരിനെതിരെ 140 മണ്ഡലങ്ങളിലും 23നു ധർണ സംഘടിപ്പിക്കും. ഈ മാസം 16,17 തീയതികളിൽ യുഡിഎഫ് ജില്ലാ കമ്മിറ്റികൾ ചേർന്ന് തിരഞ്ഞെടുപ്പു സംഘടനാ പ്രവർത്തനങ്ങൾക്കു രൂപം നൽകും. 15നു യുഡിഎഫ് ജില്ലാ ചെയർമാൻമാരുടെയും കൺവീനർമാരുടെയും യോഗം തിരുവനന്തപുരത്ത് ചേരും. ജനുവരിയിൽ നിയോജക മണ്ഡലം, പഞ്ചായത്ത്, ബൂത്ത് തലങ്ങളിലെ കമ്മിറ്റികൾ യോഗം ചേരും.

സർക്കാരിനെതിരെ അതിശക്തമായ ജനവികാരമാണ് ഉള്ളതെന്നും അതു നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവർത്തനം നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിക്കുമെന്നു പി.കെ.കുഞ്ഞാലിക്കുട്ടി പറ‍ഞ്ഞു.

ആശങ്കകൾ പരിഹരിക്കും

തിരുവനന്തപുരം ∙∙ മതനിരപേക്ഷ മുഖം കൂടുതൽ പ്രകടവും സ്പഷ്ടവുമാക്കി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. മുന്നണിയുടെ മതനിരപേക്ഷ കാഴ്ചപ്പാടിൽ വെള്ളം ചേർത്തെന്ന  പ്രതീതി എൽഡിഎഫ് പരത്തിയത് യുഡിഎഫിൽ വിശ്വാസം അർപ്പിച്ച വിഭാഗങ്ങളെ തദ്ദേശ തിരഞ്ഞെടുപ്പിൽ എതിരാക്കി. ഈ  അനുഭാവ പാഠം ഉൾക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിനു സജ്ജമാകണം എന്ന വികാരം യോഗത്തിലുണ്ടായി. എൽഡിഎഫ് ഇറക്കുന്ന വർഗീയ കാർഡിനെ ഉറച്ച മതനിരപേക്ഷ മുദ്രാവാക്യം ഉയർത്തി നേരിടണം.വോട്ട് ലഭിക്കാനായി സാമുദായിക സ്പർധ സൃഷ്ടിക്കുന്നതിലേക്ക് സിപിഎം മാറിയ സ്ഥിതി യുഡിഎഫ് തിരിച്ചറിയണം. അതിനു പറ്റിയ മറുപടി ആവിഷ്കരിക്കാൻ കഴിയണം. സീറ്റ് അവകാശവാദങ്ങളിലേക്ക് യോഗം കടന്നില്ല. നിയമസഭ നടക്കുന്നതിനാൽ നേതാക്കൾ തിരുവനന്തപുരത്തുള്ള അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി സീറ്റ് വിഭജന ചർച്ചകൾ ബഹളമില്ലാതെ നടത്താനാണ് ധാരണ. പി.സി. ജോർജ്, പി.സി. തോമസ് എന്നിവരുടെയും എൻസിപിയുടെയും യുഡിഎഫിലേക്കുള്ള വരവ് യോഗം ചർച്ച ചെയ്തില്ല. 

ക്രൈസ്തവ മതമേലധ്യക്ഷന്മാരും മത, സാമുദായിക നേതാക്കളും പങ്കുവച്ച ആശങ്ക യുഡിഎഫ് ഗൗരവത്തോടെ കണ്ട് ഇടപെടുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യോഗശേഷം പറ‍ഞ്ഞു. പല രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളിൽ അവർ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. പ്രകടനപത്രികയിൽ അടക്കം ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കും.

മറ്റു വിഷയങ്ങളെക്കുറിച്ച്

∙പി.സി.ജോർജ്: യുഡിഎഫ് വിപുലീകരണം മുന്നണി യോഗം ചർച്ച ചെയ്തില്ല. ആരുടെയും അപേക്ഷ മുന്നണിയുടെ മുന്നിൽ ഇല്ല. പി.സി.ജോർജ് മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. അതിനപ്പുറം ചർച്ചകളൊന്നും നടത്തിയിട്ടില്ല. എൻസിപി ഇപ്പോൾ എൽഡിഎഫിലെ ഘടകകക്ഷിയാണ്. അത്തരം പാർട്ടിയെക്കുറിച്ച് യുഡിഎഫ് ചർച്ച ചെയ്യേണ്ട കാര്യമില്ല.

∙മുഖ്യമന്ത്രി സ്ഥാനാർഥി: മുഖ്യമന്ത്രി സ്ഥാനാർഥിയെ നേരത്തേ നിശ്ചയിക്കുന്ന രീതി യുഡിഎഫിനില്ല. ഭൂരിപക്ഷം ലഭിക്കുമ്പോൾ കോൺഗ്രസിൽ ആരു മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. കേരള പര്യടന ജാഥ നയിക്കുന്നത് മുഖ്യമന്ത്രി സ്ഥാനാർഥി ആയതു കൊണ്ടല്ല. പ്രതിപക്ഷനേതാവ്, യുഡിഎഫ് ചെയർമാൻ എന്നീ നിലയിലുള്ള ഉത്തരവാദിത്തത്തിന്റെ പേരിലാണ് ജാഥ നയിക്കുന്നത്. ഉമ്മൻചാണ്ടി യുഡിഎഫിന്റെ മുൻനിരയിൽ തന്നെയുണ്ട്. കൂട്ടായ നേതൃത്വമാണ് മുന്നണിയുടേത്. സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യതയ്ക്കാണു മുഖ്യപരിഗണന. യുവാക്കൾക്കും സ്ത്രീകൾക്കും മതിയായ പരിഗണന ലഭിക്കും.

രാജ്യസഭാ സീറ്റ്കേരള കോൺഗ്രസിന് തന്നെ

തിരുവനന്തപുരം ∙ ജോസ് കെ.മാണി രാജിവച്ച രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിനു തന്നെ നൽകാൻ എൽഡിഎഫിൽ ധാരണ. 

നേരത്തേ എം.പി. വീരേന്ദ്രകുമാർ രാജിവച്ച ഒഴിവ് എൽജെഡിക്കു തന്നെ കൈമാറിയ മാതൃക കേരള കോൺഗ്രസിന്റെ കാര്യത്തിലും പാലിക്കണമെന്ന അഭിപ്രായമാണ് സിപിഎമ്മിനുള്ളത്. സിപിഐയും ഇതിനെ അനുകൂലിക്കുന്നു. എൽഡിഎഫിലെ ഔദ്യോഗിക ചർച്ച വിജ്ഞാപനം വന്നശേഷം ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com