ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ എൻസിപി ഭിന്നതയ്ക്ക് അയവില്ല. പാലാ അടക്കം കഴി‍ഞ്ഞ തവണ മത്സരിച്ച 4 സീറ്റും ലഭിച്ചേ തീരൂവെന്നു പീതാംബരൻ മുഖ്യമന്ത്രിയോടു വ്യക്തമാക്കി. ഇക്കാര്യത്തിൽ തനിക്കു മാത്രമായി മറുപടി നൽകാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരുമായി കൂടിയാലോചിച്ചു തീരുമാനിക്കാം. നീണ്ടുപോകുമോ എന്നു ചോദിച്ചപ്പോൾ എൻസിപിയെ വിവരം അറിയിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സിറ്റിങ് സീറ്റായ പാലാ കേരള കോൺഗ്രസിനു വിട്ടുനൽകാൻ കഴിയില്ല എന്നതിൽ മാണി സി.കാപ്പനും എൻസിപിയും കടുംപിടിത്തം തുടരുന്ന സാഹചര്യത്തിലാണ് പീതാംബരനെ മുഖ്യമന്ത്രി തലസ്ഥാനത്തേക്കു വിളിച്ചത്. നിയമസഭാ സമുച്ചയത്തിലെ മുഖ്യമന്ത്രിയുടെ മുറിയിൽ ഇരുവരും കണ്ടു. അൽപനേരത്തെ ചർച്ചയ്ക്കുശേഷം, മറുപക്ഷത്തു നിൽക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രനെയും വിളിച്ചുവരുത്തി. അടിയന്തരമായി ഗുവാഹത്തിക്കു പോകേണ്ടി വന്നതിനാൽ മാണി സി.കാപ്പൻ ചർച്ചകളിൽ പങ്കെടുത്തില്ല. 

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി ശശീന്ദ്രന്റെ മുറിയിലേക്കു പോയ പീതാംബരൻ അദ്ദേഹവുമായി ചർച്ച തുടർന്നു. വിവരങ്ങൾ തുടർന്ന് ഫോണിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ അറിയിച്ചു. കേരളത്തിലേക്കുള്ള വരവിന്റെ കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനം അറിയിക്കാമെന്നു പവാർ അറിയിച്ചു. അടുത്ത ഞായറാഴ്ച പവാറോ പ്രഫുൽ പട്ടേലോ എത്താൻ സാധ്യതയുണ്ട്.

സിറ്റിങ് സീറ്റുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നു മാധ്യമങ്ങളോട് പീതാംബരൻ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചർച്ച ക്രിയാത്മകമായിരുന്നു. സീറ്റുകളുടെ കാര്യത്തിൽ അദ്ദേഹം ഉറപ്പു പറഞ്ഞിട്ടില്ല. കേരള കോൺഗ്രസ് അത്ര വലുതോ സ്വാധീനമുള്ളതോ ആയ പാർട്ടിയാണ് എന്ന അഭിപ്രായമില്ല. മുന്നണിയിലേക്ക് അവർ വരുന്നതിന്റെ പേരിൽ തങ്ങളുടെ സിറ്റിങ് സീറ്റ് തന്നെ വിട്ടുകൊടുക്കണം എന്നില്ലല്ലോ എന്നു പീതാംബരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com