ADVERTISEMENT

തിരുവനന്തപുരം ∙ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ 1% സെസിന്റെ കാലാവധി ജൂലൈ 31നു നിർത്തലാക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. ഇതോടെ സ്വർണം, വാഹനങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി വിലയേറിയ ഉൽപന്നങ്ങളുടെ വില കുറയും. ഇപ്പോൾ പ്രതിമാസം 70 കോടി മുതൽ 80 കോടി രൂപ വരെയാണ് സെസ് ഇനത്തിൽ സർക്കാരിനു ലഭിക്കുന്നത്. 

ജൂലൈയോടെ ആകെ സെസ് വരുമാനം 2000 കോടിയിലെത്തും. 12%, 18%, 28% ജിഎസ്ടി നിരക്കുള്ള എല്ലാ ഉൽപന്നങ്ങൾക്കും ഇപ്പോൾ സെസുണ്ട്. 3% ജിഎസ്ടിയുള്ള സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമാണു സെസ്. 0%, 5% ജിഎസ്ടി നിരക്കുള്ള ഉൽപന്നങ്ങളെയും ഒന്നരക്കോടി വരെ വിറ്റുവരവുള്ള അനുമാന നികുതിക്കാരായ വ്യാപാരികളെയും സെസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടിക്കു പുറത്തുള്ള പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന എന്നിവയ്ക്കും സെസ് ഇല്ല. 

സെസ് ഒഴിവാക്കുന്നതോടെ ഒരു പവൻ സ്വർണത്തിന് 90 രൂപയോളവും 5 ലക്ഷം രൂപ വിലയുള്ള കാറിന് 5000 രൂപയോളവും കുറയും. കേരളത്തിൽ മാത്രമാണ് ഇപ്പോൾ പ്രളയ സെസ് ഉള്ളത്. നികുതി ഒഴിവാക്കിയുള്ള അടിസ്ഥാന വിലയ്ക്കു മേലാണു സെസ് ഇപ്പോൾ ഇൗടാക്കുന്നത്.

വില കുറയുന്നവ 

വാഹനങ്ങൾ, സ്വർണം, വെള്ളി, ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൈക്രോവേവ് അവ്ൻ, മിക്സി, വാട്ടർ ഹീറ്റർ, ഫാൻ, പൈപ്പ്, മെത്ത, മൊബൈൽ ഫോൺ, ലാപ്ടോപ്, കംപ്യൂട്ടർ, ക്യാമറ, മരുന്നുകൾ, 1000 രൂപയ്ക്കു മേലുള്ള തുണിത്തരങ്ങൾ, കണ്ണട, ചെരിപ്പ്, ബാഗ്, സിമന്റ്, പെയിന്റ്, മാർബിൾ, സെറാമിക് ടൈൽ, ഫർണിച്ചർ, വയറിങ് കേബിൾ, ഇൻഷുറൻസ്, സിനിമാ ടിക്കറ്റ്.

വ്യവസായമേഖലയ്ക്ക് തിരിച്ചടി

കൊച്ചി ∙ കോവിഡ് മൂലം പ്രതിസന്ധിയിലായ മേഖലയുടെ തിരിച്ചുവരവിനു സഹായിക്കുന്ന പദ്ധതികൾ ബജറ്റിൽ ഇല്ലെന്നു വ്യവസായ ലോകം വിലയിരുത്തുന്നു. കേരളത്തിലെ ഒന്നരലക്ഷം ചെറു വ്യവസായ യൂണിറ്റുകളിൽ 30 ശതമാനവും കോവിഡ് മൂലം പീഡിത യൂണിറ്റുകളായി മാറിക്കഴിഞ്ഞു. ചെറുകിട യൂണിറ്റുകൾ അടക്കം വ്യവസായ മേഖലയിലെ എല്ലാ പീഡിത യൂണിറ്റുകളുടെയും തിരിച്ചുവരവിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 11 കോടി രൂപ മാത്രമാണ്. അതേസമയം, ചെറു വ്യവസായങ്ങൾക്കു വേണ്ടിയുള്ള പശ്ചാത്തല വികസനത്തിനായി 38 കോടി മാറ്റിവച്ചിട്ടുമുണ്ട്. നിലവിലെ വ്യവസായ യൂണിറ്റുകൾ ചക്രശ്വാസംവലിക്കുമ്പോൾ പുതിയ യൂണിറ്റുകളിലേക്കു നിക്ഷേപം വരുന്നതെങ്ങനെയെന്നു മേഖലയിലുള്ളവർ ചോദിക്കുന്നു.

ചെറുകിട മേഖലയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ലെന്നു കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ചെയർമാൻ എം. ഖാലിദ് പറഞ്ഞു. പരമ്പരാഗത വ്യവസായത്തെ പാടേ അവഗണിച്ചെന്നു കയറ്റുമതി വ്യവസായി സുരേഷ് നിലമേൽ കുറ്റപ്പെടുത്തി.

എൽഎൻജി വില കുറയും

ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എൽഎൻജി) മൂല്യവർധിത നികുതി 14.5 ശതമാനത്തിൽനിന്ന് 5% ആയി കുറയ്ക്കാനുള്ള ബജറ്റ് നിർദേശം വ്യവസായ, ഗാർഹിക മേഖലകൾക്കു ഗുണകരം. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പാചക ആവശ്യത്തിനു ലഭ്യമാക്കുന്ന പ്രകൃതിവാതകത്തിനും (പിഎൻജി) വാഹന ഇന്ധനത്തിനും (സിഎൻജി) വില കുറയും. ഒരു മെട്രിക് മില്യൻ ബ്രിട്ടിഷ് തെർമൽ യൂണിറ്റിനു (എംഎംബിടിയു) വാറ്റ് ഉൾപ്പെടെ 243 രൂപയാണു വില. ഒരു കുടുംബത്തിന് ഒരു മാസത്തെ ഉപയോഗത്തിന് ഏകദേശം ഇത്രയും വാതകം മതിയാകും. നിലവിലെ നികുതി 35 രൂപ. പുതിയ നിർദേശപ്രകാരം നികുതി 12.15 രൂപയായി കുറയും. നികുതി കുറഞ്ഞതു സിഎൻജി ഉപയോക്താക്കൾക്കും നേട്ടമാകും. നിലവിൽ 56 രൂപയാണ് ഒരു കിലോഗ്രാം സിഎൻജിയുടെ വില. ഇനിയത്, ഏകദേശം 51.50 രൂപയായി കുറയും.

ലീറ്ററിന് 25 രൂപയ്ക്കു മണ്ണെണ്ണ

തിരുവനന്തപുരം ∙ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു മണ്ണെണ്ണ ലീറ്ററിന് 25 രൂപ നിരക്കിൽ ലഭ്യമാക്കുമെന്നു ബജറ്റ് പ്രഖ്യാപനം. 60 കോടി രൂപ സബ്സിഡിക്കായി വകയിരുത്തി. ചെറുകിട ഇൻബോർഡ് യന്ത്രവൽകൃത വള്ളങ്ങളുടെ ഇന്ധന സബ്സിഡിക്കായി 10 കോടി. ബോട്ടുകളിലെ 10 വർഷത്തിലേറെ പഴക്കമുള്ള മണ്ണെണ്ണ എൻജിനുകൾ മാറ്റി പെട്രോൾ എൻജിനാക്കാൻ സബ്സിഡി നൽകും.

1500 കോടി രൂപ മത്സ്യമേഖലയിൽ ചെലവഴിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com