ADVERTISEMENT

തിരുവനന്തപുരം ∙ കൂടുതൽ ക്ഷേമ നടപടികളും വേതന വർധനയും തൊഴിൽ, വികസന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്. 100 രൂപ കൂടി വർധിപ്പിച്ച് എല്ലാ ക്ഷേമ പെൻഷനുകളും ഏപ്രിൽ ഒന്നു മുതൽ 1600 രൂപയാക്കി. 3 ലക്ഷം അഭ്യസ്തവിദ്യരുൾപ്പെടെ 8 ലക്ഷം പേർക്ക് അടുത്ത സാമ്പത്തിക വർഷം തൊഴിലവസരം സൃഷ്ടിക്കുമെന്നും പ്രഖ്യാപനം. 

ഈ സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി ഇന്നലെ അവതരിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ അവതരിപ്പിച്ച ബജറ്റിൽ, 5 വർഷം കൊണ്ട് 20 ലക്ഷം പേർക്കെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ ലഭ്യമാക്കുന്ന വിപുല പദ്ധതിയും പ്രഖ്യാപിച്ചു. ഇതിന്റെ റജിസ്ട്രേഷൻ അടുത്ത മാസം മുതൽ. 

ഭക്ഷണം

∙ ഭക്ഷ്യക്കിറ്റ് വിതരണം തുടരും. 

∙ നീല, വെള്ള റേഷൻ കാർഡുള്ള 50 ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ അരി വീതം 15 രൂപയ്ക്കു ലഭ്യമാക്കും. 

∙ വിശപ്പുരഹിത കേരളം പദ്ധതിയിലെ ആയിരത്തിലേറെ ന്യായവില ഹോട്ടലുകൾക്ക് അരിയും പലവ്യഞ്ജനങ്ങളും സബ്സിഡി നിരക്കിൽ

∙ ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ; വിപണിയിലെ ഇടപെടലിന് 230 കോടി രൂപ 

∙ ഹോട്ടലുകൾ, പല‍ചരക്കു കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവയ്ക്ക് ഔദ്യോഗിക റേറ്റിങ് നൽകും

പാർപ്പിടം

∙ ലൈഫ് മിഷനിൽ ഒന്നര ലക്ഷം വീടുകൾ കൂടി നിർമിക്കും. ഇതിൽ ഏതാണ്ട് 60,000 വീടുകൾ പട്ടിക വിഭാഗക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും. 

∙ ഹൗസിങ് ബോർഡ് വഴി നടപ്പാക്കുന്ന ഗൃഹ‍ശ്രീ പദ്ധതിക്ക് 20 കോടി

∙ വീട്ടുപകരണങ്ങൾ വാങ്ങാൻ കെഎസ്എഫ്ഇ വഴി സ്മാർട് കിച്ചൻ ചിട്ടി. കുടുംബശ്രീ വഴിയാണെങ്കിൽ ഈട് വേണ്ട. 

തൊഴിൽ

∙ 5 വർഷംകൊണ്ട് 20 ലക്ഷം പേർക്കു ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ

∙ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ 3 ലക്ഷം പേർക്കു കൂടി തൊഴിൽ

∙ കയർ മേഖലയിൽ 10,000 തൊഴിൽ കൂടി

∙ നഗര തൊഴിലുറപ്പു പദ്ധതിയിൽ (അയ്യങ്കാളി പദ്ധതി) വിദഗ്ധ വിദ്യാഭ്യാസം നേടിയ യുവാക്കളെയും ഉൾപ്പെടുത്തും; ഇവർക്കു ജോലി നൽകുന്ന സംരംഭകർക്ക് തൊഴിലുറപ്പുകൂലി സബ്സിഡിയായി നൽകും. 

∙ തിരിച്ചെത്തുന്ന പ്രവാസികൾക്കായി 100 കോടിയുടെ തൊഴിൽ പദ്ധതി

∙ പട്ടികവിഭാഗ യുവജ‍നങ്ങൾക്കു പ്ലേ‍സ്മെന്റ് നൽകുന്ന പദ്ധതി പ്രകാരം 2500 പേർക്കു തൊഴിൽ

∙ ആരോഗ്യ വകുപ്പിൽ 4000 തസ്തിക സൃഷ്ടിക്കും

∙ 1000 കോളജ് അധ്യാപകരെ നിയമിക്കും. 

∙ വിധവകൾ, അവിവാഹിതരായ അമ്മമാർ, മാറാരോഗികളുടെ ഭാര്യമാർ എന്നിവർക്കു സ്വയംതൊഴിൽ പരിപാടിക്കു 18 കോടി രൂപ.

വേതനം

∙ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും ഏപ്രിൽ മുതൽ പരിഷ്കരിക്കും. 

∙ ആശ വർക്കർമാരുടെ അലവൻസ് 1000 രൂപ കൂട്ടി.

∙ അങ്കണവാടി അധ്യാപകർക്കു പ്രതിമാസ പെൻഷൻ 2000 രൂപ; ഹെൽപ്പർമാർക്ക് 1500 രൂപ. ഇവരുടെ പ്രതിമാസ അലവൻസ് 500 – 1000 രൂപ കൂട്ടി.  

∙ എല്ലാ സ്കൂളുകളിലും കൗൺസലർമാർ; ഇവരുടെ ഓണറേറിയം 24,000 രൂപയാക്കി.

∙ സർക്കാർ സ്കൂളുകളിലെ പ്രീ-പ്രൈമറി അധ്യാപകർക്കും ആയമാർക്കും അലവൻസ് 500 – 1000 രൂപ കൂട്ടി. 

∙ പാചകത്തൊഴിലാളികളുടെ പ്രതിദിന അലവൻസ് 50 രൂപ വീതം കൂട്ടി

∙ കുടുംബശ്രീ സിഡിഎസ് ചെയർപഴ്സൻമാരുടെ ഓണറേറിയം 8000 രൂപയാക്കി

∙ സിഡിഎസ് അംഗങ്ങൾക്ക് യാത്രച്ചെലവായി മാസം 500 രൂപ വീതം. 

∙ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയത്തിൽ 1000 രൂപ വർധന.

∙ കയർ പിരി മേഖലയിൽ തൊഴിലാളികളുടെ വരുമാനം സബ്സിഡി ഇല്ലാതെ ശരാശരി 500 രൂപയായി ഉയർത്തും. 

ക്ഷേമം

∙ പ്രവാസി ക്ഷേമ പെൻഷൻ കൂട്ടി; 3000– 3500 രൂപ. 

∙ തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി അടുത്തമാസം. 75 ദിവസം തൊഴിലെടുത്തവർക്ക് ഉത്സവബത്ത നൽകും. 

∙ തൊഴിലുറപ്പ് ക്ഷേമനിധിയിൽ 60 വയസ്സ് കഴിഞ്ഞവർക്കു പെൻഷൻ (മറ്റു പെൻഷനുകൾ ഇല്ലെങ്കിൽ)

∙ ഗാർഹിക തൊഴിലാളികൾക്കുള്ള പ്രത്യേക ധനസഹായമായി 5 കോടി രൂപ.

വിദ്യാഭ്യാസം

∙ വിദ്യാശ്രീ പലിശരഹിത ലാപ്‌ടോപ് വിതരണം ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ

∙ പട്ടികവിഭാഗം/മത്സ്യത്തൊഴിലാളി/അന്ത്യോദയ കുടുംബങ്ങളിലെ കുട്ടികൾക്ക് പകുതിവിലയ്ക്ക് ലാപ്ടോപ്; മറ്റു ബിപിഎൽ വിഭാഗങ്ങൾക്ക് 25% സബ്സിഡി

∙ ഉന്നതവിദ്യാഭ്യാസ മേഖലയിൽ 3 – 5 ലക്ഷം വിദ്യാർഥികൾക്കു കൂടി പഠനസൗകര്യം

∙ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പ്രതിമാസം ഒരു ലക്ഷം രൂപ വരെ

∙ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഈ വർഷം 10% സീറ്റ് വർധന;  20,000 പേർക്ക് അധിക പഠനസൗകര്യം

 

ടെക്‌നോളജി

∙ എല്ലാ വീട്ടിലും ലാപ്ടോപ്; ദുർബല വിഭാഗക്കാർക്കു പകുതി വിലയ്ക്ക്.

∙ 20 ലക്ഷം കുടുംബങ്ങളിൽ സൗജന്യ ഇന്റർനെറ്റ് 

∙ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ കേരള ബാങ്ക്, കെഎസ്ഐഡിസി, കെഎഫ്സി, കെഎസ്എഫ്ഇ എന്നിവ ചേർന്ന് വെഞ്ച്വർ കാപ്പിറ്റൽ ഫണ്ട്; ഇതിന് 50 കോടി രൂപ. 

∙ സ്റ്റാർട്ടപ്പുകളുടെ വർക് ഓർഡറിന്റെ 90% വരെ (പരമാവധി 10 കോടി രൂപ) കെഎഫ്സി, കേരള ബാങ്ക് വഴി വായ്പ; പലിശ 10%

∙ ഇന്റർനെറ്റ് അടിസ്ഥാന സൗകര്യവികസന പദ്ധതിയായ കെ–ഫോൺ ഒന്നാം ഘട്ടം (തിരുവനന്തപുരം–പാലക്കാട് 600 ഓഫിസുകൾ) ഫെബ്രുവരിയിൽ. 

∙ വർക്ക് ഫ്രം ഹോം എളുപ്പമാക്കാൻ ബ്ലോക്ക്, മുനിസിപ്പാലിറ്റി തലത്തിൽ വർക്ക് നിയർ ഹോം സെന്ററുകൾ.

∙ 20,000 പേർക്കു തൊഴിൽ ലഭിക്കുന്ന 2500 സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. 50,000 കോടി രൂപ മുതൽമുടക്കു വരുന്ന 3 വ്യവസായ ഇടനാഴികൾ 

ദാരിദ്ര്യനിർമാർജനം

∙ കേരളത്തിൽ ദാരിദ്ര്യം തുടച്ചുനീക്കാൻ, പരമദരിദ്രരായ 5 ലക്ഷം കുടുംബങ്ങളെ കണ്ടെത്തും. ഒരു കുടുംബത്തിന് ശരാശരി 15 ലക്ഷം രൂപ വച്ച് 5 വർഷം കൊണ്ട് ആകെ 6000–7000 കോടി രൂപ ചെലവഴിക്കും

സംരംഭങ്ങൾ

∙ പുതിയ വ്യവസായ നിക്ഷേപങ്ങൾക്ക് ആദ്യത്തെ 5 വർഷം വൈദ്യുതി തീരുവ ഇളവ്

∙ വയനാട് കാപ്പി ബ്രാൻഡിന്റെ 500 ഓഫിസ് വെൻഡിങ് മെഷീനുകളും 100 കിയോസ്കുകളും കുടുംബശ്രീ വഴി സ്ഥാപിക്കും. 

∙ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളുടെ ക്ലസ്റ്ററുകൾ 

സഹായഹസ്തം

∙ കാരുണ്യ പദ്ധതിയിൽ വയോജനങ്ങൾക്ക് 1% ഇളവോടെ മരുന്നുകൾ വീട്ടിലെത്തിക്കും. 

∙ 250 തദ്ദേശ സ്ഥാപനങ്ങളിൽക്കൂടി ബഡ്സ് സ്കൂളുകൾ; ഭിന്നശേഷി ക്ഷേമത്തിന് 321 കോടി രൂപ

∙ ആദ്യത്തെ പൂർണ ബാരിയർ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയർത്തും. ഇതിനായി 9 കോടി 

ശമ്പളം, പെൻഷൻ പരിഷ്കരണം  ഏപ്രിൽ മുതൽ

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം ഏപ്രിൽ മുതൽ നടപ്പാക്കും. പെൻഷൻ പരിഷ്കരണവും ഏപ്രിൽ മുതൽ. ശമ്പള കുടിശിക 3 ഗഡുക്കളായി പിന്നീടു നൽകും. ജീവനക്കാർക്കു 2 ഗഡു ഡിഎ നൽകാനുള്ളതിൽ ആദ്യ ഗഡു ഏപ്രിൽ മുതൽ അനുവദിക്കും. രണ്ടാം ഗഡു ഒക്ടോബറിൽ. കുടിശിക പിഎഫിൽ ലയിപ്പിക്കും.

മെഡിസെപ് 2021-22 ൽ നടപ്പാക്കും. ശമ്പള പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് ഈ മാസം അവസാനം ലഭിക്കുമെന്നും ബജറ്റിൽ പറയുന്നു. 

റബറിന് തറവില 170 രൂപ

തിരുവനന്തപുരം ∙ ഏപ്രിൽ ഒന്നു മുതൽ റബറിന്റെ തറവില 150 രൂപയിൽ നിന്നു 170 രൂപ ആക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. നാളികേരത്തിന്റെ സംഭരണവില 27 ൽ നിന്നു 32 രൂപയാക്കും; നെല്ലിനു 28 രൂപ. വയനാട്ടിലെ കാപ്പിക്കും താങ്ങുവില വരും. ബ്രാൻഡഡ് കോഫിക്കായി സംഭരിക്കുന്ന കാപ്പിക്കുരുവിനു കിലോയ്ക്കു 90 രൂപ തറവില. റബർ ‘ഉൽപാദന ബോണസ്’ (തറവില) 20 രൂപ കൂട്ടിയതിന്റെ പ്രയോജനം 7 ലക്ഷത്തോളം ചെറുകിട കർഷകർക്കു ലഭിക്കും. റബർ അധിഷ്ഠിത വ്യവസായ മേഖലയ്ക്കും ഇത് ആശ്വാസമാകും. 

വില എത്ര ഇടിഞ്ഞാലും കർഷകന് ഇനി കിലോയ്ക്ക് 170 രൂപ കിട്ടും. വിപണിയിലെ വിലയും തറവിലയും തമ്മിലുള്ള വ്യത്യാസം സർക്കാർ ധനസഹമായി കർഷകരുടെ അക്കൗണ്ടിൽ എത്തും.

ബജറ്റ് സമ്പൂർണം; പക്ഷേ, അൽപായുസ്സ്

തിരുവനന്തപുരം ∙ സമ്പൂർണ ബജറ്റാണ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. എങ്കിലും തിരഞ്ഞെടുപ്പിനു ശേഷം ഏതു സർക്കാർ അധികാരത്തിൽ വന്നാലും പുതിയ ബജറ്റ് വരും. 

എൽഡിഎഫിനു തുടർ ഭരണം കിട്ടിയാലും പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമെന്ന് ഇന്നലെ ബജറ്റ് അവതരണ ശേഷം മന്ത്രി തോമസ് ഐസക് പറഞ്ഞു. ‘ഈ ബജറ്റിലെ നിർദേശങ്ങൾ പുതിയ ബജറ്റിന് അടിത്തറയായിരിക്കും. ഇതിന് ഊന്നൽ കൊടുത്തു കൊണ്ടു പുതിയ ബജറ്റ് വരും’– മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com