ADVERTISEMENT

കണ്ണൂർ∙ സിപിഎമ്മിനകത്തെ വലതുപക്ഷ വ്യതിയാനത്തിനെതിരെ പാർട്ടിക്കകത്ത് കലാപക്കൊടിയുയർത്താൻ വി.എസ്.അച്യുതാനന്ദന്റെ വലംകയ്യായി നിന്ന ബർലിൻ കുഞ്ഞനന്തൻ നായർ പറയുന്നു. ‘‘ പിണറായി വിജയനെ കാണണം, മാപ്പുപറയണം.’’–  പ്രത്യയശാസ്ത്ര തർക്കങ്ങളുടെ പേരിൽ ഉയർത്തിയ വിമർശനം വ്യക്തിപരമായി പോയെന്ന തോന്നലിലാണ് പിണറായിയോടു മാപ്പു ചോദിക്കണമെന്ന നിലപാടിലെത്തിയതെന്നും ബർലിൻ വ്യക്തമാക്കുന്നു. 

‘‘ പിണറായി വിജയനുമായി എനിക്കു വ്യക്തിപരമായ ഭിന്നതയൊന്നുമില്ല. പിണറായിയെ കാണണമെന്നു തോന്നുന്നുണ്ട്. കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും. കഴിഞ്ഞ  ദിവസവും അദ്ദേഹത്തിന്റെ നിയമസഭയിലെ പ്രസംഗം കേട്ടിരുന്നു. എനിക്ക് ഇപ്പോൾ പിണറായിയെ കാണണമെന്നു തോന്നുന്നുണ്ട്. ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും.’’– കുഞ്ഞനന്തൻ നായർ പറയുന്നു. നാറാത്തെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ് 96 വയസ്സ് പിന്നിട്ട കുഞ്ഞനന്തൻ നായർ.  രണ്ടു കണ്ണുകൾക്കും ഇപ്പോൾ കാഴ്ചയില്ലെങ്കിലും പത്രം വായിച്ചു കേൾക്കാനും ടിവി കേട്ട് രാഷ്ടീയ സംഭവ വികാസങ്ങൾ അറിയാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട് കുഞ്ഞനന്തൻ നായർ. 

പാർട്ടിയിൽ ഉന്നത സ്ഥാനത്തൊന്നും ആയിരുന്നില്ലെങ്കിലും മുതിർന്ന നേതാക്കളുമായി ദീർഘകാല ബന്ധമുണ്ടായിരുന്നു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ചർച്ചയാക്കും വിധം അദ്ദേഹം എഴുതിയ പൊളിച്ചെഴുത്ത്  എന്ന പുസ്തകം ഏറെ വിവാദമായിരുന്നു. അച്ചടക്ക ലംഘനത്തിന്റെ പേരിൽ സിപിഎം നാറാത്ത് ബ്രാഞ്ച് കമ്മിറ്റി കുഞ്ഞനന്തൻ നായരെ പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. പിന്നീട് സിപിഎമ്മുമായുള്ള പിണക്കം മാറി അനുനയത്തിൽ പോകുന്ന കുഞ്ഞനന്തൻ നായരെ സഹായിക്കുന്നതു പ്രദേശത്തെ പാർട്ടി പ്രവർത്തകർ തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com