തിരുവനന്തപുരം ∙ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കൽ ഓരോ വ്യക്തിയുടെയും കടമയായി കാണണമെന്ന് യുഎന്‍ ആഭിമുഖ്യത്തിലുള്ള ലോക ഭക്ഷ്യ പദ്ധതി (വേള്‍ഡ് ഫുഡ് പ്രോഗ്രാം) ഡപ്യൂട്ടി ഹെഡ് മറിക്ക ഗുഡേറിയൻ.
തനത് ഭക്ഷണ സംസ്കാരത്തെക്കുറിച്ചും ഭാവിയിൽ ഭക്ഷ്യസുരക്ഷ നേരിടാൻ പോകുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കാൻ ഇന്ത്യയും ലോകവും കൈക്കൊള്ളേണ്ട തയാറെടുപ്പുകളെ കുറിച്ചും മറിക്ക വിവരിച്ചു. 2020 ലെ നൊബേൽ സമാധാന സമ്മാനം യുഎൻ ആഭിമുഖ്യത്തിലുള്ള ലോക ഭക്ഷ്യ പദ്ധതിക്കായിരുന്നു.
കേരള ലോ അക്കാദമിയും സെന്റർ ഫോർ അഡ്വാൻസ് ലീഗൽ സ്റ്റഡീസും സംയുക്തമായി ഫുഡ് സേഫ്റ്റി ആൻഡ് എക്സ്ട്രോസ്പെക്‌ഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് കൺസ്യൂമർ കൺസേൻസ് എന്ന വിഷയത്തെ കുറിച്ച് നടത്തിയ രാജ്യാന്തര ഓൺലൈൻ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അവർ.
വെർച്വലായി സംഘടിപ്പിച്ച സമ്മേളനത്തിൽ മറിക്ക ഗുഡേറിയൻ ഉപഭോക്താക്കളുടെ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി.

ഭക്ഷ്യ സുരക്ഷയെപറ്റി ലണ്ടനിലെ കിംങ്സ് കോളജ് റിസർച്ചർ രാജേന്ദ്ര കുമാർ പട്ടേൽ ക്ലാസ്സെടുത്തു. ഡോ. അനീഷ് വി പിള്ള, പ്രഫ. ഡോ. കെ.ബി. കെംപ ഗൗഡ, പ്രഫ. ഡോ. ആഷാ സുന്ദരം, ഡോ. ജി.കൃഷ്ണകുമാർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
ലോ അക്കാദമി ജോയിന്റ് ഡയറക്ടർ അഡ്വ. നാഗരാജ് നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് പ്രഫസർ അനിൽകുമാർ, ഡോ. ദക്ഷിണ സരസ്വതി, വിദ്യ വി.വി. തുടങ്ങിയവരും പങ്കെടുത്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. കെ.ഹരീന്ദ്രൻ സ്വാഗതവും പ്രോഗ്രാം കൺവീനർ രേഷ്മ സോമൻ എൻ നന്ദിയും രേഖപ്പെടുത്തി.