ADVERTISEMENT

കൊല്ലം/കോട്ടയം ∙ എഐസിസിയുടെ പുതിയ തീരുമാനങ്ങൾ ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരം അല്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇക്കാര്യം പൂർണ അർഥത്തിൽ മാധ്യമങ്ങളിൽ വന്നിട്ടില്ല. കൂട്ടായ നേതൃത്വത്തിനുള്ള അംഗീകാരമാണിത്. കേരള നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടു പോകും. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം മാത്രമാണു ലക്ഷ്യം. ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എ.സി.ജോസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നരേന്ദ്രമോദി സർക്കാരിനെതിരെ ദേശീയ തലത്തിൽ കോൺഗ്രസ് തിരിച്ചുവരുന്നതിന്റെ തുടക്കം കേരളത്തിൽ നിന്നായിരിക്കണം. അതിനുള്ള അവസരമായി നിയമസഭാ തിരഞ്ഞെടുപ്പിനെ കാണണം. എൽഡിഎഫ് സർക്കാർ 5 വർഷം പൂർത്തിയാകാറായപ്പോഴല്ലേ സൗജന്യ റേഷനും മറ്റും നൽകിയതെന്നും ഉമ്മൻചാണ്ടി ചോദിച്ചു. കിറ്റ് കൊടുക്കലല്ല ദാരിദ്ര്യ നിർമാർജനം. 

കഴിഞ്ഞ യുഡിഎഫ് സർക്കാർ ആദ്യ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി മുഴുവൻ ബിപിഎൽ കുടുംബങ്ങൾക്കും സൗജന്യമായി അരി വിതരണം ചെയ്തു. ഇടതുസർക്കാർ അതു നിർത്തലാക്കി. എപിഎൽ കുടുംബങ്ങൾക്കു കേന്ദ്രസർക്കാർ നൽകുന്ന അരിയുടെ വിലയിൽ നിന്ന് ഇപ്പോൾ 2 രൂപ കൂട്ടിയാണ് ഇവിടെ വാങ്ങുന്നത്. ലൈഫ് മിഷന്റെ പേരിൽ ഇടതുമുന്നണി സർക്കാർ 2 ലക്ഷം വീടു നിർമിച്ചപ്പോൾ യുഡിഎഫിന്റെ കാലഘട്ടത്തിൽ വിവിധ വകുപ്പുകളിലൂടെ 4,21,000 വീടുകളാണ് നിർമിച്ചത്.  

സംസ്ഥാനത്തെ എല്ലാ സമുദായ നേതാക്കളുമായും കോൺഗ്രസിനു നല്ല ബന്ധമാണുള്ളതെന്ന് ഉമ്മൻ ചാണ്ടി കോട്ടയത്തു പറഞ്ഞു. ഡിസിസി നേതൃയോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മേൽനോട്ട തന്ത്രരൂപീകരണ സമിതിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എഐസിസി നടത്തും.

English Summary: Oommen Chandy statement about AICC decisions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com