അപൂർവങ്ങളിൽ അപൂർവം, പക്ഷേ പതിവു ഗതി !

Kerala-Assembly
SHARE

അപൂർവങ്ങളിൽ അപൂർവമായ പ്രമേയം പരിഗണിക്കുമ്പോൾ അസാധാരണങ്ങളിൽ അസാധാരണമായ രംഗങ്ങൾ സ്വാഭാവികം . സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രമേയം സഭ പരിഗണിച്ചപ്പോൾ അതു തന്നെ സംഭവിച്ചു. ഇത്തരം പ്രമേയം സഭ ചർച്ചയ്ക്കെടുക്കുന്നത് മൂന്നാം തവണയാണ്. പ്രമേയത്തിന് അതിന്റെ പതിവു ഗതി തന്നെ വന്നു – തള്ളി. 

എം. ഉമ്മർ അവതരിപ്പിച്ച പ്രമേയത്തിന് തടസ്സവാദം ഉന്നയിച്ചത് എസ്. ശർമയാണ്. ഭരണഘടന, ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും എന്നിവയുടെ പിൻബലത്തോടെയായിരുന്നു ഇത്. പുട്ടിനു പീരയെന്ന പോലെ ഇടയ്ക്കിടെ ശക്തർ ആൻഡ് കൗളും ചേർത്തു. ലോ ഓഫ് ഡ്രാഫ്റ്റിങ് എന്താണെന്ന് ഉമ്മറിനെ പഠിപ്പിക്കാൻ ശ്രമിച്ച് മന്ത്രി ജി. സുധാകരനും ശർമയ്ക്ക് പിന്തുണ നൽകി. 

പ്രമേയം അവതരിപ്പിക്കേണ്ടി വന്നതിൽ ഉമ്മർ അതീവ ഖിന്നനാണ്. പക്ഷേ, അദ്ദേഹത്തിന് സഭയുടെ അന്തസ്സാണ് പ്രധാനം . ഇടങ്കോലിടാൻ ശ്രമിച്ച സുധാകരനോട് ഉമ്മർ കയർത്തു : ‘‘എല്ലാവർക്കും സുധാകരൻ മന്ത്രിയോട് സോഫ്റ്റ്‌കോർണർ ഉണ്ട്. എന്നു വച്ച് തലയിൽ കയറാൻ വരരുത്.’’ 

ശൂന്യതയിൽ നിന്നു വിഭൂതി സൃഷ്ടിക്കുന്ന മായാജാലക്കാരന്റെ വിദ്യയാണ് പ്രതിപക്ഷം പയറ്റുന്നതെന്നു ശർമ കുറ്റം പറഞ്ഞു. സ്പീക്കർ ആർഭാടം അലങ്കാരമാക്കുന്നുവെന്നാണ് പി.ടി. തോമസിന്റെ പരാതി. ആർഭാടത്തിനു നിർവചനം നൽകിയതു മുല്ലക്കര രത്നാകരനാണ് : ‘‘സമൂഹത്തിനു വേണ്ടി ചെയ്യുന്നതൊന്നും ആർഭാടമല്ല , വ്യക്തിപരമായി ചെയ്യുന്നതാണ് ആർഭാടം.’’

മഹാഭാരതം മുല്ലക്കരയ്ക്ക് ദൗർബല്യമാണ്. ഭീഷ്മരെയും വികർണനെയും ഉദ്ധരിച്ച് ധർമസംസ്ഥാപനം നടത്താനാണ് അദ്ദേഹം ശ്രമിച്ചത്. അതിനും ചില അവതാരങ്ങൾ വേണ്ടേ.

ചെറുതല്ലോ ചേതോഹരം എന്നു പറഞ്ഞത് കോവൂർ കുഞ്ഞുമോനു ചേരും. ദേഹം ചെറുതെങ്കിലും അതിൽ നിന്നു പുറത്തു വരുന്ന ശബ്ദത്തിന്റെ ഡെസിബെൽ വലുതാണ്. സ്പീക്കർ എംഎൽഎമാർക്ക് ചെയ്ത കാര്യങ്ങൾ എണ്ണിയെണ്ണി പറയാൻ കുഞ്ഞുമോൻ മറന്നില്ല. പേരിൽ രാമനും കൃഷ്ണനും ഉള്ളതിനാൽ സ്പീക്കർ തിരഞ്ഞെടുപ്പിൽ ശ്രീരാമകൃഷ്ണനെ പിന്തുണച്ച ഒ. രാജഗോപാൽ ഇത്തവണ ആ ഔദാര്യം കാണിക്കാതെ പ്രമേയത്തെ പിന്തുണച്ചു. 

സ്പീക്കറോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉപദേശിച്ചു. ധൂർത്തിന്റെ നാൾവഴിയും ബാക്കി പത്രവും അവതരിപ്പിച്ചാണ് ചെന്നിത്തല സ്പീക്കറെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിച്ചത്. 

പരിഹാസം മുതൽ പകർന്നാട്ടം വരെ പ്രയോഗിച്ചാണ് സ്പീക്കർ മറുപടി നൽകിയത്. പോരാത്തതിന് ഗോഡ്ഫാദറിലെ എൻ.എൻ.പിള്ളയുടെ കഥാപാത്രവും കവിതകളും എല്ലാം കടന്നു വന്നു! 

∙ ‘എന്നെ പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന പ്രമേയം ചർച്ചയ്ക്കെടുത്തതിൽ ഞാൻ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുകയാണ്. വിയോജിപ്പിന്റെ സ്വരം ഉയരാൻ പാടില്ലെന്ന സ്ഥിതി രാജ്യത്ത് പൊതുവേ നിലനിൽക്കുമ്പോൾ വിയോജിപ്പിന്റെ സ്വരം ആഘോഷിക്കുന്ന ദിവസമാണിന്ന്. പ്രമേയം വേണമെങ്കിൽ എനിക്കു തള്ളാമായിരുന്നു. പക്ഷേ നടക്കട്ടെയെന്നു വിചാരിച്ചു.’ – സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ 

English Summary: Naduthalam column about resolution against speaker sreeramakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA